കുവൈത്ത് അഗ്നിബാധ: 49 പേർ മരിച്ചതായും ഒട്ടേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 49 പേർ മരിച്ചതായും 40 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോർട്ട്. മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് (ബുധൻ) പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്.
കുവൈത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കുവൈത്ത്ന്യൂസ് മുപ്പത് പേർ മരിച്ചതായി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മുഴുവൻ സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.



പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ അദാൻ, ജുബൈര്‍, മുബാറക് തുടങ്ങിയ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവ സ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടു.