രക്ഷപെടാൻ ശ്രമിച്ച ഉടുമ്പിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത് കൂറ്റൻ പരുന്ത്; ഒരു മണിക്കൂറോളം നീണ്ട പോരാട്ടം, ഒടുവിൽ?
![Eagle Rips Lizard's Eyes Apart As it Tries to Escape Eagle Rips Lizard's Eyes Apart As it Tries to Escape](https://img-mm.manoramaonline.com/content/dam/mm/mo/environment/wild-life/images/2020/10/8/eagle-rips-lizards-eyes-apart-as-it-tries-to-escape-kruger-national-park.jpg.image.845.440.jpg)
Mail This Article
കണ്ണിന് ഇമ്പമുള്ള കാഴ്ചകൾ മാത്രമല്ല കാട്ടിലേക്കുള്ള യാത്രകൾ സമമ്മാനിക്കുന്നത്. കാടിന്റെ ഉൾക്കാഴ്ചകൾ വന്യമാണ്. പലപ്പോഴും ഇരകളെ കീഴടക്കുന്ന കാഴ്ചകൾ മനസ്സിൽ നിന്നും മായാതെ നിൽക്കാറുണ്ട്. ജിറാഫിനെ വളഞ്ഞ് കീഴ്പ്പെടുത്തുന്ന സിംഹക്കൂട്ടവും, മാനിനെ വേട്ടയാടുന്ന പുള്ളിപ്പുലികളും, വൈൽഡ് ബീസ്റ്റിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തുന്ന മുതലകളുമൊക്കെ ആഫ്രിക്കൻ വനാന്തരങ്ങളിലെ പതിവു കാഴ്ചകളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദൃശ്യമാണ് ഇപ്പോൾ ക്രൂഗർ ദേശീയ പാർക്കിൽ നിന്നും പുറത്തു വരുന്നത്.
ആഫ്രിക്കയിലെ പരുന്തു വർഗങ്ങളിൽ ഏറ്റവും വലുതാണ് മാർഷ്യൽ പരുന്തുകൾ. സാവന്ന പുൽമേടുകളും മറ്റുമാണ് ഇവയുടെ വിഹാര കേന്ദ്രങ്ങൾ. ഉടുമ്പിനെ വേട്ടയാടുന്ന വലിയ പരുന്തിന്റെ ദൃശ്യമാണ് ഇപ്പോൾ ഇവിടെ നിന്നും പുറത്തുവരുന്നത്. സഫാരി ഗൈഡും ഫൊട്ടോഗ്രഫറുമായ റോഡ്നെ നോമ്പിക്കാനയാണ് ഈ അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്.
സഫാരി വാഹനത്തിൽ വിനോദ സഞ്ചാരികൾക്കൊപ്പം സിംഹക്കൂട്ടങ്ങളെ കാണാനിറങ്ങിയതായിരുന്നു റോഡ്നെയും സംഘവും. അപ്പോഴാണ് അപ്രതീക്ഷിതമായി ഈ കാഴ്ച അവരുടെ ശ്രദ്ധയിൽ പെട്ടത്. ഇടുമ്പിനെ പോലുള്ള വലിയ ഇരയെ കീഴടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. കാരണം അവ ശക്തമായി എതിർക്കാൻ കഴിവുള്ള ജീവികളാണ്. പറന്നിറങ്ങി ഉടുമ്പിനെ പിടികൂടിയ കൂറ്റൻ പരുന്ത് ഉടുമ്പിന്റെ കഴുത്തിലാണ് പിടിമുറുക്കിയത്.
ഇതിന് മുൻപ് ഇങ്ങനെയൊരു കാഴ്ച ആ വാഹനത്തിനുള്ളിലുണ്ടായിരുന്നവർ കണ്ടിട്ടുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടമായിരുന്നു സംഘം പിന്നീട് അവിടെ കണ്ടത്. പരുന്തിന്റെ കൂർത്ത നഖങ്ങൾക്കിടയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച ഉടുമ്പിനെ അതിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്താണ് പരുന്ത് പരാജയപ്പെടുത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷവും വാലിട്ടടിച്ച് രക്ഷപെടാൻ ഉടുമ്പ് ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഇരയെ പരുന്ത് ഭക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് വിനോദ സഞ്ചാരികളുടെ സംഘം അവിടെ നിന്നും അടുത്ത സ്ഥലത്തെ കാഴ്ചകൾ കാണാനായി മാറിയത്. ഇവർ 5 മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും പരുന്ത് ഇരയുമായി അവിടെത്തന്നെയുണ്ടായിരുന്നു.
English Summary: Eagle Rips Lizard's Eyes Apart As it Tries to Escape