ദുബായ് 'വിസ്മയം' കാണാൻ ഓഫറുകൾ തേടി 'കുടുങ്ങി'; അബുദാബിയിലെ മലയാളി യുവ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
Mail This Article
അബുദാബി ∙ ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കെ, അബുദാബിയിലെ മലയാളി യുവ ദമ്പതികൾക്ക് അടുത്തടുത്ത ദിവസങ്ങളിൽ ലക്ഷങ്ങൾ നഷ്ടമായി. കഴിഞ്ഞ 9 വർഷമായി അബുദാബി അഡ്നോകിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് യഥാക്രമം 1,75,000 രൂപയും (7,747 ദിർഹം), ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിർഹം) വീതം നഷ്ടമായത്.
∙ മ്യൂസിയം ഒാഫ് ദ് ഫ്യൂചർ കാണാന്‍ ഓഫറുകൾ തേടി കുടുങ്ങി
ദുബായുടെ 'ഏറ്റവും ഒടുവിലത്തെ' വിസ്മയമായ ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഒാഫ് ദ് ഫ്യൂചർ കാണാൻ വേണ്ടി ഇൗ മാസം 7ന് ഒാൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ' ഗൂഗിളിൽ മ്യൂസിയം ഒാഫ് ദ് ഫ്യൂചർ വെബ് സൈറ്റിൽ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഒരാൾക്ക് 150 ദിർഹമായിരുന്നു കാണിച്ചത്. അടുത്തതായി കണ്ട മ്യൂസിയം പ്രമോഷൻ എന്ന പേരിലുള്ള വെബ് സൈറ്റ് നോക്കിയപ്പോൾ മ്യൂസിയം ഒാഫ് ദ് ഫ്യൂചർ അടക്കം ദുബായിലെ മിക്ക വിനോദ–വിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40 ശതമാനം മുതൽ 50 ശതമാനം വരെ നിരക്കിളവ് കണ്ടു. മറ്റൊന്നും ആലോചിക്കാതെ മ്യൂസിയം ഒാഫ് ദ് ഫ്യൂചറിലേയ്ക്കുള്ള 2 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചു' – പ്രമോദ് പറയുന്നു. ആകെ 149 ദിർഹമായിരുന്നു നിരക്ക് കാണിച്ചത്. തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചപ്പോൾ മൊബൈലിലേയ്ക്ക് സന്ദേശമായി ഒടിപി വന്നു. അത് നൽകി കുറച്ച് കഴിഞ്ഞപ്പോൾ ക്രെഡിറ്റ് അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണ് എത്തിയത്. വീണ്ടും ശ്രമിച്ചപ്പോൾ ലഭിച്ച ഒടിപി നൽകിയപ്പോൾ ക്രെഡിറ്റ് ബാലൻസുണ്ടായിരുന്ന 7,747 ദിർഹം നഷ്ടപ്പെടുകയായിരുന്നു. യൂറോയിലാണ് പണം പോകുന്നതെന്ന് സന്ദേശത്തിൽ നിന്ന് മനസിലായപ്പോഴേയ്ക്കും പെയ്മെന്റ് നടന്നുകഴിഞ്ഞിരുന്നു.
ഇതേ തുടർന്ന് പ്രമോദ് പൊലീസിലും ബാങ്കിലും പരാതി നൽകി. ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും പണം കൈമാറ്റം നടന്നുകഴിഞ്ഞതിനാൽ അത് തിരിച്ചുകിട്ടുന്ന കാര്യത്തിൽ ബാങ്ക് നിസ്സഹായത പ്രകടിപ്പിച്ചതായി പ്രമോദ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. തുടർന്ന് വീസ കാർഡ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ബാങ്കുമായാണ് ഇടപാടെന്നും അവരെ ബന്ധപ്പെട്ടാല്‍ മതിയെന്നുമായിരുന്നു മറുപടി. മാർച്ച് 2ന് ലഭിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുമായി ബാങ്കിനെ സമീപിക്കാനാണ് അധികൃതർ ഒടുവിൽ നിർദേശിച്ചത്. മുസഫ പൊലീസിലും പ്രമോദ് പരാതി നൽകിയപ്പോൾ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുമായി ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്.
∙ രേവതിയെ കുടുക്കിയത് ദുബായ് പൊലീസിന്റെ പേരിലുള്ള വ്യാജ ഫോൺവിളി
ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതിന്റെ ഞെട്ടൽ മാറും മുൻപേയാണ് അബുദാബി ആസ്റ്റർ ആശുപത്രിയിൽ നഴ്സായ രേവതി പ്രമോദിനെ 'കുടുക്കിയ' ദുബായ് പൊലീസിന്റെ പേരിലെത്തിയ വ്യാജ ഫോൺവിളിയെത്തിയത്. ഇൗ മാസം 22നായിരുന്നു സംഭവം. ഒാൺലൈൻ–സൈബർ കുറ്റകൃത്യങ്ങൾ അടുത്ത കാലത്ത് വളരെ വ്യാപകമായിട്ടുണ്ടെന്നും താങ്കളുടെ ഡിജിറ്റൽ ബാങ്ക് കാർഡുകൾ ആർക്കും കാണാൻ സാധിക്കുമെന്നും അതിനാൽ എത്രയും പെട്ടെന്ന് ബ്ലോക്ക് ചെയ്യണമെന്നുമായിരുന്നു മൊബൈൽ നമ്പരിൽ വിളിച്ച, ഇംഗ്ലീഷും അറബികും കലർത്തി സംസാരിക്കുന്ന തട്ടിപ്പുകാരൻ ആവശ്യപ്പെട്ടത്. സംശയം തോന്നിയതിനാൽ താൻ പിന്നെ ബ്ലോക്ക് ചെയ്തോളാമെന്ന് പറഞ്ഞൊഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ, കാർഡ് നമ്പരും കാലാവധിയും എമിറേറ്റ്സ് െഎഡി നമ്പരുമെല്ലാം കൃത്യമായി തട്ടിപ്പുകാരൻ പറയുകയും ഇതെല്ലാം ശരിയല്ലേ എന്ന് ചോദിക്കുകയുമുണ്ടായി. ഇനിയും വിശ്വാസം വരുന്നില്ലെങ്കിൽ തന്റെ എമിറേറ്റ്സ് െഎഡിയുടെ കോപ്പി അയച്ചുതരാമെന്ന് പറഞ്ഞ് അടുത്ത നിമിഷം രേവതിയുടെ വാട്സാപ്പിലേയ്ക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തു. അത് വ്യാജമായുണ്ടാക്കിയ െഎഡി എന്ന് മനസിലാക്കാൻ സാധിക്കാത്തത് അബദ്ധമായി. ഇതോടെ രേവതി തട്ടിപ്പുകാരന്റെ വാക്കുകൾ വിശ്വസിക്കുകയും അയാൾ ആവശ്യപ്പെട്ട പ്രകാരം ഡെബിറ്റ് കാർഡിന്റെ സിവിവി നമ്പർ കാണും വിധം പിൻവശത്തെ ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് വന്ന ഒടിപി നമ്പരും പറഞ്ഞു കൊടുത്തു. തന്റെ അക്കൗണ്ടിൽ നിന്ന് പണം പോകുന്നുണ്ടല്ലോ എന്ന് അറിയിച്ചപ്പോൾ, അത് മറ്റൊരു വാലറ്റിലേയ്ക്ക് മാറ്റുകയാണെന്നും എല്ലാം ശരിയായ ശേഷം പണം തിരികെ ലഭിക്കുമെന്നായിരുന്നു മറുപടി. എന്നാൽ, യുവതിയുടെ സഹപ്രവർത്തക ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് തട്ടിപ്പുകാരനുമായി ഫോണിൽ സംസാരിച്ചപ്പോൾ അയാൾ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
∙ നഷ്ടമായത് സ്റ്റുഡന്റ്സ് ലോൺ അടയ്ക്കാൻ വച്ച പണം
ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നതായി പ്രമോദിന്റെ ഫോണിലേയ്ക്ക് നോട്ടിഫിക്കേഷൻ വന്നുകൊണ്ടിരുന്നു. ഇതേത്തുടർന്ന് രേവതിയെ ഫോൺ വിളിച്ചെങ്കിലും തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരുന്നതിനാൽ അറ്റൻഡ് ചെയ്യാനായില്ല. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴേയ്ക്കും രേവതിയുടെ അക്കൗണ്ടിൽ നിന്ന് 6,500 ദിർഹം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നഴ്സിങ് പഠനത്തിനായി എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി വച്ച പണമായിരുന്നു നഷ്ടപ്പെട്ടതെന്ന് രേവതി പറഞ്ഞു. മുസഫ പൊലീസിലും സൈബർ പൊലീസിലും ബാങ്കിലും രേവതി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് രേവതി യുഎഇയിലെത്തിയത്. ഇത്തരത്തിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും പണം നഷ്ടമായിട്ടുണ്ട്.
∙ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണം
അടുത്തിടെ ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാർരും മറ്റു ആരോഗ്യ പ്രവർത്തകരും ഇത്തരം തട്ടിപ്പിനിരയായിരുന്നു. ഇവരില്‍ പലർക്കും വൻ തുകകളാണ് നഷ്ടമായത്. തൃശൂർ സ്വദേശി ഡോ.രാകേഷും ഇദ്ദേഹം ജോലി ചെയ്യുന്ന ക്ലിനിക്കിലെ ഡോക്ടർമാരടക്കമുള്ളവർക്കും പണം നഷ്‌ടമായി. പണം പിൻവലിച്ചതായുള്ള സന്ദേശം എത്തി ഞെട്ടലോടെ അക്കൗണ്ട് തുറന്നുനോക്കിയപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായത്. നാലായിരം ദിർഹമാണ് ഡോ.രാകേഷിന് നഷ്ടമായത്. ജോർദാനിലെ ഒരു റസ്റ്ററന്റിന്റെ അക്കൗണ്ടിലേയ്ക്കാണ് പണം പോയത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ഫാർമസിയിലെ ജീവനക്കാരിക്കും ദുബായിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരടക്കമുള്ള 10 പേർക്കും ഇതേപോലെ പണം നഷ്ടമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഫാര്‍മസി ജീവനക്കാരിക്ക് 50,000 ദിർഹമാണ് നഷ്ടമായത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ നമ്പർ അയച്ചുകൊടുക്കുകയായിരുന്നു. ഉടൻ തന്നെ സമ്പാദ്യമായി കരുതിവച്ചിരുന്ന പണം മുഴുവൻ തട്ടിപ്പുകാർ വലിച്ചെടുക്കുകയും ചെയ്തു.
മറ്റു പലർക്കും ഇതുപോലെ വലിയ തുകകള്‍ നഷ്ടപ്പെട്ടു. ഇവരിൽ ഏറെയും മലയാളി ഡോക്ടർമാരായിരുന്നു. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയെടുത്തിരിക്കുന്നത്. പലരോടും ഒടിപി പോലും ചോദിക്കുകയുണ്ടായില്ല. ഡോ.രാകേഷിന്റെ ഗൂഗിൾ പേ വഴിയാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന് ബാങ്കിൽ പരാതിപ്പെട്ടപ്പോൾ ഗൂഗിൾ പേ, സാംസങ് പേ, ആപ്പിൾ പേ വഴി പണം നഷ്ടമായാൽ തങ്ങൾ ഉത്തരവാദി ആയിരിക്കില്ലെന്നാണ് ബാങ്ക് അറിയിച്ചതെന്ന് ഡോ.രാകേഷ് പറയുന്നു. അതേസമയം, 500 ദിർഹം നഷ്ടമായ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിന് അത് ബാങ്ക് തിരിച്ചുനൽകുകയും ചെയ്തു. മാസശമ്പളക്കാരായ ഇവരെല്ലാം വിവിധ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഒടിപിയും ആവശ്യപ്പെട്ട് യുഎഇയിൽ ഒാൺലൈൻ തട്ടിപ്പുകൾ ശക്തമായി തുടരുന്നതായും പുതിയ തന്ത്രങ്ങളുപയോഗിച്ചാണ് അവർ ആളുകളെ ബന്ധപ്പെടുകയെന്നും ജാഗ്രത പുലർത്തണമെന്നും ഇത്തരം കോളുകൾ ലഭിച്ചവർ പറയുന്നു. ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ ഇംഗ്ലീഷും അറബിക്കും കൂട്ടിക്കലർത്തിയാണ് തട്ടിപ്പുകാർ സംസാരിക്കുക. ആദ്യം വളരെ സൗമ്യമായി ആരംഭിക്കുന്ന വർത്തമാനം പിന്നീട് വഴങ്ങില്ല എന്ന് മനസിലാകുമ്പോൾ ഭീഷണിയുടെ സ്വരമുയർത്തുന്നു. യുഎഇയിലെ പൊലീസുകാർ ഒരിക്കലും തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ആരെയും വിളിക്കാറില്ല. മാത്രമല്ല, വളരെ മാന്യതയോടെ മാത്രമേ അവർ പെരുമാറുകയുമുള്ളൂ, പ്രത്യേകിച്ച് വനിതകളോട്. വനിതകളെ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ.
∙ തട്ടിപ്പുകാരെ കുടുക്കി റാസൽഖൈമ പൊലീസ്
അതേസമയം, ഇത്തരം തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തിയ റാസൽഖൈമ പൊലീസിന് താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ സംഘത്തെ അടുത്തിടെ പിടികൂടാൻ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് ബാങ്ക് കാർഡുകളും പണവും കണ്ടെത്തി.
സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോൺ കോളുകൾ വഴിയോ വ്യാജ വാട്ട്‌സ്ആപ് സന്ദേശങ്ങൾ വഴിയോ താമസക്കാരെ ബന്ധപ്പെട്ടാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, ഡാറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് പറയുകയും ഇതോടെ ആശങ്കയിലാകുന്നവര്‍ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് തട്ടിപ്പുകാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പ്രവേശിച്ച് പണം കവരുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തതായുള്ള സന്ദേശമാണ് അടുത്തതായി ഇരകൾക്ക് ലഭിക്കുക. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടർന്ന് റാക് പൊലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ഓപറേഷനിലൂടെ സംഘത്തെ പിടികൂടുകയുമായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി പണം പിടിച്ചെടുത്തു. ഷാർജ പൊലീസുമായി സഹകരിച്ച് തട്ടിപ്പുകാരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് കാർഡുകളുടെ ശേഖരവും കണ്ടുകെട്ടിയിട്ടുണ്ട്. തുടർന്ന് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം വീണ്ടെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
∙ അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകളും സന്ദേശങ്ങളും; പ്രതികരിക്കരുത്
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പുകാർ മിക്കപ്പോഴും ഫോൺ വിളിക്കുന്നത്. ഇത് അവിടെ ചെല്ലാതെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാക്കുന്നതാണ്. ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ആവർത്തിച്ചു.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞു വിളിക്കുന്നവരോട്. അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ എസ്എംഎസ്, ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ വഴി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ ഇത്തരം പ്രവൃത്തികൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.