482 കി.മീ റേഞ്ച്! കിയയുടെ ചെറു ഇലക്ട്രിക് എസ്യുവി, ഇവി 5 ഓഗസ്റ്റ് 25ന്

Mail This Article
വലുപ്പവും സൗകര്യങ്ങളും കൊണ്ട് ഞെട്ടിച്ച കിയയുടെ താരതമ്യേന ചെറിയ വൈദ്യുതി കാറാണ് ഇവി 5. ഹ്യുണ്ടേയ്ക്കു കീഴിലുള്ള കിയയുടെ മൂന്നാമത്തെ വൈദ്യുതി കാറായ ഇവി 5 ഓഗസ്റ്റ് 25ന് പുറത്തിറക്കും. ചൈനയില്‍ നടക്കുന്ന ചെങ്കുഡു മോട്ടോര്‍ ഷോയിലായിരിക്കും ഇവി5 ആഗോളതലത്തില്‍ കിയ ഇവി5 അവതരിപ്പിക്കുക. ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഈ വര്‍ഷം തുടക്കത്തിലാണ് ഇവി5 എന്ന വൈദ്യുതി എസ്‌യുവിയുടെ ആശയം അവതരിപ്പിച്ചത്.
കിയയുടെ ഇവി6, ഇവി6 വൈദ്യുത കാറുകളെ പോലെ ഇ-ജിഎംപി സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഇവി 5 നിര്‍മിച്ചിരിക്കുന്നത്. 2026നുള്ളില്‍ കിയ നിര്‍മിക്കാനിരിക്കുന്ന നാലു വൈദ്യുതി കാറുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുക. ഇവി 6ന് തുല്യമായ പവര്‍ട്രെയിനായിരിക്കും കിയ ഇവി5നുണ്ടാവുക. ഒറ്റ ചാര്‍ജില്‍ പരമാവധി 482 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന 75-80kWh ബാറ്ററിയാകും ഇവി5 ന് ലഭിക്കുക.
കൂടുതല്‍ വലിയ വാഹനമായ ഇവി 9ന് സമാനമായ രൂപമായിരിക്കും ഇവി5 എസ്‌യുവിക്ക്. കിയയുടെ പ്രസിദ്ധമായ ടൈഗര്‍ നോസ് ഗ്രില്ലെയ്ക്കു സമാനമായ ഡിജിറ്റല്‍ ടൈഗര്‍ ഫെയ്‌സായിരിക്കും ഇവി5നും ഉണ്ടാവുക. ചെത്തിയെടുത്തതു പോലുള്ള രൂപകല്‍പനയാണ് ഇവി5നും കിയ സ്വീകരിച്ചിരിക്കുന്നത്. മുന്‍നിരയിലെ ബെഞ്ച് സ്റ്റൈല്‍ സീറ്റുകള്‍ മുന്നിലെ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കും.
പനോരമിക് റൂഫ്, ബാറ്ററിക്ക് കൂടുതല്‍ കരുത്തേകുന്ന സോളാര്‍ പാനലുകള്‍, ഡാഷ് ബോര്‍ഡിലെ നീട്ടി വലിച്ച ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റെ സിസ്റ്റം എന്നിങ്ങനെ നിരവധി സൗകര്യങ്ങളുള്ള വാഹനമാണ് ഇവി5. 90 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകളും ബി പില്ലറിന്റെ അഭാവവും റിയര്‍ ഹിന്‍ജ്ഡ് ഡോറുകളും കൂടുതല്‍ വിശാലവും വ്യത്യസ്തവുമായ കാഴ്ച്ചകള്‍ യാത്രികര്‍ക്ക് നല്‍കും.
ഏകദേശം കിയ സ്‌പോര്‍ട്ടേജിന്റെ വലുപ്പമുള്ള വാഹനമായിരിക്കും ഇവി5. ഫോക്‌സ്‌വാഗണ്‍ ഐഡി.4, ടൊയോട്ട bZ4X, നിസാന്‍ ആരിയ എന്നിവയായിരിക്കും ഇവി5ന്റെ പ്രധാന എതിരാളികളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യം ചൈനീസ് വിപണിയിലാണ് ഈ വാഹനം ഇറങ്ങുക. ഇന്ത്യയില്‍ എന്നാണ് ഇവി5 പുറത്തിറക്കുകയെന്ന് കിയ അറിയിച്ചിട്ടില്ല. എങ്കിലും 2025ഓടെ ഇവി5 ഇന്ത്യന്‍ വിപണിയിലും എത്തുമെന്നു പ്രതീക്ഷിക്കാം.
English Summary: Kia EV5 SUV Global Debut on August 25