ADVERTISEMENT

ബാറ്ററിയിൽ ഓടുന്ന ചെറു ട്രക്കായ ട്രിയൊ സോറിന്റെ വിൽപന 1,000 യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). നിരത്തിലെത്തി ആറു മാസത്തിനകം തന്നെ ട്രിയൊ സോർ ഈ വിഭാഗത്തിൽ 59% വിപണി വിഹിതം സ്വന്തമാക്കിയതായും കമ്പനി അവകാശപ്പെട്ടു.കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 രോഗബാധയും സൃഷ്ടിച്ച വെല്ലുവിളികൾക്കിടെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹീന്ദ്ര, ലാസ്റ്റ് മൈൽ ഡെലിവരിക്കുള്ള വൈദ്യുത വാഹന(ഇ വി)മായി  ട്രിയൊ സോർ അവതരിപ്പിച്ചത്.  പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ട്രിയൊ പ്ലാറ്റ്ഫോം ആധാരമാക്കിയായിരുന്നു വൈദ്യുത ത്രിചക്രവാഹന വിഭാഗത്തിലെ പുതുമുഖമായ സോറിന്റെ വരവ്. 

മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം വൻ മാറ്റങ്ങൾക്കാണു ട്രിയൊ സോർ തുടക്കമിട്ടതെന്നു മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മഹേഷ് ബാബു അഭിപ്രായപ്പെട്ടു. ഇ മൊബിലിറ്റി തിരഞ്ഞെടുക്കാൻ ആഗ്രഹിച്ച ഉപയോക്താക്കൾക്കും അനുയോജ്യമായ തുടക്കമായിരുന്നു ട്രിയൊ സോർ എന്ന് അദ്ദേഹം കരുതുന്നു.  ഉപഭോക്തൃ കേന്ദ്രീകൃതമായ രൂപകൽപ്പനയുടെയും  കാര്യക്ഷമതയുടെയും പ്രകടനക്ഷമതയുടെയും പിൻബലത്തിൽ വാഹന ഉടമയുടെ  പ്രതീക്ഷയെ കടത്തിവെട്ടുന്ന ലാഭവും ആദായവുമാണു ട്രിയൊ സോർ ഉറപ്പു നൽകുന്നതെന്നും ബാബു അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ മുൻനിര ഇ കൊമേഴ്സ് കമ്പനികളുടെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും ഇഷ്ടവാഹനമായി മാറാനും ട്രിയൊ സോറിനായി. 

അതേസമയം, മഹീന്ദ്രയുടെ വൈദ്യുത ത്രിചക്രവാഹന ശ്രേണിയായ ട്രിയൊയുടെ മൊത്തം വിൽപ്പന 8,000 യൂണിറ്റ് പിന്നിട്ടു. രാജ്യത്തെ 400 ജില്ലകളിലാണു നിലവിൽ ഈ ശ്രേണി വിൽപനയ്ക്കെത്തുന്നത്. ട്രിയൊ ശ്രേണി ഇതിനോടകം നാലു കോടിയിലേറെ കിലോമീറ്റർ പിന്നിട്ടതായും  2,200 ടൺ കാർബൺ ഡയോക്സൈഡ് മലിനീകരണം ഒഴിവാക്കാൻ സഹായിച്ചതായുമാണു കണക്ക്.  

English Summary: Mahindra Treo Zor EV Achieves 1,000 Sales Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com