ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ സുവർണാവസരം; ഇ- വീസ സൗകര്യം ആരംഭിച്ച് ഖത്തർ ഇന്ത്യൻ എംബസി

Mail This Article
ദോഹ ∙ ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ- വീസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറയിച്ചു. ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് ഇ- വീസ സംബന്ധമായ അറിയിപ്പ് പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ, തീരുമാനം ഉടനടി പ്രാബല്യത്തിൽ വന്നതായും ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. https://indianvisaonline.gov.in/evisa. എന്ന വെബ്സൈറ്റ് വഴിയാണ് വീസക്ക് അപേക്ഷിക്കേണ്ടത്. ഇ-വീസ ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമം, വ്യവസ്ഥകൾ, കൂടുതൽ വിശദാംശങ്ങൾ എന്നിവയും പോർട്ടലിൽ ലഭ്യമാണ്.
അതേസമയം, ഖത്തർ പൗരന്മാർക്ക് ദോഹയിലെ ഇന്ത്യൻ എംബസി മുഖേന പേപ്പർ വീസ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഖത്തർ അമീർ ഷെയ്ഖ് തമീം ഹമദ് അൽത്താനിയുടെ ഇന്ത്യ സന്ദർശനം നാളെ ആരംഭിക്കാനിരിക്കെയണ് ഇന്ത്യ ഖത്തർബന്ധത്തിന് ശക്തി പകർന്നുകൊണ്ട് ഖത്തർ പൗരന്മാർക്ക് ഇ- വീസ നൽകാനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനം പുറത്തുവരുന്നത്.
ഇ-വീസ സമ്പ്രദായം നിലവിൽ വന്നതോടെ വിനോദസഞ്ചാരത്തിനും ചികിത്സക്കും, വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കുമായി ഇന്ത്യയിലേക്ക് പോകുന്ന ഖത്തർ പൗരന്മാർക്ക് എളുപ്പം ഇന്ത്യയിൽ എത്താൻ സാധിക്കും. ഇതുവരെയുണ്ടായിരുന്ന രീതി അനുസരിച്ച് ഇന്ത്യയിലേക്ക് വീസ ആവശ്യമുള്ള ഖത്തർ പൗരന്മാർ എംബസിയിൽ നേരിട്ട് എത്തി വീസയ്ക്ക് അപേക്ഷ സമർപ്പിക്കണമായിരുന്നു.