ADVERTISEMENT

പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് 1 അറിയപ്പെടുന്നത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ ബോയിങ് 747 നുള്ളത്. 

എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായി വിമാനം മോദിക്കുമെത്തുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി ഒരുക്കുന്ന രണ്ടു പുതിയ ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യ രണ്ടുവർഷം മുമ്പ് വാങ്ങിയത്. തുടർന്ന് സുരക്ഷാ സംവിധാനങ്ങളും മോഡിഫിക്കേഷനുകളും വരുത്താൻ അമേരിക്കയിലേക്ക് കൊണ്ടുപോയ വിമാനങ്ങൾ ഉടൻ യാത്രയ്ക്കു തയാറാകും എന്നാണ് റിപ്പോർട്ടുകൾ.

വിമാനത്തിന്റെ ആദ്യ ചിത്രങ്ങളാണ് ജെറ്റ്ഫോട്ടോസ് എന്ന വെബ് സൈറ്റിലൂടെ ആൻഡി ഇഗ്ലോഫ് എന്ന ഫൊട്ടോഗ്രഫർ പുറത്തിവിട്ടിരിക്കുന്നത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന എയർ ഇന്ത്യ വണ്ണിന് പകരമെത്തുന്ന വിമാനത്തിന്റെ പേര് ഇന്ത്യൻ എയർഫോഴ്സ് വൺ എന്നാക്കി മാറ്റാനും സാധ്യതയുണ്ട്. 

വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ നിലവില്‍ ബി 747 വിമാനത്തിലാണു യാത്ര ചെയ്യുന്നത്.

രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.

യുഎസ് സഹകരണത്തോടെ എയര്‍ ഇന്ത്യ 1 ഉം സമാനരീതിയില്‍ ആധുനികവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്‌‍ഷന്‍ സ്യൂട്ട്‌സ് (SPS) എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്. 1350 കോടി രൂപയാണ് (19 കോടി ഡോളര്‍) ഇവയുടെ വില. വില്‍പനയ്ക്ക് യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഡാലസിലുള്ള ബോയിങ് കമ്പനിയുടെ ആസ്ഥാനത്താണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്.

ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 എയര്‍ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്തില്‍ നിന്നു വ്യത്യസ്തമായി ബോയിങ് 777 നു തുടര്‍ച്ചയായി യുഎസ് വരെ പറക്കാനാകും. രണ്ട് ജിഇ 90–115 എൻജിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. ഏകദേശം 8458 കോടി രൂപയാണ് വിമാനത്തിന്റെ വില. 

English Summary: Know More About Air India One Boeing 777

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com