ADVERTISEMENT

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ജസ്റ്റിസുമാരായ ആർ.മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ച് ഉത്തരവിട്ടിരുന്നു. വിജയദശമി ആഘോഷങ്ങളുടെ മുന്നോടിയായുള്ള റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതോടെ ഒക്ടോബർ ആറിന് തമിഴ്‌നാട്ടിലെ 58 കേന്ദ്രങ്ങളിൽ ആർഎസ്‌എസ്‌ റൂട്ട് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിലൊന്ന് എന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ്  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം

∙ അന്വേഷണം

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു തമിഴ്‌നാടൻ കാഴ്‌ച.  ഇന്ന് തമിഴ്നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ആർഎസ്എസ് അനുബന്ധ സംഘടനയായ പ്രജ്ഞ പ്രവാഹിന്റെ ദേശീയ കൺവീനറായ ജെ.നന്ദകുമാർ തന്റെ ട്വിറ്റർ പേജിൽ 2022 ഒക്ടോബർ ആറിന്  Trivandrum Mahanagar Route March on Vijayadashmi yesterday എന്ന തലക്കെട്ടിനൊപ്പം പങ്ക്‌വച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

കൂടുതൽ വ്യക്തതയ്ക്കായി വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും കാണാം. ഇവയ്ക്ക് കേരളത്തിലെ നിരത്തുകളിലോടുന്ന വാഹനങ്ങളുടെ നിറമാണെന്ന് ശ്രദ്ധയിൽപ്പെട്ടു. ചിത്രത്തിലുള്ള ബസ് തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ അനന്തപുരി ഫാസ്റ്റാണെന്ന് വ്യക്തമായി. കൂടാതെ തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ ബസും ചിത്രത്തിൽ കാണാം

കൂടുതൽ പരിശോധനയിൽ മറ്റൊരു വെബ്സൈറ്റിൽ വൈറൽ ചിത്രത്തിനു സമാനമായ ചിത്രം ലഭിച്ചു.തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ പേജിലാണ് ഈ ചിത്രമുള്ളത്.

ഈ ചിത്രത്തിൽ സ്ഥലത്തെക്കുറിച്ച് വ്യക്തതത നൽകുന്ന കൂടുതൽ സൂചനകൾ നൽകുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കാണാം.കടകളുടെ പേരുകളിൽ നിന്നുള്ള സൂചനകളിൽ നിന്ന് ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയിൽ തിരുവനന്തപുരത്തെ Mahatma Gandhi Rd, Overbridge, Chalai Bazaar, Pazhavangadi,എന്ന സ്ഥലത്തു നിന്നുള്ള ചിത്രമാണ് വൈറൽ പോസ്റ്റിൽ പ്രചരിക്കുന്നത്. ഇവിടെയുള്ള മേൽപ്പാലത്തിൽ നിന്ന് പകർത്തിയ ചിത്രമാണ് വൈറൽ പോസ്റ്റിലുള്ളത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ ചിത്രം തമിഴ്‌നാട്ടിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

∙ വസ്തുത

തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2022ൽ തിരുവനന്തപുരത്ത് നടന്ന റൂട്ട് മാർച്ചിന്റെ ചിത്രമാണ്. പ്രചാരണം വ്യാജമാണ്.

English Summary :This is not a picture of the RSS Root March in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com