എയർ ഇന്ത്യ വിമാനം വൈകി; ഹോട്ടലിന്റെ പേരിൽ ആശയക്കുഴപ്പം, ബഹളം

Mail This Article
കഴക്കൂട്ടം (തിരുവനന്തപുരം) ∙ തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനം വൈകിയതിനെ തുടർന്ന് 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിൽ എത്തിച്ചു. എന്നാൽ എയർഇന്ത്യ യാത്രക്കാരെ താമസിപ്പിക്കണം എന്ന കാര്യം തങ്ങൾ അറിഞ്ഞില്ലെന്ന് ഹോട്ടൽ അധികൃതർ. യാത്രക്കാർ ബഹളം വച്ചതോടെ ഹോട്ടൽ ജീവനക്കാർ തന്നെ എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം എല്ലാവർക്കും മുറി ലഭിച്ചു.
ഇന്നലെ രാവിലെ 8.45ന് തിരുവനന്തപുരത്തു നിന്നു മസ്കത്തിലേക്കു സർവീസ് നടത്തുന്ന വിമാനത്തിൽ പോകാൻ യാത്രക്കാർ 6 മണിക്കു തന്നെ വിമാനത്താവളത്തിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുമ്പോഴാണ് വിമാനം വൈകും എന്ന അറിയിപ്പു ലഭിച്ചത്. വൈകുന്നേരം 6 മണിയോടെ മാത്രമേ പുറപ്പെടൂ എന്ന അറിയിപ്പും ലഭിച്ചു.
വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചതോടെ വൈകുന്നേരം വരെ വിശ്രമിക്കാൻ നഗരത്തിലെ ഹോട്ടലുകൾ തരപ്പെടുത്തിയിട്ടുണ്ടെന്ന് എയർഇന്ത്യ ജീവനക്കാർ അറിയിച്ചു. 45 പേരെ ബസിൽ കഴക്കൂട്ടത്തുള്ള സ്വകാര്യ ഹോട്ടലിൽ എത്തിച്ചു. എന്നാൽ എയർ ഇന്ത്യ ഇങ്ങനെ ഒരു കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പണവും മറ്റും അടയ്ക്കാതെ ആരെയും താമസിപ്പിക്കാൻ സാധിക്കില്ലെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.
തുടർന്ന് യാത്രക്കാർ ബഹളം വയ്ക്കുകയും എയർ ഇന്ത്യ ഉദ്യോഗസ്ഥരെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. പിഴവ് സമ്മതിച്ച എയർഇന്ത്യ അധികൃതർ 45 പേരെ താമസിപ്പിക്കാനുള്ള ചെലവ് വഹിക്കാമെന്ന് അറിയിച്ചു. ഇതോടെ 15 മുറികൾ അനുവദിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ള 45 യാത്രക്കാരാണ് വിമാനം വൈകിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്.