ADVERTISEMENT

ഏതോ വാഹനം പൊളിക്കുന്ന കേന്ദ്രത്തില്‍ അവസാനിക്കുമായിരുന്ന 1970 മോഡല്‍ ടാറ്റ ട്രക്കിന് ലഭിച്ചത് പുതു ജീവൻ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍  ടാറ്റ ട്രക്ക് ഉപയോഗിച്ച് വ്യത്യസ്തമായ ട്രക്ക് ഹൗസ് നിർമിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള നിസര്‍ഗ് റിസോര്‍ട്ട്. ട്രക്കിന് മുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സഞ്ചാരികള്‍ക്ക് താമസിക്കാനൊരു ഇടമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.

tata-truck-hotel

നിസര്‍ഗ് റിസോര്‍ട്ടിന്റെ യുട്യൂബ് ചാനലിലാണ് ഈ ട്രക്ക് ഹോട്ടലിന്റെ വിശദാംശങ്ങള്‍ അവര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം വലിയ പ്രചാരമുള്ള വീടുകളായി ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ അത്ര പ്രചാരമില്ല. ഇത്തരം വാഹന വീടുകളേക്കാള്‍ വ്യത്യസ്തമാണ് ടാറ്റയുടെ 70 മോഡൽ ക്ലാസിക്ക് ട്രക്കിന് മുകളില്‍ പണിതുയര്‍ത്തിയ ഈ ട്രക്ക് ഹോട്ടല്‍. ഇത് സ്ഥിരമായി ഒരിടത്ത് ഉറപ്പിച്ചിരിക്കുകയാണ്. 

tata-truck-hotel-2

സാധാരണ വാഹന വീടുകളില്‍ അത്യാവശ്യത്തിന് സ്ഥല സൗകര്യം മാത്രമാണുണ്ടാവുകയെങ്കില്‍ ഈ ട്രക്ക് ഹൗസ് അല്‍പം വിശാലമാണ്. ബെഡ് റൂമും ബാല്‍ക്കണിയും വരെ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു കൊച്ച് ഇരുനില വീടിന് സമാനമാണ് ട്രക്ക് ഹൗസിന്റെ നിര്‍മാണം. 1970 മോഡല്‍ ടാറ്റ ക്ലാസിക് ട്രക്കിന്റെ പിന്‍ഭാഗത്തു കൂടിയാണ് പ്രവേശന കവാടമുള്ളത്.

tata-truck-hotel-1

ഉള്‍ഭാഗം മരം കൊണ്ട് സുന്ദരമായി ഒരുക്കിയിരിക്കുന്നു. ഉള്ളിലേക്ക് കയറിയ ഉടന്‍ തന്നെ മുകളിലേക്കുള്ള കോണിപ്പടികളും ഒരറ്റത്ത് വാഷ് ബേസിനും സജ്ജീകരിച്ചിരിക്കുന്നു. മുകളിലാണ് ബെഡ് റൂം. രണ്ട് കസേരയും മേശയും അടക്കം ഉള്‍ക്കൊള്ളുന്ന വിശാലമായ ബാല്‍ക്കണിയാണ് ഈ ട്രക്ക് ഹൗസിന്റെ മറ്റൊരു ആകര്‍ഷണം. കസേരകളില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമെല്ലാമായി മേശയും ബാല്‍ക്കണിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

tata-truck-hotel-4

സമാനമായ വാഹനങ്ങളുടെ മേക്കോവര്‍ വാര്‍ത്തകള്‍ നേരത്തെയും വന്നിട്ടുണ്ട്. ഒരിക്കല്‍ മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ് ട്രക്കിനെ കാരവനാക്കിയാണ് മാറ്റിയത്. മോട്ടോര്‍ഹോം അഡ്വഞ്ചേഴ്‌സ് ആണ് ഈ വാഹനത്തിന്റെ രൂപകല്‍പനയും ആവിഷ്‌കാരവും നടപ്പിലാക്കിയത്. പ്രത്യേകം നിര്‍മിച്ച കാരവന്‍ ഈ ബൊലേറോ പിക്ക് അപ്പ് ട്രക്കിനോടൊപ്പം എപ്പോള്‍ വേണമെങ്കിലും കൂട്ടിയോജിപ്പിക്കാനും അഴിച്ചുമാറ്റാനും സാധിക്കും. പ്രസിദ്ധമായ ഡി.സി ഡിസൈന്‍ പല സെലിബ്രിറ്റികള്‍ക്കുവേണ്ടിയും ഫോഴ്‌സ് ട്രാവലര്‍ കാരവനുകളാക്കി പുനര്‍നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

English Summary: 1970 Model Tata Truck Turned to Unique House Hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com