കുരുത്തോലയ്ക്ക് പകരം ഒലിവിലയും പൂച്ചെടിയും; വിവിധ രാജ്യങ്ങളിലെ ഓശാന വിശേഷങ്ങൾ

Mail This Article
യേശുക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനത്തിന്റെ ഓർമ പുതുക്കുന്ന ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകളോടെ ക്രൈസ്തവർ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചു. ഈ ദിനത്തിൽ, നമ്മുടെ നാട്ടിലെ വിശ്വാസികൾ ശുശ്രൂഷകളിൽ കുരുത്തോല ഉപയോഗിക്കുന്നു. എന്നാൽ, എല്ലാ രാജ്യങ്ങളിലും കുരുത്തോലയല്ല പ്രധാനമായും ഉപയോഗിക്കുന്നത്. കുരുത്തോലകൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ, ഓശാന ഞായറിന്റെ ശുശ്രൂഷകൾക്കായി പലതരം ചെടികളുടെ കൊമ്പുകൾ ഉപയോഗിക്കാറുണ്ട്. പോളണ്ടിലും മറ്റ് സ്ലാവിക് ദേശങ്ങളിലും പൂച്ചെടിയുടെ തളിരുകളാണ് ഇതിനായി എടുക്കുന്നത്.
ഇറ്റലിയിൽ പ്രദക്ഷിണത്തിന് ഒലിവ് ഇലകൾ ഉപയോഗിക്കുന്നു. ചുവന്ന വസ്ത്രം ധരിച്ച കാർമ്മികൻ അലങ്കരിച്ച നീണ്ട ഒലിവുചില്ല പിടിച്ച് മുൻപിൽ നടക്കുന്നു. അനുഗ്രഹിക്കപ്പെട്ട ഒലിവു ശിഖരങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി വീടുകളിലെ കിടപ്പുമുറികളിൽ ഒരു വർഷം വരെ തൂക്കിയിടുന്നു. ഇത് പ്രകൃതിദുരന്തങ്ങളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും രക്ഷ നൽകുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ജർമനിയിൽ ബുക്സ്ബൗമർ ചെടിയുടെയോ അല്ലെങ്കിൽ മുൾച്ചെടിയുടെ ഇലകളോ ആണ് പ്രദക്ഷിണത്തിൽ കൊണ്ടുനടക്കുന്നത്.
അനേകം ആഫ്രിക്കൻ രാജ്യങ്ങളിൽ ഈന്തപ്പനയുടെ ഇലകളാണ് പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ, വിയറ്റ്‌നാം, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഓശാന പെരുന്നാളിന് കുരുത്തോലകളാണ് ഉപയോഗിക്കുന്നത്. കുരുത്തോലയോ ഒലിവ് ഇലയോ ഈന്തപ്പനയോ കുരിശിന്റെ രൂപത്തിലോ പൂക്കളുടെ ആകൃതിയിലോ മെടഞ്ഞ് വീടുകളിൽ ഒരു വർഷം സൂക്ഷിക്കുന്നു.

കുരുത്തോലകൾ സമാധാനത്തിന്റെയും വിജയത്തിന്റെയും നിത്യജീവന്റെയും അടയാളമാണ്. പുരാതന ഗ്രീസിൽ വിജയികൾക്ക് കുരുത്തോലകൾ സമ്മാനമായി നൽകിയിരുന്നു. റോമക്കാരും ഇതിനെ വിജയവുമായി ബന്ധപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ ഈന്തപ്പനയെ അസീറിയയിൽ സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന വിശുദ്ധ വൃക്ഷമായി കരുതിയിരുന്നു. ഈജിപ്തുകാർ ഈന്തപ്പനയെ അനശ്വരതയുടെയും നിത്യജീവിതത്തിന്റെയും ചിഹ്നമായി വിശ്വസിച്ചു.
ബൈബിളിൽ ഈന്തപ്പനകളെക്കുറിച്ച് പരാമർശങ്ങളുണ്ട്. ലേവ്യരുടെ പുസ്തകത്തിൽ കൂടാരങ്ങളുടെ പെരുന്നാളിന് ഈന്തപ്പനയുടെ കൊമ്പുകൾ ഉപയോഗിക്കാൻ പറയുന്നു. സോളമൻ രാജാവ് ദേവാലയത്തിന്റെ ചുവരുകളിൽ ഈന്തപ്പനകളുടെ രൂപങ്ങൾ കൊത്തിവച്ചു.ഓശാന ഞായറിന് ഉപയോഗിക്കുന്ന കുരുത്തോലകളും മറ്റ് സസ്യങ്ങളുടെ കൊമ്പുകളും പുരോഹിതൻ വെഞ്ചരിക്കുന്നതോടെ വിശുദ്ധീകരിക്കപ്പെടുന്നു. വിശ്വാസികൾക്ക് ഇവ ഭക്തിയോടെ വീട്ടിൽ കൊണ്ടുപോകുന്നത് ഓശാനയുടെ പ്രത്യേകതയാണ്.