സ്പോർട്ടി ലുക്കിൽ ടിഗ്വാന് ആര്-ലൈന്‍, വില 49 ലക്ഷം രൂപ

Mail This Article
കൂടുതല്‍ സ്പോര്‍ട്ടിയായ ടിഗ്വാന് ആര്-ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്സ്വാഗണ്. 49 ലക്ഷം രൂപ(എക്സ് ഷോറൂം) വിലയില്‍ ഒരൊറ്റ വേരിയന്റില്‍ എത്തുന്ന ടിഗ്വാന് ആര്-ലൈനിന് സ്റ്റാന്‍ഡേഡ് ടിഗ്വാനെ അപേക്ഷിച്ച് രൂപത്തിലും സൗന്ദര്യത്തിലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ച ടിഗ്വാന് ആര് ലൈന്‍ പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(സിബിയു) മോഡലായിട്ടാണ് എത്തുന്നത്. ഏപ്രില്‍ 23 മുതല്‍ ഇന്ത്യയില്‍ ടിഗ്വാന് ആര്ലൈനിന്റെ വിതരണം ഫോക്സ്വാഗണ് ആരംഭിക്കും.
അടിസ്ഥാന ടിഗ്വാന് ഡിസൈനില്‍ മാറ്റങ്ങളില്ലെങ്കിലും ആര്-ലൈനിനെ കൂടുതല്‍ സ്പോര്‍ട്ടിയാക്കാന്‍ വേണ്ട കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അഗ്രസീവായ ബംപറുകള്‍, വലിയ മുന്‍ ഗ്രില്‍, മെലിഞ്ഞ ഹെഡ്ലാംപുകളും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും, ഫ്രണ്ട് സ്പ്ലിറ്റേഴ്സ്, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്നിലെ പ്രധാന രൂപമാറ്റങ്ങള്‍. പിന്നില്‍ എല്‍ഇഡി ടെയില്‍ ലാംപുകള്‍ കണക്ട് ചെയ്തിട്ടുണ്ട്. ഒപ്പം ആര് ലൈന്‍ ബാഡ്ജിങും ചേര്‍ത്തിട്ടുണ്ട്.

ആറ് നിറങ്ങളില്‍ ടിഗ്വാന് ആര്-ലൈന്‍ ലഭ്യമാണ്. പേഴ്സിമോണ് റെഡ് മെറ്റാലിക്ക്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, നൈറ്റ്ഷൈഡ് ബ്ലൂ മെറ്റാലിക്ക്, ഗ്രെനഡില്ല, ബ്ലാക്ക് മെറ്റാലിക്ക്, ഓറിക്സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്ട്, ഒയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നിവയാണ് നിറങ്ങള്‍.
പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയറാണ് ടിഗ്വാന് ആര്-ലൈനിന് നല്‍കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും സെന്റര്‍ കണ്‍സോളിലും ശ്രദ്ധ നേടാനായി ചുവപ്പ് നിറം നല്‍കിയിട്ടുണ്ട്. 12.9ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീന്‍, 10.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റൊരു സവിശേഷത. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഐഡിഎ വോയ്സ് അസിസ്റ്റ്, വോയ്സ് എന്‍ഹാന്‍സര്‍, പനോരമിക് സണ്‍റൂഫ്, ഹെഡ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആന്റ് വെന്റിലേറ്റഡ് മുന്സീറ്റുകള് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. സീറ്റുകൡ മസാജ് ഫങ്ഷനും ലഭ്യമാണ്.
സുരക്ഷ ഉറപ്പിക്കാനായി ആറ് എയര്‍ബാഗുകള്‍ നല്കിയിരിക്കുന്നു. ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം(ടിപിഎംഎസ്), ഇലക്ട്രോണിക് പാര്‍കിങ് ബ്രേക്ക് എന്നിവക്കൊപ്പം അധിക സുരക്ഷക്കായി അഡാസ് ഫീച്ചറുകളായ ലൈന്‍ കീപ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി തടയാനുള്ള സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവയും നല്കിയിരിക്കുന്നു.
രാജ്യാന്തര വിപണിയില്‍ ടിഗ്വാന് ആര് ലൈനില്‍ പെട്രോള്‍, ഡീസല്‍, മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്ട്രെയിനുകളുണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍ ഓപ്ഷന് മാത്രമാണുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് 201ബിഎച്ച്പി കരുത്തും 320എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എന്ജിന് ഡിഎസ്ജി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4മോഷന്‍ ഓള്‍വീല്‍ ഡ്രൈവ് നാലു വീലുകളിലേക്കും ഒരേസമയം കരുത്ത് പകരും.