ഖത്തറിൽ വിളവെടുപ്പ് ഉഷാർ ; 'ഇത്തിരി മുറ്റത്ത് ' നൂറു മേനി വിളയിച്ച് തൃശൂർക്കാരി
Mail This Article
ദോഹ∙ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് തൃശൂർക്കാരി റിനി ബിജോയ്. ദോഹയിലെ ഇത്തിരി മുറ്റത്ത് വലിയ കൃഷി കാഴ്ചകൾ ഒരുക്കുന്നതിൽ കഴിഞ്ഞ 13 വർഷമായി ഈ മലയാളി വീട്ടമ്മ സജീവമാണ്.
മുടക്കമില്ലാതെ വർഷാവർഷം കൃഷി ചെയ്യുന്ന റിനിയുടെ അടുക്കളത്തോട്ടത്തിൽ പച്ചമുളക്, ബീൻസ്, മത്തൻ, ചുരക്ക, വെണ്ട, പീച്ചിങ്ങ, കോവയ്ക്ക, തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്. വർഷങ്ങളായി ഖത്തറിന്റെ മണ്ണിൽ നാട്ടുപച്ചക്കറികളും തദ്ദേശീയ ഇനങ്ങളും കൃഷി ചെയ്യുന്നതിൽ റിനിയെ പോലുള്ള മലയാളികൾ തന്നെയാണ് മുൻപിൽ.
റിനിയുടെ കൃഷിയിടത്തിലും ഇപ്പോൾ വിളവെടുപ്പ് കാലമാണ്. വെള്ളമൊഴിച്ച്, വളമിട്ട് പരിപാലിച്ചവ കായ്ഫലം നൽകി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് റിനിയും. മുറ്റത്ത് പടർന്നു പന്തലിച്ചു കിടക്കുന്ന പച്ചക്കറികളിൽ കുമ്പളമാണ് താരം. പാകമെത്തിയതും പാകമാകാൻ തുടങ്ങുന്നതുമായ പച്ചക്കറികളിൽ തിരക്കിട്ട് കായ്ഫലം നൽകുന്നത് കുമ്പളം തന്നെ.
വീട്ടമ്മയായതിനാൽ കൃഷികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നുണ്ടെന്ന് റിനി പറയുന്നു. നാട്ടിൽ നിന്നുളള മികച്ച ഇനം വിത്തുകളാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്. ചാണകം, ഫിഷ് അമിനോ ആസിഡ്, കഞ്ഞിവെള്ളം, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയ ജൈവ വളങ്ങളും കീടനാശിനികളും മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മികച്ച വിളകൾ ലഭിക്കാൻ ജൈവ വളമാണ് നല്ലതെന്ന് റിനി പറയുന്നു.
വീട്ടിലെ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ മുറ്റത്തെ കൃഷിയിടത്തിൽ നിന്ന് കിട്ടും. സ്വന്തം അടുക്കളയിലേക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും റിനി പച്ചക്കറികൾ സമ്മാനിക്കാറുണ്ട്. ഭർത്താവ് ബിജോയിയും മക്കളായ നവമിയും ആഞ്ജനേയും റിനിയുടെ കൃഷിത്തോട്ടത്തിന് കട്ട സപ്പോർട്ട് ആണ് നൽകുന്നത്.
റിനിയുടെ മാത്രമല്ല ഖത്തറിലെ പ്രവാസി മലയാളികളുടെയെല്ലാം അടുക്കളത്തോട്ടങ്ങളിൽ പച്ചക്കറി വിളവെടുപ്പിന്റെ തിരക്കാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനം തുടങ്ങിയ ശൈത്യകാല കൃഷിയാണ് കാർഷിക സമൃദ്ധിയിലേക്ക് എത്തിയിരിക്കുന്നത്. ചീര, തക്കാളി, വെണ്ട, കുമ്പളങ്ങ മുതൽ പപ്പായ തുടങ്ങി സകല നാടൻ പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞിട്ടുണ്ട്.
മികച്ച പരിപാലനവും മതിയായ ജലസേചനവും ജൈവ വളവും മാത്രമാണ് ഗുണമേന്മയുള്ള വിളകളുടെ പിന്നിലെ രഹസ്യം. നാടൻ കാന്താരിയും പല ഇനത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള പച്ചമുളകും ചീരയും തക്കാളിയും വെണ്ടയും വഴുതനങ്ങയുമാണ് ഭൂരിഭാഗം അടുക്കളത്തോട്ടങ്ങളിലെയും മനോഹരമായ കാഴ്ചകൾ.
ജോലി തിരക്കിനിടയിലും കൃഷി കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയാറാകാത്തവരാണ് ദോഹയിലെ മലയാളി കുടുംബങ്ങൾ എന്നതാണ് അടുക്കളത്തോട്ടങ്ങൾ സജീവമാകാനുള്ള കാരണവും.