യുഎഇയിൽ കനത്ത മഴ: വെള്ളത്തിൽ 'കുടുങ്ങി' വാഹനങ്ങൾ, സ്കൂളുകൾ റിമോട്ട് ലേണിങ്ങിലേക്ക്; രാജ്യത്ത് യെല്ലോ അലർട്ട്
Mail This Article
ദുബായ് ∙ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ കണ്ടാണ് ഇന്ന് (വെള്ളി) രാവിലെ യുഎഇ നിവാസികൾ ഉറക്കമെണീറ്റത്. ഇന്നലെ റാസൽഖൈമയിൽ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പരക്കുകയായിരുന്നു. പലയിടത്തും അരക്ഷിതമായ കാലാവസ്ഥ ഇപ്പോഴും തുടരുന്നു. മിക്കയിടത്തും റോഡുകളിൽ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. പാതകളുടെ അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ നീങ്ങി റോഡുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പടുവിച്ചു. ദുബായ് പൊലീസ് ജാഗ്രതാ സന്ദേശം മൊബൈല്‍ ഫോണിലൂടെ നൽകുകയും ചെയ്തു.
മഴയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളം തളം കെട്ടി നിൽക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുകയുിരുന്നു. ഓൺലൈൻ പഠന സൗകര്യമേർപ്പെടുത്താന്‍ ചില സ്കൂളുകൾ തീരുമാനിക്കുകയും ചെയ്തിരുന്നു. യാത്ര ബുദ്ധിമുട്ടായതിനാൽ മലയാളികളടക്കമുള്ള പ്രവാസികൾ പലരും ഇന്ന് ജോലിക്ക് ഓഫീസിലെത്താൻ സാധിച്ചിട്ടില്ല. ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുകയും മറ്റു പലരും അവധിയെടുക്കുകയും ചെയ്തു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്തു. പലയിടത്തും ശക്തമായ കാറ്റും വീശി. സമൂഹ മാധ്യമങ്ങളിൽ മഴ ദൃശ്യങ്ങൾ നിറഞ്ഞു. മലയാളികൾ നാട്ടിലെ മഴക്കാലത്തിൻ്റെ ഓർമകളിലാണ്.
∙ വിദ്യാർഥികൾ റിമോട്ട് ലേണിങ്ങിൽ
ഇന്ന് റാസൽഖൈമയിലെ വിദ്യാർഥികൾ വീട്ടിലിരുന്ന് പഠിക്കുമെന്ന് എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു. വിദ്യാർഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. അതേസമയം, ഉമ്മുൽ ഖുവൈനിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, ഉമ്മുൽ ഖുവൈൻ എജ്യുക്കേഷണൽ ഡിസ്ട്രിക്റ്റിന്റെയും എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും ഏകോപനത്തിൽ പൊതു, സ്വകാര്യ സ്കൂളുകളോട് റിമോട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ സുരക്ഷയ്ക്കായി നഴ്സറികൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലകളുടെയും കോളജുകളുടെയും മാനേജ്‌മെന്റുകളോടും വഴക്കമുള്ള തൊഴിൽ സംവിധാനങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ച് വിദ്യാർഥികളുമായി ഏകോപിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അജ്മാനിലും പൊതു-സ്വകാര്യ സ്‌കൂളുകൾക്ക് വഴക്കമുള്ള വർക്ക് ഷെഡ്യൂളിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചു. പ്രാദേശിക എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ ഇന്ന് വിദൂരമായി പ്രവർത്തിക്കുന്നു.