യുഎഇയിൽ വാഹന റജിസ്ട്രേഷൻ പുതുക്കാത്തവരെ പിടികൂടാൻ സ്മാർട് ക്യാമറ; പിഴയും വാഹനം കണ്ടുകെട്ടലുമായി പൊലീസ്
Mail This Article
റാസൽഖൈമ ∙ റാസല്‍ഖൈമയിലെ റോഡുകളില്‍ വാഹന റജിസ്ട്രേഷന്‍ പുതുക്കാത്ത നിയമലംഘനം സ്മാര്‍ട് ക്യാമറകള്‍ ഉപയോഗിച്ച് പിടികൂടുമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. റജിസ്ട്രേഷന്‍ പുതുക്കേണ്ട തീയതി കഴിഞ്ഞ് 40 ദിവസം കഴിഞ്ഞാല്‍ ഈ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ലംഘനം രേഖപ്പെടുത്തും.
വാഹന റജിസ്ട്രേഷന്‍ കൃത്യസമയത്ത് പുതുക്കേണ്ടത് നിര്‍ബന്ധമാണ്. പിഴയും വാഹനം കണ്ടുകെട്ടലുമാണ് ഇത്തരം നിയമലംഘനത്തിന് ലഭിക്കുന്ന ശിക്ഷ. 500 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുകളും ലഭിക്കും. റജിസ്ട്രേഷന്‍ കാലഹരണ തീയതി കഴിഞ്ഞ് 90 ദിവസം കഴിഞ്ഞാല്‍ ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. നമ്പര്‍ പ്ലേറ്റ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും മനുഷ്യ ഇടപെടലില്ലാതെ തന്നെ പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
∙ മറ്റ് എമിറേറ്റുകളിലെ വാഹനങ്ങൾക്കും റാസൽഖൈമയിൽ പിടിവീഴും
മറ്റ് എമിറേറ്റുകളിലെ പ്ലേറ്റ് നമ്പറുള്ള വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും സ്മാർട് ക്യാമറ സംവിധാനത്തിന് കഴിയും. വാഹന റജിസ്ട്രേഷനും ഇൻഷുറൻസും കൃത്യസമയത്ത് പുതുക്കണമെന്ന് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. കാലാവധിക്ക് ശേഷം ഒരു മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഒരു മാസത്തെ ഗ്രേസ് പിരീഡിനുള്ളിലെങ്കിലും വാഹന റജിസ്ട്രേഷൻ പുതുക്കാൻ നിർദ്ദേശിച്ചു.