പോളോ പവർഫുളാണ്, സ്റ്റൈലിഷും; തൻവിയുടെ വാഹന വിശേഷങ്ങൾ
Mail This Article
‘ഡ്രൈവിങ് പഠിച്ച കാലംതൊട്ട് പാസഞ്ചർ സീറ്റിലിരിക്കാൻ തീരെ താൽപര്യമില്ലാതായി. ഫ്രണ്ട്സിനൊപ്പമാണ് യാത്രയെങ്കിൽ എങ്ങനെയെങ്കിലും ആ വണ്ടി ഒന്ന് ഓടിച്ചു നോക്കും. പോളോയിലേക്ക് എത്തിയതും പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നില്ല. വളരെ ആലോചിച്ച് റിസർച്ച് ഒക്കെ നടത്തിയാണ് ഫോക്സ്‌വാഗൺ പോളോയെ കൂടെക്കൂട്ടിയത്.’ ‘അമ്പിളിയുടെ ടീന’ എന്ന തൻവി റാമിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഏറെ നാളത്തെ ആഗ്രഹത്തിന് ഒടുവിൽ സ്വപ്നസാക്ഷാത്കാരം പോലെ പുതിയ വാഹനം എടുത്തിരിക്കുകയാണ് തൻവി. പോളോയുടെ ‘ഒട്ടും പോളിഷ് ചെയ്യാത്ത’ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു തൻവി റാം.
ഡ്രൈവിങ് ഒരു ആവശ്യകതയാണ്
‘വീട്ടിൽ കാർ ഉണ്ടെങ്കിൽ ഡ്രൈവിങ് പഠിക്കാൻ അച്ഛന്റെയോ സഹോദരന്മാരുടെയോ പുറകെ നടന്നവരായിരിക്കും പല പെൺകുട്ടികളും. അച്ഛൻമാരെ കുറ്റം പറയാൻ പറ്റില്ല. അവർ കഷ്ടപ്പെട്ട് വാങ്ങിയ കാറായിരിക്കും. മക്കളുടെ സുരക്ഷയോർത്ത് ഡ്രൈവിങ് പുറത്തുപോയി പഠിച്ചാൽ മതിയെന്നും പറഞ്ഞെന്നിരിക്കും ചിലർ. എന്നാൽ ആങ്ങളമാരുടെ കാര്യം വ്യത്യസ്തമാണ്. കുറേനാൾ പുറകെ നടന്നാൽ പോലും പഠിപ്പിച്ചു തരണമെന്നില്ല.’
ആ വിഭാഗത്തിൽ പെടുന്നയാളല്ല താനെന്ന് തൻവി
‘അച്ഛനും ചേട്ടനും കട്ട സപ്പോർട്ടായിരുന്നു വണ്ടി ഓടിപ്പിക്കാനും പഠിപ്പിക്കാനും എല്ലാം. വണ്ടി എടുക്കാനുള്ള ധൈര്യം തന്നതും ഇവർ തന്നെയാണ്. ആദ്യമൊക്കെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന കാര്യം പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ ഞാനും ഏട്ടനും തമ്മിൽ അടിയാകും. പിന്നെ ബെംഗളൂരുവിലെ ഡ്രൈവിങ് സ്കൂളിൽ പോയി 10 ദിവസം കൊണ്ട് സംഭവം റെഡിയാക്കിയെടുത്തു. ആദ്യ ടെസ്റ്റിൽത്തന്നെ പാസാവുകയും ചെയ്തു. ഡ്രൈവിങ് ഒരു സ്ത്രീക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങളിൽ ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വളരെ ഇഷ്ടമുള്ള കാര്യമാണ് ഡ്രൈവിങ്. ഏകദേശം അഞ്ചു കൊല്ലത്തോളമായി ഡ്രൈവിങ് ആരംഭിച്ചിട്ട്.’
വീട്ടിലെ വാഹനങ്ങളായ എസ് ക്രോസിലെയും അവിയോയിലെയും പഠിത്തം കഴിഞ്ഞ് ഇപ്പോൾ സ്വന്തം വാഹനത്തിലെ യാത്ര കൂടുതൽ ആസ്വദിക്കാനും തുടങ്ങിയിരിക്കുന്നു താനെന്ന് തൻവി റാം.
പോളോ- കംപ്ലീറ്റ് പാക്കേജ്
‘കുറച്ചു സമയമെടുത്താണെങ്കിലും സ്വന്തമായി ഒരു ഫോർവീൽ വാഹനം വേണമെന്നത് സ്വപ്നമായിരുന്നു. ആദ്യം വാങ്ങിയ വാഹനം ആക്ടീവയായിരുന്നു. അതിലായിരുന്നു ഇത്രയും നാൾ എന്റെ സഞ്ചാരം. ഒരു വർഷത്തോളമായി ആലോചിച്ചും പല വാഹനങ്ങളെക്കുറിച്ചും റിസർച്ച് നടത്തിയുമാണ് പോളോയിൽ എത്തിയത്. എന്റെ അഭിപ്രായത്തിൽ ഒരു കംപ്ലീറ്റ് പാക്കേജ് എന്നുപറയാം ഈ കാറിനെ. പവർഫുൾ, കംഫർട്ടബിൾ, സ്റ്റെലിഷ്, സ്പോർട്ടി, എങ്ങനെ നോക്കിയാലും പോളോ അടിപൊളിയാണ്. പിന്നെ നമ്മൾ ഉദ്ദേശിക്കുന്ന ഒരു പ്രൈസ് റേഞ്ചിൽ ഇതുപോലൊരു കാർ കിട്ടുക എന്നതും നല്ല കാര്യമല്ലേ.
ഡ്രൈവിങ് അറിയാമെങ്കിൽ ഏതു കാറും ഓടിക്കാം എന്നാണ് എനിക്കിപ്പോൾ തോന്നിയിട്ടുള്ളത്. പല കാറുകളും ഞാൻ ഓടിച്ചിട്ടുമുണ്ട്. ഫോർവീൽ ഡ്രൈവ് ഇതുവരെ വരെ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് വലിയ അറിവില്ല. പോളോയ്ക്കൊപ്പമുള്ള യാത്രകൾ ആസ്വദിക്കുന്നുണ്ട് ഞാനിപ്പോൾ. കാർ എടുത്തതിനുശേഷം മറക്കാനാവാത്ത ഒരു യാത്രയും സംഭവിച്ചു, അതും ലോക്ഡൗൺ കാലത്ത്.’
പെട്രോൾ തീരുമെന്ന പേടിയിൽ ചുരമിറക്കം
‘കൊവിഡ് സമയത്ത് ആദ്യമായി മറ്റു സംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി കിട്ടിയ സമയം. ഞാനും അച്ഛനും അമ്മയും ഞങ്ങളുടെ വളർത്തുനായയും കൂടി ബെംഗളൂരുവിൽനിന്നു നാടായ കണ്ണൂരിലേക്ക് യാത്ര തിരിക്കുന്നു. ഏകദേശം 11 മണിക്കൂറെടുത്തു ആ യാത്ര. ഇതിനിടയിൽ അഞ്ചു മണിക്കൂറോളം ചെക്ക്പോസ്റ്റിലും പോസ്റ്റായി. അവിടെ കാത്തുനിന്ന സമയമത്രയും എസിയിട്ടിട്ടുപോലും ഞങ്ങൾ ക്ഷീണിതരായി. ഒരുവിധം അവിടെനിന്നു വീണ്ടും വണ്ടിയെടുത്തു. സാധാരണ പോകുന്ന വഴിയിലൂടെ ആയിരുന്നില്ല അന്ന് വന്നത്. നമ്മൾ പതിവായി വരുന്ന വഴികളൊക്കെ അടച്ചിരുന്നു. വേറൊരു റൂട്ടിലൂടെയാണ് അന്നു വന്നത്.
അങ്ങനെ ചുരമിറങ്ങി പകുതിയായപ്പോൾ പെട്രോൾ തീരാറായി. ഇനി എത്ര ദൂരമുണ്ടെന്ന് ഒരു ഐഡിയയുമില്ല. വണ്ടി ഓടിക്കുന്നത് ഞാനാണ്. രാത്രി ഏറെ വൈകി, ഇനിയും ചുരം ഇറങ്ങാനുമുണ്ട്. ആ സമയത്ത് ഒരു ഭാഗത്തേക്ക് ഞങ്ങളുടെ വണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും ടെൻഷനടിച്ച സമയം. പക്ഷേ ഭാഗ്യത്തിന് ചുരമിറങ്ങി താഴെ എത്തിയതിനു ശേഷമാണ് പെട്രോൾ തീർന്നത്. അവിടെയുണ്ടായിരുന്ന പൊലീസുകാർ പെട്രോൾ എത്തിച്ചുതന്നു. എട്ടു മണിയായപ്പോൾ അവിടെയുള്ള പമ്പുകൾ എല്ലാം അടച്ചിരുന്നു. അതിലൊരെണ്ണം തുറപ്പിച്ചാണ് അവർ ഞങ്ങൾക്ക് പെട്രോൾ എത്തിച്ചത്. മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നായി അതു മാറി.’
സിറ്റിയിൽ ഓട്ടമാറ്റിക്, ലോങ് ഡ്രൈവിൽ മാനുവൽ ഇഷ്ടം
എന്റെ ഡ്രൈവ് കൂടുതലും സിറ്റിയിൽ ആയതുകൊണ്ട് അധികം സ്ട്രെസ്സ് എടുത്തു വണ്ടി ഓടിക്കേണ്ട ആവശ്യമില്ല. മിക്കവാറും ട്രാഫിക് ബ്ലോക്കിൽ ആയിരിക്കും നമ്മൾ. പതിയെ അങ്ങനെ ഓടിച്ചു പോകാം എന്നേയുള്ളൂ. അതിനു പറ്റിയത് ഓട്ടമാറ്റിക് തന്നെയാണ്. പക്ഷേ മാനുവൽ വാഹനങ്ങളാണ് എനിക്കിഷ്ടം. പ്രത്യേകിച്ച് ലോങ് ഡ്രൈവ് പോകുമ്പോൾ അതിന്റെ രസം ഒന്നു വേറെയാണ്
ലോങ് ഡ്രൈവിന്റെ ത്രിൽ അനുഭവിക്കണമെങ്കിൽ മാനുവൽ വാഹനങ്ങൾ ഓടിക്കണം എന്നാണ് തൻവിയുടെ പക്ഷം. ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമെല്ലാം തനിച്ചു വാഹനമോടിക്കുന്ന ആളാണ് തൻവി.
‘ബെംഗളൂരുവിലും കൊച്ചിയിലുമാണ് ഞാൻ അധികവും സമയം ചെലവഴിക്കുന്നത്. രണ്ടിടത്തും ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ വളരെ പതുക്കെയേ വാഹനം ഓടിക്കാൻ സാധിക്കൂ. എല്ലാവരും തിരക്കുള്ളവരാണ്. ആർക്കും ഒരു സെക്കൻഡ് പോലും മറ്റുള്ളവർക്കായി ചെലവഴിക്കാൻ സമയമില്ല. ഒന്നു നിർത്തി വഴിമാറി കൊടുക്കാനോ അടുത്തയാളെ കടത്തിവിടാനോ ശ്രമിക്കാത്തവരാണ് പലരും. ഈ പറഞ്ഞതൊക്കെ പാലിക്കാൻ ശ്രമിച്ചാൽ കുറേ ബ്ലോക്കുകളും സമയനഷ്ടവും ശരിയാക്കിയെടുക്കാം എന്നാണ് എനിക്ക് തോന്നാറുള്ളത്. ഞാൻ വാഹനം നിർത്തി കൊടുക്കാനും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും ശ്രമിക്കാറുണ്ട്.’
യാത്രയിൽ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും തന്റെ കൂടെയുള്ളവരോട് നിർബന്ധമായും ഇതു രണ്ടും പാലിക്കാൻ പറയാറുണ്ടെന്നും തൻവി പറയുന്നു. ‘ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും അപകടം സംഭവിച്ച പലരെയും എനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ട് അതിന്റെ ആവശ്യകത നല്ലതുപോലെ മനസ്സിലാക്കിയിട്ടുണ്ട്’.