ADVERTISEMENT

മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്‌ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്‌ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ്  ലിമിറ്റഡ് എഡിഷനായിരുന്നു അവതരിപ്പിച്ചത്. ആകെ 25 എണ്ണം മാത്രം. അന്ന് അവിടെ ബുക്ക് ചെയ്യുന്നവർക്ക് അതു സ്വന്തമാക്കാമായിരുന്നു. തൊട്ടു‌പിന്നാലെ ഇതാ സാധാരണ മോഡലും ആർഇ അവതരിപ്പിച്ചിരിക്കുകയാണ്. സൂപ്പർ മീറ്റിയോറിൽ‌നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഡിസൈൻ. മറ്റു പുതുമകൾ, റൈഡ് കംഫർട്ട് എന്നിവയെല്ലാം എങ്ങനെയുണ്ടെന്നു വിശദമായൊന്നു നോക്കാം.  

royal-enfield-shotgun-8

സൂപ്പർ മീറ്റിയോറും ഷോട്ട്ഗണ്ണും തമ്മിൽ

സൂപ്പർ മീറ്റിയോറിന്റെ പ്ലാറ്റ്ഫോം‌തന്നെയാണ് ഷോട്ട്ഗണ്ണിന്റെയും നട്ടെല്ല്. ഒറ്റ‌നോട്ടത്തിൽ ഡിസൈനു സാമ്യമുണ്ട്. എന്നാൽ വലുപ്പത്തിലും റൈഡിങ് പൊസിഷനിലുമെല്ലാം കാര്യമായ മാറ്റം‌വന്നിട്ടുണ്ട് ഷോട്ട് ഗണ്ണിൽ. പിന്നിലേക്കു താഴ്ന്നിറങ്ങുന്ന അൾട്രാ ലോ ഫെൻഡർ ഡിസൈനാണ് സൂപ്പർ മീറ്റിയോറിനുള്ളത്. ബോബർ-റോ‍ഡ്സ്റ്റർ സ്റ്റൈലിലാണ് ഷോട്ട്ഗണ്ണിന്റെ രൂപകൽപന. സൂപ്പർ മീറ്റിയോറുമായി താരതമ്യം ചെയ്താൽ വീൽബേസിൽ 35 എംഎം കുറവുണ്ട്. നീളം 90 എംഎം, വീതി 70 എംഎം, ഉയരം 50 എംഎം എന്നിങ്ങനെ കുറവുണ്ട്. എന്നാൽ സീറ്റിന്റെ ഉയരം 55 എംഎം കൂടിയിട്ടുണ്ട്. 

royal-enfield-shotgun-2

ഉഗ്രൻ ഫിറ്റ് ആൻഡ് ഫിനിഷ്. അത് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാകും. സ്വിച്ച് ഗിയർ അടക്കമുള്ള ചെറിയ പാർട്ടുകളിൽവരെ ആ നിലവാരം കാണാൻ കഴിയും. കാഴ്ചയിൽ സൂപ്പർ മീറ്റിയോറിന്റെ അത്ര വലുപ്പം തോന്നിക്കുന്നില്ലെങ്കിലും മാസ് ലുക്കാണ് ഷോട്ട്ഗണ്ണിന്. പ്രത്യേകിച്ചു മുന്നിൽനിന്നുള്ള കാഴ്ചയിൽ.  മസ്കുലർ ടാങ്കും വലിയ റിയർ ഫെൻഡറും പ്രൊഫൈൽ കൂടിയ ടയറും കരുത്തൻ ലുക്ക് നൽകുന്നുണ്ട്. 13.8 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി.  240 കിലോഗ്രാം ഭാരമുണ്ട്. സൂപ്പർ മീറ്റിയോറിനെക്കാളും ഒരു കിലോഗ്രാം മാത്രം കുറവ്. വീതിയേറിയ ഫ്ലാറ്റ് ഹാൻഡിൽ ബാറാണ്. അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോൾ. ട്രിപ്പർ നാവിഗേഷനുണ്ട്. പിൻഭാഗ ഡിസൈനാണ് ഷോട്ട്ഗണ്ണിന്റെ എടുപ്പ്. സിംഗിൾ സീറ്റ്–ഡബിൾ സീറ്റ് മോഡലിൽ ഷോട്ട്ഗൺ ലഭിക്കും. പിൻസീറ്റ് ഈസിയായി ഊരിമാറ്റാവുന്ന രീതിയിലാണ് രൂപകൽപന. സീറ്റ് താക്കോലിട്ട് ഊരിയെടുക്കാം. ദീർഘദൂരയാത്രയിൽ ലഗേജ് കാരിയറായി ഇതു മാറ്റാം. ഇനി അതു വേണ്ട സിംഗിൾ സീറ്റ് മാത്രം മതി എന്നാണെങ്കിൽ ഗ്രാബ്റെയിലും ബ്രാക്കറ്റുമെല്ലാം വളരെ എളുപ്പം അഴിച്ചുമാറ്റുകയും ചെയ്യാം.

royal-enfield-shotgun-6

എൻജിൻ

648 സിസി പാരലൽ ട്വിൻ എൻജിനാണ്. സൂപ്പർ മീറ്റിയോറിലുള്ളതുതന്നെ. 7250 ആർപിഎമ്മിൽ 47 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 5650 ആർപിഎമ്മിൽ 52.3 എൻഎമ്മും. 6 സ്പീഡ് കോൺസ്റ്റെന്റ് മെഷ് ട്രാൻസ്മിഷനാണ്. മാറ്റങ്ങൾ കൃത്യതയുള്ളത്. 

royal-enfield-shotgun-1

റൈഡ്

റൈഡിങ് പൊസിഷനും റൈഡ് കംഫർട്ടും സൂപ്പർ മീറ്റിയോറിൽനിന്നു കാര്യമായി മാറിയിട്ടുണ്ട്. സീറ്റ് ഹൈറ്റ് കൂടിയതും (795 എംഎം) ഹാൻഡിൽ ബാർ വൈഡ് ആയതും അപ് റൈറ്റ് പൊസിഷനാണ് നൽകുന്നത്.  നഗരത്തിരക്കിൽ കൈകാര്യം ചെയ്യാൻ കുറച്ചുകൂടി ഇൗസിയാണ്. ഒതുക്കമുള്ള ഡിസൈൻതന്നെ കാരണം. പെട്ടെന്നുള്ള തിരിക്കലിലും മറ്റും ഭാരമൊരു ഭീകരനായി തോന്നില്ല. ഹൈവേ ക്രൂസിങ്ങിൽ റിലാക്സായി  ഇരിക്കാം. മുന്നിലേക്കു കയറിയ ക്രൂസർ ടൈപ് ഫുട്പെഗ്ഗല്ല. ന്യൂട്രൽ പൊസിഷനാണ്. 18 ഇഞ്ച് വീലാണ് മുന്നിൽ. പിന്നിൽ 17 ഉം. സൂപ്പർ മീറ്റിയോറിൽ 19 ഇഞ്ചും 16 ഇഞ്ചുമാണ്. അതിനനുസരിച്ച് സസ്പെൻഷനിലും മാറ്റമുണ്ട്. പിന്നിലെ സസ്പെൻ‌ഷൻ പരിഷ്കരിച്ചു. 90 എംഎം ആണ് ട്രാവൽ (സൂപ്പർ മീറ്റിയോറിൽ 101 എംഎം ട്രാവലുള്ള സസ്പെൻഷനാണ്). നല്ല യാത്രാസുഖം നൽകുന്ന രീതിയിൽ ട്യൂൺ ചെയ്തിട്ടുണ്ട്. മാത്രമല്ല ഉയർന്ന വേഗത്തിൽ നല്ല സ്ഥിരതയും ഇത് ഉറപ്പാക്കുന്നുണ്ട്.  

royal-enfield-shotgun-5

റോയൽ എൻഫീൽഡ് നിരയിലെ സൂപ്പർ റിഫൈൻഡ് എൻജിനെന്നു വിശേഷിപ്പിക്കാം ഈ പാരലൽ ട്വിൻ സിലിണ്ടറിനെ. ഉഗ്രൻ പവർ ഡെലിവറി. ലോ എൻഡിലെയും മിഡ് റേഞ്ചിലെയും ടോർക്ക് ഡെലിവറി കിടിലം. കൈകൊടുത്താൽ മിന്നിക്കയറും. ഒപ്പം ഇരട്ട സൈലൻസറിന്റെ ഉഗ്രൻ എക്സോസ്റ്റ് നോട്ടും‌കൂടി ചേരുമ്പോൾ അതിമനോഹരം എന്നു വിശേഷിപ്പിക്കാം ഷോട്ട്ഗണ്ണിലെ റൈഡ്. 

ഒാൺ റോഡ് വില

മൂന്ന് കളർ ഒാപ്ഷനുകളുണ്ട്: 

∙ ഷീറ്റ് മെറ്റൽ ഗ്രേ – ₨ 4.57 ലക്ഷം

∙ ഗ്രീൻ ഡ്രിൽ, പ്ലാസ്മ ബ്ലൂ – ₨ 4.70 ലക്ഷം

∙ സ്റ്റെൻസിൽ വൈറ്റ് – ₨ 4.74 ലക്ഷം

royal-enfield-shotgun-3

ഫൈനൽ ലാപ് 

എന്തിനു ഷോട്ട്ഗൺ, സൂപ്പർ മീറ്റിയോർ പോരേ എന്നു ചോദിച്ചാൽ‌ ഉത്തരം ഇതാണ്. ബോബർ ഡിസൈൻ, അപ്റൈറ്റ് റൈഡിങ് പൊസിഷന്റെ കംഫർട്, മികച്ച റൈഡ് ക്വാളിറ്റി, ആരുമൊന്നു നോക്കുന്ന റോഡ് പ്രസൻസ് ഇവയൊക്കെയാണ് ഷോട്ട്‌ഗൺ നൽകുന്നത്.

English Summary:

Royal Enfield Shotgun Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com