പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച വിദേശിയെ അറസ്റ്റ് ചെയ്തു

Mail This Article
കുവൈത്ത് സിറ്റി ∙ പരിശോധനക്കിടെ വാഹനംകൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു വിദേശിയെ അഹദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അബു ഹലീഫ പ്രദേശത്ത് വച്ചാണ് സംഭവം നടന്നത്. പതിവ് പരിശോധനയ്ക്കായി പട്രോളിങ് സംഘം തടഞ്ഞപ്പോള്‍, പ്രതി തന്റെ വാഹനം മുന്നോട്ട് എടുത്ത് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി കടന്ന് കളഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അഹ്മദി സുരക്ഷ വിഭാഗം പ്രദേശത്തെ റോഡുകള്‍ എല്ലാം അടച്ചുള്ള പരിശോധന ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്‌സെക്യൂരിറ്റി അഫയേഴ്‌സ് അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹമദ് അല്‍-മുനൈഫിയുടെയും അഹദി സുരക്ഷാ അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ ദഷ്ടിയുടെയും നേതൃത്വത്തില്‍ 15 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടി.
പ്രതിയുടെ വാഹനത്തില്‍ നിന്നും ധാരാളം മദ്യക്കുപ്പികളൂം കണ്ടെത്തി. ഇയാളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.