യുഎഇയിൽ അധികാരമേറ്റ് പുതിയ മന്ത്രിമാർ: ഷെയ്ഖ് ഹംദാനും ഷെയ്ഖ് അബ്ദുല്ലയും ഉപപ്രധാനമന്ത്രിമാർ; ആശംസിച്ച് ഭരണാധികാരികൾ
Mail This Article
അബുദാബി ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖസർ അൽ വതൻ കൊട്ടാരത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശകാര്യ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചുമതലയേറ്റു.
കായിക മന്ത്രി അഹമ്മദ് ബെൽഹൗൾ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി, മാനവ വിഭവശേഷി– സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മന്നാൻ അൽ അവർ (ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിങ് മന്ത്രി), സംരംഭകത്വ സഹമന്ത്രി അലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിൽ പുതിയ മന്ത്രിമാർ വിജയിക്കട്ടേയെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു.
വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയിൽ മികവ് നേടാൻ രാജ്യത്തിനു കഴിയണം. വികസനവും മെച്ചപ്പെടലും തുടരണമെന്നും െഷയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. സുസ്ഥിര വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന ഉണ്ടാകണമെങ്കിൽ വിദ്യാഭ്യാസരംഗം മെച്ചപ്പെടണം. ഇത് നിരന്തര പരിശ്രമത്തിലൂടെയും പുത്തൻ ആശയങ്ങളിലൂടെയുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ആഗ്രഹിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരായ പ്രതിഭകളാണ് മന്ത്രിസഭയിലേക്കു പുതിയതായി എത്തിയതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ‘ആധുനികവൽക്കരണമാണ് സർക്കാരിന്റെ മുഖമുദ്ര. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിൽ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും പരിധിയില്ല. സുസ്ഥിര വികസനത്തിനും സമഗ്രതയ്ക്കും മുതൽക്കൂട്ടാകുന്ന മനുഷ്യ വിഭവശേഷിയിൽ വിശ്വസിക്കുന്നതിനാൽ യുഎഇ ലോകത്തെ മുന്നിൽനിന്നു നയിക്കുക തന്നെ ചെയ്യും’– അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻഷ്യൽ കോർ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് സ്പെഷൽ അഫയേഴ്സ് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഉപദേശകൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൾ അൽ നഹ്യാൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.