ഒമാനിൽ ആടിന് വില 5 ലക്ഷം രൂപ!; അപൂർവ ഇനമെന്ന് വിദഗ്ധർ

Mail This Article
മസ്‌കത്ത്∙ ഒമാനിലെ ബർക്കയിൽ ഒരു ആടിനെ ലേലത്തിൽ വിറ്റത് 2,500 റിയാലിന്. ഏകദേശം അഞ്ച് ലക്ഷം ഇന്ത്യൻ രൂപയലധികം തുകയ്ക്കാണ് ഈ ആടിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബർക്ക വിലായത്തിലെ പരമ്പരാഗത മാർക്കറ്റിൽ ലേലം ചെയ്തത്. റെക്കോർഡ് തുകക്ക് ലേലത്തിൽ പോയ ആട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും താരമാണ്.
ആടിന്റെ ചിത്രങ്ങളും വിഡിയോകളും കരാർ ഉറപ്പിക്കുന്ന ചെക്കും വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാധാരണ നിലയിൽ 50 റിയാൽ മുതലാണ് ആടിന്റെ വില ആരംഭിക്കുന്നത്. ചില സമയങ്ങളിൽ 200 ഉം 300 ഉം റിയാൽ വരെ വിലയുണ്ടാകാറുണ്ട്. എന്നാൽ ഈ ലേലത്തിലെ വില അസാധാരണമാണെന്നും അപൂർവ ഇനത്തിൽപ്പെട്ടതാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

ഒമാനിൽ ആടുകൾ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ആയിരക്കണക്കിന് ആളുകളാണ് ആട് മേച്ച് ഉപജീവനം നടത്തുന്നത്. ഇവർ ആഴ്ച ചന്തകളിലും പരമ്പരാഗത ചന്തകളിലും ആടുകളുമായി ലേലത്തിൽ പങ്കെടുക്കാറുണ്ട്. ഒമാനിൽ ഒൻുത് തരം പ്രാദേശിക ആടുകളാണുള്ളത്. ജബൽ അഖ്ദർ ആടുകൾ, അൽ ബത്തിന ആടുകൾ, ജബാലി ആടുകൾ, മരുഭൂമി ആടുകൾ, മുസന്ദം മരുഭൂമി ആടുകൾ, ദോഫാരി ആടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ വടക്കൻ ബത്തിനയിലും ദോഫാർ ഗവർണറേറ്റിലുമുള്ള രണ്ട് ഇനം ചെമ്മരിയാടുകളും ഇതിൽ ഉൾപ്പെടുന്നു.