പ്രവാസികൾക്ക് തിരിച്ചടി: ഖത്തറിൽ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കും
Mail This Article
ദോഹ∙ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് ആവശ്യമാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ സ്വകാര്യ മേഖലയിലെ ദേശീയ മാനവിഭവ വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഷെയ്ഖ അബ്ദുൾ റഹ്മാൻ അൽ ബാദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതായതിനാൽ, ഈ വളർച്ചയിൽ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്നും ഷെയ്ഖ അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞ ആഴ്ച 2024-ലെ 12-ാം നമ്പർ നിയമത്തിന് അംഗീകാരം നൽകിയതോടെ ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവൽക്കരണം ശക്തമായി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും.
നിയമം നടപ്പാക്കുന്നതിലൂടെ സ്വകാര്യ മേഖലയിൽ സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്വദേശികൾക്ക് മുൻതൂക്കം നൽകുന്ന രീതിയിൽ സ്വകാര്യമേഖലയിലെ തൊഴിൽ വിപണി മാറുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകും.
വാണിജ്യ റജിസ്‌ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭേച്ഛ ലക്ഷ്യം വെക്കാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയ സ്ഥാപങ്ങളിൽ എല്ലാം സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രലയം വ്യക്തമാക്കിയിരുന്നു .