‘തെറ്റുകൾ പൊറുക്കണം, പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്’; തീർഥാടന പുണ്യം തേടി സാനിയ മിർസ
Mail This Article
മക്ക/മദീന ∙ ഹജ് തീർഥാടനം ആരംഭിക്കാൻ 5 ദിവസം ബാക്കി നിൽക്കെ മദീനയിലുള്ള തീർഥാടകർ മക്കയിലേക്ക് തിരിച്ചുതുടങ്ങി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ മുഴുവൻ തീർഥാടകരും ഈ മാസം 12ന് മക്കയിൽ എത്തിച്ചേരും. മദീനയിൽ നേരിട്ട് എത്തിയ ഇന്ത്യൻ തീർഥാടകരിൽ ഭൂരിഭാഗവും മക്കയിൽ എത്തിയിരുന്നു. അവശേഷിക്കുന്നവർ ബുധനാഴ്ചയോടെ മക്കയിൽ എത്തുമെന്ന് ഇന്ത്യൻ ഹജ് മിഷൻ അറിയിച്ചു.
ബസിലും ട്രെയിനിലുമാണ് തീർഥാടകർ മക്കയിലേക്ക് തിരിക്കുന്നത്. മക്കയിൽ ഒത്തുചേരുന്ന തീർഥാടകർ ഹജ് മുന്നൊരുക്കങ്ങൾക്കായി 13ന് രാത്രിയോടെ കൂടാര നഗരിയായ മിനായിലേക്കു യാത്ര തുടങ്ങും. 14ന് മിനായിൽ താമസിക്കുന്നതോടെ ഹജ്ജിനു തുടക്കമാകും. 15നാണ് അറഫ സംഗമം.
അതിനിടെ ടെന്നിസ് താരം സാനിയ മിർസയും ഹജ്ജിനെത്തി. വിവരം സാനിയ തന്നെയാണ് എക്സിൽ കുറിച്ചത്. 'ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണം. പുതിയൊരു മനുഷ്യനായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. പ്രാർഥന സ്വീകരിക്കണമെന്നും ശരിയായ മാർഗത്തിൽ ഹജ് നിർവഹിക്കാൻ പ്രാർഥനയിൽ തന്നെ ഓർക്കണമെന്നും' സാനിയ മിർസ ആവശ്യപ്പെട്ടു. 18 ലക്ഷം വിദേശികൾ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക. ഇന്ത്യയിൽനിന്ന് 1,75,025 പേർക്കാണ് അവസരം.