ഒരിതളും കൊഴിയാത്ത 61 പൂക്കൾ; സയാമീസ് ശസ്ത്രക്രിയയിൽ സൗദിയുടെ വിജയഗാഥ
Mail This Article
റിയാദ് ∙ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ വർഷങ്ങളായി ഒന്നാമതാണ്. ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് ഫിലിപ്പീൻസിൽനിന്നുള്ള സയാമീസ് ഇരട്ടകളായ അഖിസയും ആയിഷയും. അഞ്ചു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം ഇരുവരും ഇരുമെയ്യായി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹയുടെ നേതൃത്വത്തിൽ, റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻ ഹോസ്പിറ്റലിലായിരുന്നു സങ്കീർണമായ ശസ്ത്രക്രിയ. ഒട്ടിപ്പിടിച്ചു ജനിച്ച 61 സയാമീസ് ഇരട്ടകൾ സൗദി നൽകിയ കനിവിലൂടെ സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തിയ രാജ്യമാണ് നിലവിൽ സൗദി.
നെഞ്ചും വയറും കരളും പങ്കിട്ട് അഖിസയും ആയിഷയും
ഫിലിപ്പീൻസിൽനിന്നുള്ള അഖിസയും ആയിഷയും നെഞ്ചും വയറും കരളും പങ്കിടുന്നവരായിരുന്നു. ഇരുവരുടെയും കുടലും ഒന്നായിരുന്നു. വിദഗ്ധ പരിശോധന നടത്തി അഞ്ചു ഘട്ടങ്ങളിലായി ശസ്ത്രക്രിയ പൂർത്തിയാക്കി. അവസാനത്തെ അഞ്ചു മണിക്കൂറടക്കം ഏഴു മണിക്കൂറായിരുന്നു ഇരുവരെയും വേർപ്പെടുത്താനെടുത്തത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികൾ എന്നിവയിലെ 23 കൺസൾട്ടന്റ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, സാങ്കേതിക ജീവനക്കാരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
33 വർഷത്തിലേറെയായി തുടരുന്ന സേവനം
കഴിഞ്ഞ 33 വർഷത്തിലേറെയായി സൗദിയിൽ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഇരുപത്തിയാറ് രാജ്യങ്ങളിൽ നിന്നുള്ള 136 സയാമിസ് കേസുകൾ സൗദി മെഡിക്കൽ സംഘത്തിന്റെ മുന്നിലെത്തി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററി(കെ.എസ് റിലീഫ്)ന്റെ പൂർണമായ സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ 1990 ഡിസംബർ 31 മുതലാണ് ആരംഭിച്ചത്. റോയൽ കോർട്ട് ഉപദേശകനും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹയാണ് എല്ലാ ശസ്ത്രക്രിയകളുടെയും നേതൃത്വം.
ഡോ. അബ് ദുല്ല അൽ റബീഹയുടെ കൈപുണ്യം
1992 ൽ സുഡാനീസ് ഇരട്ടകളായ സമ, ഹിബ എന്നിവരുടെ ശസ്ത്രക്രിയയായിരുന്നു ഡോ. അബ്ദുല്ല അൽ റബീഹ നേതൃത്വം നൽകിയ ആദ്യ ശസ്ത്രക്രിയ. അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഒരൊറ്റ ശരീരം രണ്ടായി വേർപിരിഞ്ഞ സമയും ഹിബയും പിന്നീട് സൗദി അറേബ്യയിൽ തുടരുകയും ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇക്കാലം വരെ ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ള സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ പൂർണമായും സൗജന്യത്തോടെ സൗദി ചെയ്തുകൊടുക്കുന്നു. ഇത്തരം കുടുംബങ്ങളുടെ അഭയസ്ഥാനമായി സൗദി മാറി.
സയാമീസ് സർജറിയും അതിന് ശേഷമുള്ള അവസ്ഥയും ഏറെ നിർണായകമാണെന്ന് ഡോ. അൽ റബീഹ പറയുന്നത്. വേർപിരിയൽ ശസ്ത്രക്രിയകൾക്ക് ശേഷവും മെഡിക്കൽ ടീമിന് ഫോളോ-അപ്പുകൾ തുടരേണ്ടതുണ്ട്. മറ്റൊരു രാജ്യത്ത് താമസിക്കുന്ന ഇരട്ടകളുടെ കാര്യത്തിൽ ഇവ ഏറെ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും.
'ശസ്ത്രക്രിയക്ക് ശേഷമുള്ള വേർപിരിയൽ ആഘാതം' കൈകാര്യം ചെയ്യുന്നതും വളരെയേറെ പ്രധാനപ്പെട്ടതാണ്. അതുവരെ ഒന്നിച്ചു കഴിഞ്ഞ ശേഷമുള്ള വേർപിരിയൽ ഇരട്ടകൾക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കും. അമ്മയുടെ വയറിലായിരിക്കുമ്പോഴും ജനനത്തിനു ശേഷവും ഇരട്ടകൾ ഒന്നിച്ചാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കാലയളവ് കൂടുന്തോറും ഇരട്ടകൾ തമ്മിലുള്ള മാനസിക ബന്ധം വർധിക്കും.
1955 ഫെബ്രുവരി 23 ന് സൗദിയിലെ മക്കയിലാണ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹ് ജനിച്ചത്. റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന അൽ റബീഹ് 1979 ജൂലൈയിൽ മെഡിസിൻ ബിരുദം കരസ്ഥമാക്കി. 1980 ഓഗസ്റ്റിൽ റിയാദിലെ കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പ് ചെയ്തു. 1981-ലാണ് അൽ റബീഹയ്ക്ക് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള അനുമതി ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ, എഡ്മണ്ടൺ (1985),ഐ ഡബ്ലു. കെ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, ഡൽഹൌസി യൂണിവേഴ്സിറ്റി, ഹാലിഫാക്സ്, നോവ സ്കോട്ടിയ (1987) എന്നിവിടങ്ങളിൽ പഠനം തുടർന്നു. ഇവിടെനിന്ന് ജനറൽ, പീഡിയാട്രിക് സർജറിയിൽ ഫെലോഷിപ്പുകൾ പൂർത്തിയാക്കി.
ആരോഗ്യമേഖലയിലെ മികവ് തിരിച്ചറിഞ്ഞ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് 2009 ഫെബ്രുവരി 14ന് അൽ റബീഹയെ ആരോഗ്യ മന്ത്രിയായി നിയമിച്ചു. 2014 ഏപ്രിൽ 21 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പിന്നീട് റോയൽ കോർട്ട് ഉപദേശകനും റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലായും ചുമതലയേറ്റു. 2015 മെയ് 13-ന് സൽമാൻ രാജാവാണ് കെ.എസ് റിലീഫ് ഉദ്ഘാടനം ചെയ്തത്.
വേർപിരിയാത്ത കൂട്ടുകാരുമൊത്തുള്ള അനുഭവം
അൽ റബീഹ ഏറ്റെടുത്ത ഏറ്റവും സങ്കീർണമായ കേസ് മലേഷ്യൻ ഇരട്ടക്കുട്ടികളായ അഹമ്മദിന്റെയും മുഹമ്മദിന്റെതുമായിരുന്നു. 2002 സെപ്റ്റംബറിലായിരുന്നു 23.5 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ. മലേഷ്യയിലെയും ബ്രിട്ടനിലെയും പ്രമുഖ ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടപ്പോഴാണ് ദൗത്യം ഏറ്റെടുക്കാൻ അൽ റബീഹയോട് അബ്ദുല്ല രാജാവ് നിർദ്ദേശിച്ചത്.
മൈ എക്സ്പീരിയൻസ് വിത്ത് കൺജോയിൻഡ് ട്വിൻസ് (വേർപിരിയാത്ത കൂട്ടുകാരുമൊത്തുള്ള അനുഭവം) എന്ന പേരിൽ അൽ റബീഅ പുസ്തകം രചിച്ചിട്ടുണ്ട്. ഇതിനു പുറമെ മറ്റു മൂന്നു പുസ്തകങ്ങളും റബീഅയുടേതായി പുറത്തുവന്നു.
അൽ റബീഅയെ കാണാനും സന്തോഷം പങ്കുവെക്കാനുമായി അദ്ദേഹം വേർപ്പെടുത്തിയ ഇരട്ടകൾ വരുന്നത് സൗദി മാധ്യമങ്ങളിൽ വാർത്തയാണ്. 2005-ൽ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ പോളിഷ് സയാമീസ് ഇരട്ടകളായ ഡാരിയയും ഓൾഗയും പതിനഞ്ചു വർഷത്തിന് ശേഷം അദ്ദേഹത്തെ കാണാനെത്തിയത് ഏറെ പ്രാധാന്യത്തോടെ അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 2019-ലാണ് ഇവർ കാണാനെത്തിയത്. പോളിഷ് ഇരട്ടകളുടെ ശസ്ത്രക്രിയ നടത്തുന്നതിന് അബ്ദുല്ല രാജാവ് നിർദേശിക്കുകയായിരുന്നു. ഇതിന്റെ മുഴുവൻ ചെലവും അബ്ദുല്ല രാജാവ് വഹിക്കുകയും ചെയ്തു.
വയറും ഇടുപ്പെല്ലും കുടലുകളും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു ഡാരിയയും ഓൾഗയും. 2005 ൽ 18 മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡാരിയയും ഓൾഗയും വേർപ്പെട്ടു. എന്നാൽ അവരുടെ ഓർമകളിൽനിന്ന് ഒരിക്കലും ഡോ. അബ്ദുല്ല അൽറബീഹ വേർപ്പെട്ടില്ല. റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയ നടക്കുമ്പോൾ ശസ്തക്രിയ മുറിക്ക് മുന്നിൽ അക്ഷമരായി റിയാദിലെ പോളിഷ് അംബാസഡർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഡാരിയക്കും ഓൾഗക്കും അന്ന് ഒന്നരവയസായിരുന്നു പ്രായം ശസ്തക്രിയക്ക് ശേഷം ഇരുവരെയും അൽ റബീഹ വാരിപ്പുണരുന്നതിന്റെ ചിത്രങ്ങളും അക്കാലത്ത് അറബ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 2007 ൽ അബ്ദുല്ല രാജാവ് നടത്തിയ പോളണ്ട് യാത്രക്കിടെ ഡാരിയയും ഓൾഗയും രാജാവിനെ കാണാനെത്തുകയും അബ്ദുല്ല രാജാവിന് പോളിഷ് ഗവൺമെന്റിന്റെ മെഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു.
ഒരിതളും കൊഴിയാതെ
ഒരിതളും കൊഴിയാതെ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹ് നട്ടുവളർത്തിയ കുഞ്ഞുങ്ങൾ ഇപ്പോഴും അദ്ദേഹത്തിന് ചുറ്റിലുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സയമീസ് ശസ്ത്രക്രിയ നടത്തുന്ന രാജ്യം എന്ന ഖ്യാതിയിലേക്ക് സൗദിയെ നയിക്കുമ്പോഴും ഈ കുട്ടികൾ നൽകുന്ന പുഞ്ചിരിയാണ് അൽ റബീഹക്ക് ചുറ്റിലും സംതൃപ്തിയുടെ മനോഹര പൂന്തോട്ടങ്ങളൊരുക്കുന്നത്.