സമൂഹമാധ്യമത്തിൽ സ്റ്റാറായി മകൻ; അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകിയത് ഹ്യൂണ്ടേയ് ക്രേറ്റ
Mail This Article
ഒരായുസിന്റെ മുഴുവൻ അധ്വാനവും മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ മക്കൾ മുതിർന്നു തൊഴിൽ സമ്പാദിച്ചു കഴിയുമ്പോൾ അമൂല്യമായ എന്തെങ്കിലും സമ്മാനമായി നൽകിയാൽ അവർക്കതു മനസു നിറയ്ക്കുന്ന അനുഭവമായിരിക്കും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തെത്തിയത്. മാതാപിതാക്കൾക്കായി മകന്റെ സമ്മാനം പുതുപുത്തനൊരു ഹ്യുണ്ടേയ് ക്രെറ്റയായിരുന്നു. ഈയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് താൻ എങ്ങനെ എത്തിയെന്നൊരു കുറിപ്പും ആഹ്‌ളാദം നിറഞ്ഞ ആ നിമിഷങ്ങൾ പകർത്തിയ വിഡിയോയ്‌ക്കൊപ്പം മകൻ പങ്കുവെച്ചിട്ടുണ്ട്.
എക്സ് പ്ലാറ്റ്‌ഫോമിലാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി നൽകുന്ന സമ്മാനമായതു കൊണ്ടുതന്നെ മാതാപിതാക്കൾ ഇരുവരുടെയും കണ്ണുകൾ കെട്ടിയാണ് ഹ്യുണ്ടേയ് യുടെ ഡീലർഷിപ്പിലേക്കു എത്തിച്ചത്. കൺകളിലെ കെട്ടുകൾ അഴിച്ചു പുതിയ വാഹനത്തിന്റെ ആദ്യ കാഴ്ച അച്ഛനും അമ്മയ്ക്കും സമ്മാനിക്കുമ്പോൾ ഇരുവരും സന്തോഷാതിരേകത്താൽ ആനന്ദക്കണ്ണീരണിയുന്നതു ആ വിഡിയോയിൽ കാണുവാൻ കഴിയും. പങ്കുവെച്ച കുറിപ്പിനൊപ്പം എങ്ങനെ ഇത്തരമൊരു സമ്മാനം അച്ഛനും അമ്മയ്ക്കും നല്കാൻ തീരുമാനിച്ചു എന്നതിനെ കുറിച്ചും വിവരിക്കുന്നുണ്ട്.
തന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസത്തിനും മറ്റുമായി വലിയൊരു തുക തന്നെ മാതാപിതാക്കൾക്ക് മുടക്കേണ്ടതായി വന്നു. അതിനൊപ്പം തന്നെ ജോലിയുമായി ബന്ധപ്പെട്ടു താൻ ബെംഗളൂരിവിലേക്കു മാറിയപ്പോൾ 2014 ൽ പിതാവ് വാങ്ങിയ ഹ്യുണ്ടേയ് ഇയോണും കൊണ്ടുപോയി. പത്തുവർഷക്കാലം മാതാപിതാക്കളുടെ യാത്രയിൽ കൂട്ടായിരുന്ന വാഹനത്തിനു പകരമായി പുതിയൊരെണ്ണം അവർക്കു സമ്മാനിക്കണമെന്ന ചിന്തയുണ്ടായത് അങ്ങനെയാണെന്ന് ആ മകൻ പറയുന്നു. പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. 2024 അവസാനിക്കുന്നതിനു മുൻപ് തന്നെ ആ സ്വപ്നത്തിലേക്ക് എത്തണമെന്നതിനൊപ്പം തന്റെ ശമ്പളം അതിനായി എടുക്കുകയില്ല എന്നൊരു തീരുമാനവും ഉണ്ടായിരുന്നു. ഒരവധി പോലുമില്ലാതെ ആഴ്ചയിലെ ഏഴു ദിവസവും ജോലി ചെയ്തു. കൂടാതെ, ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. അതിനൊപ്പം തന്നെ ഫ്രീലാൻസും ചെയ്തു. അങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഈ വർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ തന്റെ സ്വപ്നത്തിലേക്ക് ആ യുവാവ് നടന്നടുത്തത്.
ഏതൊരാൾക്കും മാതൃകയാക്കാം ഇതെന്നെന്നാണ് വിഡിയോ കണ്ട നെറ്റിസൺസിന്റെ അഭിപ്രായം. അധ്വാനിക്കാനുള്ള മനസുണ്ടായാൽ ആഗ്രഹിച്ചത് സ്വന്തമാക്കാൻ കഴിയുമെന്നും വിഡിയോയുടെ താഴെ നിരവധി പേർ കമെന്റുകളായി കുറിച്ചിട്ടുണ്ട്.