ഒമാനില്‍ ഒട്ടേറെ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്; മലയാളികൾക്കും തിരിച്ചടി
Mail This Article
മസ്കത്ത് ∙ ഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക് വരുന്നു. 30 വിഭാഗങ്ങളില്‍ കൂടി പ്രവാസി തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് (വീസ) നിരക്ക് ഉയര്‍ത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നൂറ് കണക്കിന് തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികള്‍ക്ക് വീസ അനുവദിക്കുന്നില്ല. പുതുതായി തൊഴില്‍ വിലക്ക് വരുന്ന വിഭാഗങ്ങളെ കുറിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും അധികൃതരുടെ തീരുമാനം. നേരത്തെ ഏര്‍പ്പെടുത്തിയ വീസ വിലക്കുകള്‍ മൂലം മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് ജോലി നഷ്ടമായിരുന്നു.
കൂടുതല്‍ മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കും.