ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിൽ

Mail This Article
ഇറ്റലി ∙ കൊറോണ ബാധിത പ്രദേശങ്ങളിൽ സേവനം ചെയുന്നതിന് ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിലെത്തി. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 52 അംഗ വിദഗ്ധ സംഘമാണ് ഇന്നലെ റോമ എയർപോർട്ടിലെത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ്- 19 മരണങ്ങൾ റിപ്പോർട്ടു ചെയ്യുകയും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുകയും ചെയ്ത മിലാനിലെ ലൊംബോർദിയ റീജിയണിലാണ് ഇവർ പ്രവർത്തിക്കുക.

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്ന ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്ക് തങ്ങളുടെ വിദഗ്ധ ഡോക്ടർമാരെ അയക്കുന്നതിന് പേരുകേട്ട രാജ്യമാണ് ക്യൂബ. ഹെയ്തിയിലും പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോളയിലും കോളറയെ നേരിടുന്നതിനുള്ള മുൻനിര പ്രവർത്തനങ്ങൾക്ക്, നേതൃത്വം നൽകിയത് ക്യൂബൻ ഡോക്ടർമാരായിരുന്നു. ഇതാദ്യമായാണ് ക്യൂബ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുന്നത്.

“ഞങ്ങൾ എല്ലാവരും ഭയപ്പെടുന്നു, പക്ഷേ, ഞങ്ങൾക്ക് ഒരു വിപ്ലവകരമായ കടമയുണ്ട്, അതിനാൽ ഞങ്ങൾ ഞങ്ങളുടെ ഭയം ഒരു വശത്തേക്ക് മാറ്റുന്നു”– സംഘത്തിലുള്ള തീവ്രപരിചരണ വിദഗ്ധൻ ഡോ. ലിയോനാർഡോ ഫെർണാണ്ടസിന്റെ വാക്കുകൾ അവരുടെ ഉത്തരവാദിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.