ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിക്ക് സഹതടവുകാരന്റെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Mail This Article
വെസ്റ്റ് യോർക്ഷർ ∙ വെസ്റ്റ് യോർക്ഷറിലെ വേക്ക്ഫീൽഡ് ജയിലിൽ ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളിയായ സിഡ്‌നി കുക്കിനെ (97) സഹതടവുകാരൻ ക്രൂരമായി മർദ്ദിച്ചു. ജയിലിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ‘ദ സൺ’ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സഹതടവുകാരൻ, കുക്കിനെ പിന്നിൽനിന്ന് ഫ്ലാസ്ക് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം.
20 കുട്ടികളുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളാണ് സിഡ്‌നി കുക്ക്. സഹതടവുകാരന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ സിഡ്‌നി കുക്ക് താഴെ വീഴുകയും ആക്രമി മൂന്ന് തവണ ഫ്ലാസ്ക് ഉപയോഗിച്ച് മുഖത്ത് അടിച്ചു. മറ്റൊരു തടവുകാരൻ അക്രമിയായ തടവുകാരനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതു കണ്ട സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് സിഡ്‌നി കുക്കിനെ രക്ഷിച്ചത്.
ദീർഘകാലമായി സിഡ്‌നി കുക്കിന് സഹതടവുകാരനുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇയാളെ കുക്ക് ആക്രമിച്ചിട്ടുമുണ്ട്. ഇതിനെ തുടർന്നുണ്ടായ പകയാണ് കുക്കിനെ ആക്രമിക്കാൻ കാരണമെന്നാണ് സൂചന. സാരമായി പരുക്കേറ്റ കുക്കിനെ ഹെൽത്ത് കെയർ യൂണിറ്റിലേക്ക് മാറ്റി. ജയിലിനുള്ളിൽ കുക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്നും ഇനിയും അടിയേറ്റിരുന്നെങ്കിൽ ഒരുപക്ഷേ കുക്കിന് ജീവൻ പോലും നഷ്ടമാകുമായിരുന്നെന്ന് സഹതടവുകാരിൽ ഒരാൾ പറഞ്ഞു.
ആരാണ് സിഡ്നി കുക്ക്?
ബ്രിട്ടനെ പിടിച്ചുകുലുക്കിയ വലിയ വിവാദമായിരുന്നു 1970 കളിലും 1980 കളിലും നടന്ന 20 ഓളം ആൺകുട്ടികളുടെ തിരോധാനം. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ക്രിമിനൽ സംഘമാണ് കുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പക്ഷേ ഇതിൽ ചില കുട്ടികളുടെ തിരോധാനം മാത്രമാണ് ഈ സംഘവുമായി ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിക്കാൻ പൊലീസ്. മറ്റുള്ളവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ സാധിക്കാത്തതിനാൽ ആ തിരോധാനങ്ങൾ ഇന്നും ദുരൂഹമായി തുടരുകയാണ്. ഈ കേസുകളിൽ ഉൾപ്പെട്ടെ ക്രിമിനൽ സംഘ തലവനാണ് സിഡ്‌നി കുക്ക് എന്നാണ് പൊലീസ് ഭാഷ്യം.