ഇന്ത്യയ്ക്ക് ലഭിച്ചത് 15 എണ്ണം, അതിലൊന്ന് ടൊവിനോയ്ക്ക്; മിനിയുടെ പ്രത്യേക പതിപ്പ് സ്വന്തമാക്കി താരം
Mail This Article
ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത് 15 കാറുകൾ, അതിൽ ഒന്ന് ഇനി മലയാളത്തിന്റെ യുവതാരം ടൊവിനോയ്ക്ക് സ്വന്തം. ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.
സവിശേഷതകളേറെയുള്ള ഈ മിനി കൺവെർട്ടബ്ളിന് 44.90 ലക്ഷം രൂപയാണു എക്സ് ഷോറൂം വില. 38.90 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന, സാധാരണ കൂപ്പർ എസിനെ അഞ്ചു ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപതിപ്പിന്റെ വില. ഡീപ് ലാഗുന മെറ്റാലിക് നിറത്തോടെ എത്തുന്ന മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷനിൽ 17 ഇഞ്ച് അലോയ് വീലും സൈഡ്‌വോക്ക് എഡീഷൻ സ്റ്റിക്കറും ബാഡ്ജിങ്ങുമൊക്കെയുണ്ട്.
പൂർണമായും വിദേശത്തു നിർമിച്ച മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷൻ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.
പ്രകാശം പൊഴിക്കുന്ന ഡാഷ്ബോഡിനൊപ്പം സ്റ്റീയറിങ്ങിൽ സൈഡ്‌വോക്ക് എഡീഷൻ ബാഡ്ജിങ്ങും ഇടംപിടിക്കുന്നു. ഇലക്ട്രോണിക് സഹായത്തോടെ തുറക്കുകയും അടയുകയും ചെയ്യുന്ന സോഫ്റ്റ് ടോപ് സഹിതമാണു മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷൻ എത്തുന്നത്. റിയർവ്യൂ കാമറ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, സ്പോർട് സീറ്റ്, ഇരട്ട എയർബാഗ് തുടങ്ങിയവൊക്കെ കാറിൽ ലഭ്യമാക്കിയിട്ടുണ്ട്.
സാങ്കേതികവിഭാഗത്തിൽ സാധാരണ മിനി കൂപ്പർ എസ് കൺവെർട്ടബ്ളിൽ നിന്നു മാറ്റമൊന്നുമില്ലാതെയാണ് മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷൻ എത്തുന്നത്. കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.
English Summary: Tovino Thomas Bought Mini Sidewalk Edition