ഇഫ്താർ കൂടാരങ്ങൾ, രാജ്യമെങ്ങും അലങ്കാരങ്ങൾ; പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങി ബഹ്‌റൈൻ

Mail This Article
മനാമ ∙ പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങി രാജ്യം. പള്ളിമിനാരങ്ങൾ പെയിന്റടിച്ച് മിനുക്കിയും ഇഫ്താറുകൾക്കുള്ള സജ്ജീകരണങ്ങൾ ക്രമീകരിച്ചും റമസാനിലേക്കുള്ള അവസാന വട്ട തയാറെടുപ്പിലാണ് രാജ്യം.
വിശ്വാസികൾ വ്രതകാലത്തിന്റെ ദിവസങ്ങളിലേക്കായി ഒരുങ്ങി തുടങ്ങി. ബഹ്‌റൈനിലെ ഹോട്ടലുകളിൽ പ്രത്യേക അലങ്കാരങ്ങൾ ഉയർന്നു കഴിഞ്ഞു. ഇഫ്താറുകൾക്കുള്ള കൂടാരങ്ങളും തയാറായി. സംഘടനകളുടെ ഇഫ്താർ സംഗമങ്ങൾക്ക് പലരും ഹാളുകളും ബുക്ക് ചെയ്തു തുടങ്ങി.
സ്റ്റാർ പദവിയിലുള്ള ഹോട്ടലുകളിൽ ആണ് ഖബ്ഗ പാർട്ടികൾ ഒരുക്കുന്നത്. കമ്പനികളുടെയോ അല്ലെങ്കിൽ ചില സംഘടനകളുടെയോ,സ്‌ഥാപനങ്ങളുടെയോ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും ഭക്ഷണ വിഭവങ്ങളും വിളമ്പിയാണ് ഖബ് ഗകൾ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരാണ് ബഹ്‌റൈനിലെ സ്റ്റാർ പദവിയുള്ള ഖബ്ഗകൾക്ക് രുചി പകരാൻ എത്തുന്നത്. രാവേറെ നീണ്ടു നിൽക്കുന്ന ഈ പരിപാടികൾക്ക് പല ഹോട്ടലുകളും ഒന്നിലധികം ടെന്റുകൾ ആണ് ഒരുക്കിയിട്ടുള്ളത്.
ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിൽ പ്രത്യേക റമദാൻ ടെന്റ് തന്നെ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും ക്ലൈന്റുകൾക്കുമായി ഇഫ്താറിനും ഗബ്ഗകൾക്കുമായി പുതിയ ഓഫറുകളും ഒരുക്കിയിട്ടുണ്ട്

മിക്ക ഹോട്ടലുകളിലും ഇസ്‌ലാമിക കലകളിലുള്ള വിവിധ ഡിസൈനുകളും അലങ്കാരവും കൂടാതെ റമസാൻ ടെന്റിലും ഔട്ട്‌ഡോർ ടെറസുകളിലും തത്സമയ വിനോദം ,കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.