വേനൽ കത്തിക്കയറുന്നു; അതീവ കരുതൽ വേണം ആരോഗ്യത്തിൽ
Mail This Article
ദുബായ്∙ വേനൽ പിടിമുറുക്കിയതോടെ ആരോഗ്യപ്രശ്നങ്ങൾ വ്യാപകം. പലദിവസങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിലായതിനാൽ തളർച്ച, തലകറക്കം, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, വയറിളക്കം തുടങ്ങിയവ മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി.
യുഎഇയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വേനൽക്കാലമെങ്കിലും ഇത്തവണ മേയ് പകുതിയോടെ ചൂടുകൂടി. പൊടിക്കാറ്റും ശക്തമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടു കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്. പുറംജോലി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കുട്ടികൾ, വയോധികർ, രോഗികൾ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണം ക്രമീകരിക്കുകയും വേണം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നേരിട്ടു വെയിൽ കൊള്ളുന്നത് ആരോഗ്യകരമല്ല.
പാടില്ല, മദ്യപാനം പുകയില
ചൂടുകാലത്ത് മദ്യപാനവും പുകയില ഉപയോഗവും ഒഴിവാക്കണം. മറ്റ് പാനീയങ്ങൾ കഴിവതും കുറച്ച് വെള്ളം, മോര്, കരിക്കിൻവെള്ളം എന്നിവ ശീലമാക്കുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക. തണുത്തവെള്ളത്തിൽ രണ്ടു നേരവും കുളിക്കുന്നത് ആശ്വാസകരമാണെങ്കിലും ചൂടുവെള്ളത്തിൽ ഐസ് കട്ടകളിട്ടു തണുപ്പിച്ചു കുളിക്കുന്നത് ഒഴിവാക്കണം. പകരം ബക്കറ്റിൽ വെള്ളം നേരത്തേ പിടിച്ചുവയ്ക്കുക.
ജലാംശനഷ്ടം ഗുരുതരമാകും
∙ ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നു ഷാർജ സ്റ്റാർ കെയർ മെഡിക്കൽ സെന്റർ ഡെർമറ്റോളജി സ്പെഷലിസ്റ്റ് ഡോ. എൻ. ഡി. ജോർജ് പറഞ്ഞു. ജലാംശനഷ്ടം മൂലം ശരീരത്തിലെ ലവണങ്ങളുടെ തോതിൽ വ്യതിയാനമുണ്ടാകും.
∙ വയറിലും കൈകളിലും പാദങ്ങളിലും കടുത്ത വേദനയുണ്ടാകുന്നതാണ് ഒരു ലക്ഷണം.
∙ പേശികൾ കൊളുത്തിപ്പിടിക്കുന്നതു പോലെ തോന്നാം. തളർച്ച കൂടി ഛർദിക്കാനുള്ള പ്രവണത.
∙ കടുത്ത ചൂടിൽ ശരീരം തടിച്ചു വീർക്കുകയോ പൊള്ളിക്കുമിളയ്ക്കുകയോ ചെയ്യും.
∙ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്യാം. വൈകാതെ രോഗി അബോധാവസ്ഥയിലാകുന്നു.
∙ തലച്ചോറിന്റെ കോശങ്ങളെയും ഹൃദയത്തെയും വൃക്കയെയും ബാധിക്കുന്നു.
∙സൂര്യാഘാതമുണ്ടായാൽ രോഗിയെ ഉടൻ തണലത്തേക്കു മാറ്റുകയും കാറ്റുകിട്ടാൻ സൌകര്യമൊരുക്കുകയും വേണം. വലിയ കമ്പനികൾ 2 മണിക്കൂർ കൂടുമ്പോൾ തൊഴിലാളികളെ ശീതീകരിച്ച മുറിയിലേക്ക് മാറ്റാറുണ്ട്.
∙ ഇറുകിപ്പിടിച്ച വസ്ത്രങ്ങളാണെങ്കിൽ മാറ്റി മുഖത്ത് തണുത്തവെള്ളമൊഴിക്കുകയും കുടിക്കാൻ കൊടുക്കുകയും വേണം.
∙ അബോധാവസ്ഥയിലായാൽ കക്ഷത്തിലും അടിവയറ്റിലും കഴുത്തിലും ഐസ് പായ്ക്ക് വയ്ക്കണം.
∙ മൈഗ്രൈൻ ഉള്ളവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺഗ്ലാസും കുടയും ഉപയോഗിക്കണം. തൊപ്പിയെങ്കിലും കരുതണം. കണ്ണിലേക്കു കടുത്ത പ്രകാശമടിച്ചാൽ മൈഗ്രൈൻ കൂടാൻ സാധ്യതയുണ്ട്.
പൊടിക്കാറ്റും വില്ലൻ
∙പൊടിക്കാറ്റ് ഉള്ളപ്പോൾ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. കാറ്റിൽ പ്ലാസ്റ്റിക് തരികളും രാസവസ്തുക്കളും ശ്വാസകോശത്തിലെത്താൻ സാധ്യതയുണ്ട്. കണ്ണിനും ത്വക്കിനും അലർജിപോലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം.
∙ വേനൽക്കാലത്ത് അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ശീലമാക്കാം. പുറത്തിറങ്ങുമ്പോൾ കുടയും റേഡിയേഷൻ തടയുന്ന സൺ ഗ്ലാസും ഉപയോഗിക്കണം.
∙ എത്ര അടച്ചിട്ടാലും വീടിനുള്ളിൽ പൊടിപടലങ്ങൾ കയറാം. വേനൽക്കാലത്ത് കാർപറ്റുകളും കർട്ടനുകളും ഇടയ്ക്കിടെ വൃത്തിയാക്കണം. നിലവും മറ്റും തുടയ്ക്കുകയും വേണം.
∙ പൊടിപിടിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങളും മറ്റും കുട്ടികൾക്കു നൽകുന്നത് ഒഴിവാക്കണം.