അച്ഛൻ മകന് നിർമിച്ചു നൽകി, ഒറിജിനലിനെ വെല്ലുന്ന 9 ഗിയറുള്ള ജീപ്പ്

Mail This Article
ഖത്തറിൽ നിന്ന് ഇത്തവണ അവധിക്കു നാട്ടിൽ വരുമ്പോൾ, വീട്ടുമുറ്റത്ത് ഓടിക്കാൻ ഒരു കളിപ്പാട്ടവാഹനം വാങ്ങിത്തരണം. ആറു വയസ്സുള്ള മകന്റെ ആഗ്രഹം ഉടൻ സമ്മതിച്ചെന്നു മാത്രമല്ല, ആ സമ്മാനം വേറിട്ടതാക്കാൻ ആ പിതാവ് ചിന്തിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വിപണിയിൽ കിട്ടാത്ത, ആരെയും അമ്പരപ്പിക്കുന്ന 9 ഗിയറുള്ള 35 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ഒരു ജീപ്പ് സ്വയം നിർമിച്ച് മകനു സമ്മാനമായി നൽകി. സംഭവം 6 വർഷം പഴയതാണെങ്കിലും മകന്റെ ആഗ്രഹം സഫലമാക്കാൻ പിതാവു നിർമിച്ച ജീപ്പിന്റെ കഥ വൈറലായത് ഈയടുത്താണ്.
മലപ്പുറം അരീക്കോട് തച്ചാംപറമ്പ് ചോലയിൽ സക്കീർ ഖത്തറിൽ 7 വർഷമായി ഇലക്ട്രിക്കൽ, പ്ലമിങ് ജോലിക്കാരനാണ്. പ്രവാസിയായ ശേഷമുള്ള ആദ്യ വരവ് 6 വർഷം മുൻപായിരുന്നു. അന്നു രണ്ടാമത്തെ മകൻ അഷ്മിലിന് 6 വയസ്സ്. വരുമ്പോൾ, കളിപ്പാട്ട വാഹനം വേണമെന്നായിരുന്നു അഷ്മിൽ അറിയിച്ചിരുന്നത്. ആ ചിന്ത മനസ്സിൽ കറങ്ങുന്നതിനിടെയാണ്, ഖത്തറിൽ ജോലിക്കിടെ ഒരു അറബിയുടെ വീട്ടുമുറ്റത്ത് സക്കീർ കുഞ്ഞു കാർ കണ്ടത്. ബൈക്കിന്റെ എൻജിനിൽ നിർമിച്ച കാറായിരുന്നു അത്.

10,000 റിയാൽ ആയിരുന്നു വില. ആ കുഞ്ഞു കാർ ഒരു തീപ്പൊരിയായി ഉള്ളിൽ കയറുകയായിരുന്നു. അവധിക്കു നാട്ടിലെത്തിയപ്പോൾ മനസിൽ പാകപ്പെടുത്തിയെടുത്ത വാഹനരൂപത്തിനു സക്കീർ ജീവൻ നൽകി.
ഒറിജിനലിനെ വെല്ലും! ഈ കുട്ടി ജീപ്പ് കണ്ടാൽ ആരും അമ്പരന്നു പോകും. 500 കിലോഗ്രാം ഭാരവും 2.2 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഒറിജിനലിനെ വെല്ലുന്ന കിടിലൻ ജീപ്പ്. മെറ്റൽ ഷീറ്റിലാണ് ബോഡി നിർമിച്ചിരിക്കുന്നത്. ഷാസി സ്റ്റീലിന്റെ സ്ക്വയർ പൈപ്പുകൾകൊണ്ടും. ഇലക്ട്രിക്കൽ, പ്ലമിങ് ജോലി പരിചയവും എസി, ഫ്രിഡ്ജ് മെക്കാനിസവും അതിനപ്പുറം പലയിടങ്ങളിൽനിന്നായി പഠിച്ചെടുത്ത കാര്യങ്ങളും ജീപ്പ് നിർമാണത്തിൽ ഗുണം ചെയ്തെന്നു സക്കീർ. തടികൊണ്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. ബൈക്കിന്റെ നാലും ഒമ്‌നിയുടെ അഞ്ചും ഉൾപ്പെടെ 9 ഗിയറുകളുണ്ട് ജീപ്പിന്.
ബൈക്കിന്റെ എൻജിൻ!
10 വർഷത്തോളം സക്കീറും സഹോദരി ഭർത്താവും ഉപയോഗിച്ചിരുന്ന ബജാജ് ഡിസ്കവർ ബൈക്ക് ഏറെക്കാലമായി എടുക്കാതെ വീട്ടിൽ കിടപ്പുണ്ടായിരുന്നു. ബൈക്ക് തുരുമ്പെടുത്തിരുന്നെങ്കിലും എൻജിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല. ആ എൻജിനാണ് സൂപ്പർ താരമായ ഈ ജീപ്പിന്റെ ഹൃദയം. സാധാരണ ജീപ്പിനോളം വലുപ്പമില്ലാത്തതിനാൽ ടാറ്റ എയ്സ് പിക്കപ്പിനുപയോഗിക്കുന്ന ടയർ ആണു നൽകിയിരിക്കുന്നത്. ഗിയർ ബോക്സ് ഒമ്‌നിയുടേത്. വാഹനം പൊളിച്ചുവിൽക്കുന്ന കടയിൽ നിന്നാണു ഇതു കണ്ടെത്തിയത്. ആക്സിൽ പഴയകാല ഓട്ടോയുടേതും. ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ലീഫ് സെറ്റാണു ജീപ്പിനുള്ളത്. അതു വാങ്ങാൻ ഡൽഹിയിൽ പോയി. നാനോയുടെ സ്റ്റിയറിങ് ബോക്സ് പഴയതു വാങ്ങി മാറ്റം വരുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഓടിക്കാനായി പവർ ബോക്സ് പ്രത്യേകമുണ്ടാക്കി ഘടിപ്പിച്ചു. മുൻ സീറ്റുകളിൽ മുതിർന്ന 2 പേർക്ക് യാത്ര ചെയ്യാം. കുട്ടികളാണെങ്കിൽ പിറകിൽ 6 പേർക്ക് വരെ ഇരിക്കാം. മുതിർന്നവർക്ക് പിറകിൽ കയറിയിരിക്കാനാവില്ല. വാഹനം കുട്ടികളുടേതാണല്ലോ.

മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ റോഡിലേക്ക് ഇറങ്ങിയിട്ടില്ല. ഓഫ് റോഡ് യാത്രയിലും പുലിയാണ് ഈ കുഞ്ഞൻ ജീപ്പ്. 35 കിലോമീറ്റർ ഇന്ധനക്ഷമത കിട്ടുന്നുണ്ട്. നിരപ്പായ സ്ഥലത്തൂടെ ഓടിച്ചാൽ 40 കിലോമീറ്ററിനു മുകളിൽ ലഭിക്കുമെന്നു സക്കീർ പറയുന്നു.
സംഗതി ഹിറ്റ്
ഈ ജീപ്പിന്റെ കഥ അടുത്തിടെയാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്. അതോടെ കുട്ടി ജീപ്പ് ഹിറ്റായി. വാഹനത്തിന്റെ കഥയറിഞ്ഞ് വേങ്ങര സ്വദേശി രണ്ടാഴ്ച മുൻപ് ജീപ്പ് വിലയ്ക്കു വാങ്ങി. ഇപ്പോൾ പുതിയൊരു വാഹനം നിർമിക്കാനുള്ള ഒരുക്കത്തിലാണു സക്കീർ. പ്രദേശത്ത് ശുദ്ധജല ക്ഷാമമുണ്ട്. ടാങ്കിൽ വെള്ളവുമായി പോകാൻ ഒരു മിനി ലോറി നിർമിച്ചാലോ എന്നും ആലോചിക്കുന്നുണ്ട്. ജീപ്പും കാറുമായി പല വാഹനങ്ങൾ ക്കുള്ള ഓർഡർ സക്കീറിനു കിട്ടിക്കഴിഞ്ഞു.
English Summary: Home Made Jeep