അറബ് ലീഗ് ഉച്ചകോടി മേഖലയുടെ ഐക്യത്തിന് ശക്തിപകരും: അമീർ

Mail This Article
ദോഹ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന 32-ാമത് അറബ് ഉച്ചകോടി മേഖലയുടെ ഐക്യത്തിനും കൂട്ടായ അറബ് പ്രവർത്തനങ്ങൾക്കും ശക്തിപകരാൻ സഹായകമാകുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സൗദിയെ അദ്ദേഹം അഭിനന്ദിച്ചു.

അമീറിനൊപ്പമുള്ള പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി, മന്ത്രിമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. ജിദ്ദയിൽ എത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അമീറിനെ സ്വീകരിക്കാൻ മക്ക അൽ മുകറാമ മേഖലാ ഡപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ്, സൗദിയിലെ ഖത്തർ സ്ഥാനപതി ബന്ദർ ബിൻ മുഹമ്മദ് അൽ അത്തിയ, ഖത്തറിലെ സൗദി സ്ഥാനപതി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, ഖത്തർ എംബസി പ്രതിനിധികൾ, സൗദി സിവിൽ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറഎ പേർ എത്തിയിരുന്നു.