വിലയും വലിപ്പവും കുറവ്; 250 സിസി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്
Mail This Article
വിലയിലായാലും വലിപ്പം കൊണ്ടായാലും ഹണ്ടര്‍ 350യുടെ വരവോടെ റോയല്‍ എന്‍ഫീല്‍ഡ് കൂടുതല്‍ പേരിലേക്കെത്തി. ഇപ്പോഴിതാ കൂടുതല്‍ ജനകീയമാവാന്‍ സാധ്യതയുള്ള 250 സിസി എന്‍ജിനുള്ള മോട്ടോര്‍സൈക്കിളിനായുള്ള എന്ജിന് പ്ലാറ്റ്ഫോം റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പ്ലാറ്റ്ഫോമില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 250 സിസി മോട്ടോര്‍ സൈക്കിള്‍ 2026-27ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള 250 സിസി പ്ലാറ്റ്ഫോമിന് ഇപ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് പച്ചക്കൊടി കാണിച്ചത്. വി പ്ലാറ്റ്ഫോം എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ആഭ്യന്തരമായി ഇതിന് പേരിട്ടിരിക്കുന്നത്. ലിക്വിഡ് കൂള്‍ഡ് ഷെര്‍പ 450യേക്കാള്‍ 350 സിസി എയര്‍ കൂള്‍ഡ് മോട്ടോറിനോടായിരിക്കും പുതിയ 250 സിസി എന്ജിന് സാമ്യത കൂടുതലെന്ന് പ്രതീക്ഷിക്കാം.
മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ബിഎസ്6 ചട്ടങ്ങള്‍ കൂടി വന്നതോടെ മോട്ടോര്‍ സൈക്കിളുകളുടെ വില പിന്നെയും വര്‍ധിച്ചിരുന്നു. ഈയൊരു പ്രതിസന്ധിയേയും 250സിസി മോട്ടോര്‍ സൈക്കിളിന്റെ വരവോടെ മറികടക്കാനാവുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രതീക്ഷിക്കുന്നുണ്ടാവും. വില കുറഞ്ഞ മോഡല്‍ വഴി കൂടുതല്‍ ചെറുപ്പക്കാരിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിനെ എത്തിക്കാനാവുമെന്ന ചിന്തയും ഇതിനു പിന്നിലുണ്ടെന്നു വരാം. 250 സിസി എന്‍ജിനില്‍ ഹൈബ്രിഡ് ഓഫ്ഷന്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രൊഡക്ഷന്‍ മോഡലിലേക്കെത്താനുള്ള സാധ്യത കുറവാണ്. നിലവില്‍ കാവസാക്കി നിന്‍ജ 7 ഹൈബ്രിഡ് മാത്രമാണ് മുഖ്യധാരയിലുള്ള ഹൈബ്രിഡ് മോട്ടോര്‍ സൈക്കിള്‍.
നേരത്തെയും റോയല്‍ എന്‍ഫീല്‍ഡ് 250 സിസി മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കിയിരുന്നു. 1950-60കളില്‍ വിപണിയിലെത്തിയ ക്ലിപ്പറും 65 കോണ്ടിനെന്റല് ജിടി 250യുമാണ് ചരിത്രത്തില്‍ നിന്നുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഉദാഹരണങ്ങള്‍. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും സ്ഥിരീകരണം ലഭിച്ചതോടെ മൂന്നു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ വിപണിയിലെത്തുമെന്ന് ഉറപ്പിക്കാം.
നിലവില്‍ 250സിസിക്കും 650 സിസിക്കും ഇടയില്‍ ഏഴ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളാണ് ഇന്ത്യയിലെത്തുന്നത്. 1.77 ലക്ഷം മുതല്‍ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ആണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. 4.34 ലക്ഷം രൂപ മുതല്‍ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയോര്‍ 650 ആണ് എന്‍ഫീല്‍ഡുകളുടെ കൂട്ടത്തില്‍ വിലയില്‍ റോയലായ മോഡല്‍.