ADVERTISEMENT

വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കരുത്തുള്ള വാഹനമായാണ് സൈബര്‍ ട്രക്കിനെ ടെസ്‌ലയും എലോണ്‍ മസ്‌കും അവതരിപ്പിച്ചത്. എന്നാല്‍ ഈ കരുത്തുറ്റ വാഹനം ഇപ്പോള്‍ ലൂബ്രിക്കന്റിൽ തട്ടി വീണിരിക്കുകയാണ്! സൈബര്‍ ട്രക്ക് അപ്രതീക്ഷിതമായി അമിതവേഗതയിലേക്കെത്തുന്നുവെന്ന പരാതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആക്‌സിലേറ്റര്‍ പാഡില്‍ ഉപയോഗിച്ചിരിക്കുന്ന ലൂബ്രിക്കന്റാണെന്നു തിരിച്ചറിഞ്ഞതോടെ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ടെസ്‌ല. 

ദിവസങ്ങള്‍ക്കു മുമ്പാണ് ആക്‌സിലേറ്റര്‍ ജാമായി പോയ സൈബര്‍ ട്രക്ക് ഉടമയുടെ വിഡിയോ ടിക് ടോക്കില്‍ വൈറലായത്. പരിശോധനകള്‍ക്കൊടുവില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ച വിവരം ഏപ്രില്‍ 17നാണ് അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനെ ടെസ്‌ല അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13നും ഈ വര്‍ഷം ഏപ്രില്‍ നാലിനും ഇടയിലായി പുറത്തിറങ്ങിയ 3,878 സൈബര്‍ ട്രക്കുകളാണ് ടെസ്‌ല തിരിച്ചുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് സൈബര്‍ ട്രക്ക് പുറത്തിറങ്ങിയത് എന്നതിനാല്‍ ഇതുവരെ ഇറങ്ങിയ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കേണ്ട നാണക്കേടും ടെസ്‌ലക്കുണ്ടായി. 

ആക്‌സിലേഷന്‍ പെഡല്‍ പ്രവര്‍ത്തനരഹിതമായാല്‍ വാഹനത്തിന്റെ പ്രകടനത്തെ അത് നേരിട്ട് ബാധിക്കുമെന്നും വാഹനം അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നും ടെസ്‌ല ഇതു സംബന്ധിച്ച് പുറത്തുവിട്ട നോട്ടീസില്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ഈ പ്രശ്‌നത്തെ തുടര്‍ന്ന് ഇതുവരെ സൈബര്‍ ട്രക്കുകളൊന്നും അപകടത്തില്‍ പെടുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ടെസ്‌ല അവകാശപ്പെടുന്നു. 

ടെസ്‌ലയുടെ എക്കാലത്തേയും വലിയ തിരിച്ചുവിളിക്കലാണ് സൈബര്‍ട്രക്കിന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്. സൈബര്‍ട്രക്ക് വാങ്ങിയ എല്ലാവരും സുരക്ഷ ഉറപ്പാക്കാനായി അടുത്തുള്ള ഡീലറുടെ അടുത്തേക്ക് വാഹനം കൊണ്ടുപോയി പ്രശ്‌നം വരിഹരിക്കേണ്ടി വരും.  

പരന്ന ഉരുക്കു പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് പ്രത്യേക രൂപത്തിലുള്ള സൈബര്‍ ട്രക്ക് നിര്‍മിക്കുന്നത്. സൈബര്‍ ട്രക്കിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുള്ളതായി എലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷമാവുമ്പോഴേക്കും 2.50 ലക്ഷം സൈബര്‍ ട്രക്കുകളെ പ്രതിവര്‍ഷം നിര്‍മിക്കുകയെന്നതായിരുന്നു ലക്ഷ്യം. അതേസമയം വൈദ്യുത വാഹന നിര്‍മാണ കമ്പനികളില്‍ നിന്നുള്ള മത്സരം കടുത്തതോടെ പത്തു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവും ദിവസങ്ങള്‍ക്കു മുമ്പ് ടെസ്‌ല എടുത്തിരുന്നു. സൈബര്‍ട്രക്കിന്റെ തിരിച്ചുവിളിക്കലിന് പിന്നാലെ ടെസ്‌ല ഓഹരികള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 

English Summary:

Tesla Recalls Cybertruck Over Acceleration Defect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com