ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ദുബായ് ∙ വർഷങ്ങൾക്ക് മുൻപ് പ്രവാസിയുടെ വേഷം കെട്ടിയെങ്കിലും ഈ മലയാളി നാടകപ്രവർത്തകന് കഥാപാത്രങ്ങളുടെ വേഷപ്രഛന്നതയിലുള്ള അഭിനിവേശം മതിയായിട്ടില്ല. ദുബായിൽ ബിസിനസുകാരനായ, കേരളത്തിലും ഗൾഫിലും അറിയപ്പെടുന്ന തിയറ്റർ കലാകാരനായ കണ്ണൂർ കരിവള്ളൂർ സ്വദേശി ഒ.ടി. ഷാജഹാൻ നിത്യജീവിതത്തിലെ തിരക്കിനിടയിലും നാടകത്തിന് വേണ്ടി സമയം കണ്ടെത്തുന്നു.

നടൻ, സംവിധായകൻ, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ മുദ്ര പതിപ്പിച്ചിട്ടുള്ള ഈ 51 വയസ്സുകാരൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണെന്ന് മാത്രമല്ല, ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ലോക തിയറ്റർ ദിന(മാർച്ച് 27)ത്തിൽ മനോരമ ഓൺലൈനുമായി അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

∙ ക്യാംപസ് തിയറ്റർ തട്ടകം; നാടകത്തിലെ നായിക ജീവിതസഖി
വിദ്യാഭ്യാസ കാലത്ത് തന്നെ നാടകത്തിൽ തത്പരനായ ഷാജഹാൻ സ്കൂളിലും കോളജിലും ഒട്ടേറെ നാടക മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. 1994-1996 കാലത്ത് തളിപ്പറമ്പ് സർസയ്യിദ് കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറിയും ചെയർമാനുമായി. അന്ന് കോളജിൽ വിവിധ കലാരംഗങ്ങളിൽ ശോഭിച്ച ഒട്ടേറെ  വിദ്യാർഥികളുണ്ടായിരുന്നു. കലയെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ കൂടിയായപ്പോൾ ക്യാംപസ് തിയറ്റർ സജീവമായി. അതായിരുന്നു നാടകത്തിലെ ആദ്യ തട്ടകം.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-4
ഷാജഹാനും ഭാര്യ ഫെബിയും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

1996ൽ ബി.കോം അവസാന വർഷം കാഞ്ഞങ്ങാട് നടന്ന കോഴിക്കോട് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ചക്രം എന്ന മലയാള നാടകത്തിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതാണ് കലാ ജീവിതത്തിലെ വഴിത്തിരിവ്. ഇതേ നാടകത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച കോഴിക്കോട് കക്കോടി സ്വദേശി ഫെബിയാണ് ഇന്ന് ജീവിതനായിക. ഒരൊറ്റ നാടകത്തിലഭിനയിച്ചപ്പോൾ തന്നെ നായകന് നായികയോട് തോന്നിയ  പ്രേമം പിന്നീട് ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പൂവണിഞ്ഞു. ആ കഥ വഴിയേ പറയാം.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-11
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ സുവീരനെ പരിചയപ്പെട്ടത് നാടകജീവിതത്തിലെ രണ്ടാം ഘട്ടം
അന്ന് കോളജിൽ നാടകം പഠിപ്പിക്കാനും ക്യാംപിൽ പങ്കെടുക്കാനുമൊക്കെ ഇന്നത്തെ പ്രശസ്ത നാടക കലാകാരനും സിനിമാ സംവിധായകനുമായ മാഹി അഴിയൂർ സ്വദേശി സുവീരൻ വരുമായിരുന്നു. ഷാജഹാന്റെ നാടകത്തോടുള്ള  പ്രണയം കണ്ട് അദ്ദേഹം കൂടെ കൂട്ടി. ഇതായിരുന്നു നാടക ജീവിതത്തിലെ രണ്ടാം ഘട്ടമെന്ന് ഷാജഹാൻ പറയുന്നു.

സുവീരന്റെ കൂടെ ഏറെ കാലം പ്രവർത്തിച്ചു. അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബിയുടെ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള ദ് സൂ സ്റ്റോറി എന്ന ഇംഗ്ലിഷ് നാടകത്തിന്റെ മലയാള രൂപം കേരളത്തിലെ ക്യാംപസുകളിലും പുറത്തും ഒട്ടേറെ വേദികളിലവതരിപ്പിച്ചു. അന്തരിച്ച നടൻ നരേന്ദ്രപ്രസാദ് മലയാളത്തിലേക്ക്  മൊഴിമാറ്റിയ ഈ അമേച്വർ നാടകം ആദ്യ കാലത്ത് ചലച്ചിത്ര നടന്മാരായ മുരളിയും ഗോപകുമാറുമണ് അവതരിപ്പിച്ചരുന്നത്. ഇതിന്റെ വിജയത്തോടെ തന്റെ മേഖല നാടകമാണെന്ന് ഷാജഹാൻ തീർച്ചപ്പെടുത്തി.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-8
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ബിരുദം നേടിയ ശേഷം ബെംഗളുരൂവിൽ നിയമം പഠിക്കാൻ ചേർന്നു. സമാന്തരമായി ഫെബിയോടുള്ള പ്രേമം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. അന്ന് പിതാവ് അബ്ദുൽ ഖാദർ കർണാടക ദാവംഗരെയിൽ റസ്റ്ററന്റ് നടത്തിവരികയായിരുന്നു. ഫെബിയെ ഏതുവിധേനയും വിവാഹം കഴിക്കണമെന്നും തന്റെ 'മുംതാസി'നായി ഒരു താജ് മഹൽ പണിത് ഭാവി ജീവിതം സുന്ദരമാക്കണമെന്നുമുള്ള അദമ്യമായ ആഗ്രഹം ഒരുവശത്ത്, ജോലിയോ കൂലിയോ ഇല്ലാത്ത അവസ്ഥ മറുവശത്ത്. ഫെബിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയപ്പോൾ സമ്മർദ്ദമേറി. അവളുടെ മനസ്സിലും  ഈ യുവ നാടകക്കാരൻ യഥാർഥ ഷാജഹനായി.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-12
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പക്ഷേ, അനുജത്തിയുടെ വിവാഹം കഴിയാത്തതിനാൽ വിവാഹക്കാര്യം പിതാവിനോട് പറയാനും വയ്യ. ഫെബിയുടെ വീട്ടിൽ ആദ്യം ഈ ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ജോലിയും കൂലിയുമില്ലാത്ത എന്നെക്കൊണ്ട് താങ്ങില്ലെന്ന് കരുതി പിന്തിരിയാൻ തുടങ്ങി. പിതാവിനും ഇതേ കാരണത്താൽ താത്പര്യക്കുറവുണ്ടായി. പക്വതയെത്താത്ത രണ്ടുപേരുടെ ചാപല്യമായാണ് അവരെല്ലാം ഞങ്ങളുടെ ബന്ധത്തെ കണ്ടത്.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-3
ഒ.ടി. ഷാജഹാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പക്ഷേ,  ബെംഗളുരൂവിൽ പഠനത്തോടൊപ്പം ബിസിനസ്സ് ചെയ്യുന്നുണ്ടെന്നും നല്ല സമ്പാദ്യമുണ്ടെന്നുമൊക്കെ കള്ളം പറഞ്ഞ് സ്വന്തം പിതാവിനെക്കൊണ്ട് സമ്മതം മൂളിച്ചു. പിന്നീട്  ഫെബിയുടെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നതും ഈ കള്ളം പറഞ്ഞുതന്നെ. അങ്ങനെ കോഴിക്കോട് എംഇഎസ് കോളജിൽ ബികോം അവസാന വർഷത്തിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫെബിയെ 1999ൽ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യിപ്പിച്ചു.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-9
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. കാനഡയിൽ എംഎസ് സി സൈക്കളജി വിദ്യാർഥിയായ ആദിൽ ഷാ, എംബിബിഎസ് വിദ്യാർഥിനി ആയിഷ, ദുബായിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ അലിഷ.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ വേഷങ്ങൾ ഊരിവച്ച് ഒമാനിലേക്ക്, പിന്നെ യുഎഇയിലേക്ക്
കൂവംപു യൂണിവേഴ്സിറ്റി കോളജിൽ എൽഎൽബിക്ക് പഠിക്കുമ്പോഴും ക്യാംപസിൽ നാടകമവതരിപ്പിച്ച് ഷാജഹാൻ ശ്രദ്ധേയനായി. ദ് സൂ സ്റ്റോറി തന്നെയായിരുന്നു അവിടെയും അവതരിപ്പിച്ചത്. കോളജിലെ നല്ലൊരു ശതമനം വിദ്യാർഥികളും മലയാളികളായതിനാൽ  അഭിനന്ദനമേറ്റുവാങ്ങി. ആ വിജയം ദാവംഗരെയിലെ കന്നഡ നാടക മേഖലയിലേക്ക് വഴിതുറന്നു. അങ്ങനെ സമ്പന്നമായ കന്നഡ നാടക രംഗത്തേക്കുറിച്ചും അവബോധമുണ്ടാക്കി.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പക്ഷേ, വൈകാതെ എൽഎൽബി പാതിവഴിയിലുപേക്ഷിച്ചതോടെ ജീവിതം പ്രതിസന്ധിയിലാത്തീർന്നു. മനസ്സിൽ നാടകത്തിന് താത്കാലികമായി തിരശ്ശീല വീഴ്ത്തി, 2002ൽ ജോലി തേടി ഒമാനിൽ ചെന്നു. 2004 വരെ അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തപ്പോൾ നാടകം പൂർണമായും ഉപേക്ഷിച്ച നിലയിലായി. അവിടെ നാടകമേഖലയുമായി ബന്ധപ്പെടാൻ സാധിക്കാത്തതും ഇതിന് കാരണമായി. പിന്നീട് ജോലി തേടി യുഎഇയിലെത്തിയതാണ് നാടക ജീവിതത്തിന്റെ മൂന്നാം രംഗത്തിന് കർട്ടണുയർത്തിയത്.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

യുഎഇയിൽ ആ കാലത്തും നാടകം സജീവമായിരുന്നെങ്കിലും 2007 വരെ ഷാജഹാൻ അതേക്കുറിച്ച് ചിന്തിക്കുക പോലുമുണ്ടായില്ല. എന്നാൽ ആ വർഷം ദുബായിലെ ദല സംഘടന നടത്തിയ നാടക ക്യാംപിൽ പങ്കെടുത്തത്  പഴയ വേഷം വീണ്ടും പൊടിതട്ടിയെടുക്കാൻ പ്രചോദനമായി. പ്രമുഖ നാടകപ്രവർത്തകൻ തൃശൂർ പ്രേം പ്രസാദായിരുന്നു ക്യാംപിന് നേതൃത്വം നൽകിയത്. അക്കാലത്ത് ദലയുടെ ക്യാംപിൽ ഭാര്യ ഫെബിയുമായി ചേർന്ന് ഡിസംബർ എന്നൊരു നാടകം അവതരിപ്പിച്ചു ആസ്വാദകരുടെ മനം കവർന്നു. നാടകം തന്റെ ആത്മാവിൽ അലിഞ്ഞുചേർന്നതാണെന്ന് മനസിലായതോടെ വീണ്ടും അതിനെ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങി. തുടർന്ന് കോളജ് കാലത്ത് അവതരിപ്പിച്ച ദ് സൂ സ്റ്റോറി  2009ൽ ഷാജഹാനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച തിയറ്റർ ദുബായുടെ ബാനറിൽ അവതരിപ്പിച്ചു, വിജയിപ്പിച്ചു.

pravasi-malayali-ot-shahjahan-makes-time-for-drama-despite-busy-schedule-10
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പണ്ട് ക്യാംപസ് നാടക കാലത്ത് പരിചയപ്പെട്ട, പിന്നീട് പ്രവാസികളായ ഒട്ടേറെ പേരെ യുഎഇയിൽ കണ്ടെത്തിയതോടെ തിയറ്റർ ദുബായിക്ക് ജീവൻ വച്ചു. ഇപ്പോൾ ഏതാണ്ട് 60 സജീവ അംഗങ്ങൾ ഈ ട്രൂപ്പിനുണ്ട്. നാടകത്തിൽ അിനയിക്കാൻ വേണ്ടി മാത്രം നാട്ടിൽ നിന്ന് സ്വന്തം ചെലവിൽ ദുബായിലെത്തുന്ന സ്ത്രീകൾ പോലുമുണ്ടെന്നറിയുമ്പോഴാണ് ഇവരുടെയെല്ലാം ഈ മേഖലയോടുള്ള സമർപ്പണം മനസ്ലിലാകുന്നത്. ട്രൂപ്പിന് കീഴിൽ കഴിഞ്ഞവർഷം വരെ ഏതാണ്ട് 10 നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വർഷംതോറും നടക്കാറുള്ള ഭരത് മുരളി നാടകോത്സവത്തിന് വേണ്ടിയായിരുന്നു മിക്ക നാടകങ്ങളും. എന്നാൽ കഴിഞ്ഞ 2 വർഷമായി ഓർമ സംഘടനയ്ക്ക് വേണ്ടിയാണ് നാടകമൊരുക്കുന്നത്. എങ്കിലും ഏറ്റവുമൊടുവിൽ ചെയ്ത നാടകം തിയറ്റർ ദുബായ്ക്ക് തന്നെ.

നാടകാവതരണത്തിന് പുറമേ സുവീരൻ, ഗോപാൽജി തുടങ്ങിയവരൊക്കെ വന്ന് തിയറ്റർ ദുബായിക്ക് വേണ്ടി നാടകം ചെയ്തു. ദീപൻ ശിവരാമന്റെ ക്യാംപും സംഘടിപ്പിച്ചു. അന്നു തുടങ്ങിയ മൂന്നാം ഘട്ട നാടകപ്രവർത്തനത്തിന് ഇന്നും അവസാന ബെൽ മുഴങ്ങിയിട്ടില്ല. ദുബായിൽ അഡ്വൈർടൈസ്മെന്റ് കമ്പനി നടത്തുന്ന ഷാജഹാൻ കെട്ടിടത്തിന് മുകളിൽ നാടക പരിശീലനത്തിന് വേണ്ടി സ്ഥലം കണ്ടെത്തിയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഷാർജയിലടക്കം യുഎഇയിൽ നാടകത്തിന് വലിയ പ്രാധാന്യം നൽകുന്നതായി ഷാജഹാൻ പറയുന്നു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രചിച്ച അറബിക് നാടകം പുസ്തകരൂപത്തിലുമായിട്ടുണ്ട്.

∙ ഇന്ത്യൻ നാടകവേദിയിലെ ഓസ്കാർ
2022 ൽ അവതരിപ്പിച്ച റാബില എന്ന നാടകത്തിന് ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ചു. യുഎഇയിൽ നിന്നുള്ള ഒരു സംവിധായകന്റെ നാടകത്തിന് ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു പുരസ്കാരം. ഇതിന് ശേഷമായിരുന്നു സ്വന്തമായി നാടകമൊരുക്കാൻ തീരുമാനിച്ചത്. 2024ൽ ഭൂതങ്ങൾക്ക് മികച്ച നാടകത്തിനും സംവിധായകനുമുള്ള പുരസ്കാരം ലഭിച്ചു. ആ വർഷം ബിജു കൂട്ടിലയ്ക്കാണ് യുഎഇ സംവിധായകനുള്ള അവാർഡ്. ഇപ്രാശ്യം ജീവന്റെ മാലാഖ എന്ന നാടകം മികച്ച സംവിധായകനും നാടകത്തിനുമുള്ള അവാർഡ് സ്വന്തമാക്കി. ഇതിലുമിരട്ടി സന്തോഷം പകരുന്ന നേട്ടമാണ് ഈ നാടകം ഇന്ത്യയിലെ നാടക വേദിയുടെ ഓസ്കാർ എന്നു വിശേഷിക്കപ്പെടുന്ന മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിന്റെ (മെറ്റാ  2025) ഇരുപതാം എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നത്. ഇന്ത്യയിലെ നാനാ ഭാഷകളിൽ നിന്നുള്ള 367 നാടകങ്ങളിൽ നിന്ന് 10 എണ്ണമാണ് ഈ അവാർഡിലേക്ക് പരിഗണിക്കപ്പെട്ടത്.

മികച്ച നാടകം, സംവിധായകൻ, അഭിനേതാവ് (സപ്പോർട്ടിങ് റോൾ), അഭിനേത്രി (സപ്പോർട്ടിങ് റോൾ), രംഗ സജ്ജീകരണം, ശബ്ദ വിന്യാസം, വെളിച്ച വിന്യാസം, നൃത്തസംവിധാനം, വേഷവിതാനം, എൻസംബിൾ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലേയ്ക്കാണ് നാടകത്തിന് നാമനിർദ്ദേശം ലഭിച്ചത്.

∙ ശ്രദ്ധേയമായ നാടകങ്ങൾ
2009ൽ അവതരിപ്പിച്ച യെർമയിൽ അഭിനയിച്ചു. 2010ൽ വൊയ്സെക്കും 2011ൽ ദ് സൂ സ്റ്റോറിയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ആയുസ്സിന്റെ പുസ്തകം(2012 നടൻ), മീരാ സാധു(2012-സംവിധാനം). തിരസ്കരണി(2013 നടൻ), ഹംസഗീതം(2014 നടൻ), ദ് ഐലൻഡ്(2016 സംവിധാനം, അഭിനയം), ഇയാഗോ(2018, രചന, അഭിനയം), ഭാസ്കര പട്ടേലറും തൊമ്മിയുടെ ജീവിതവും(2019, അഭിനയം), റാബില(2022, സംവിധാനം), ഭൂതങ്ങൾ(2023 സംവിധാനം), ജീവന്റെ മാലാഖ(2024 സംവിധാനം).

∙ പ്രധാന പുരസ്കാരങ്ങൾ
ഭരത് മുരളി നാടകോത്സവം 2024ൽ മികച്ച സംവിധായകൻ, നാടകം, 2022ലും 2023ൽ സംവിധായകൻ, നാടകം, 2014ലും 16ലും നടൻ, 2013ൽ യുഎഇയിലെ സംവിധാനയകൻ, 2014ലും 2017ലും എകെഎംജി നാടകോത്സവത്തിൽ സംവിധായകൻ, 2011, 2012ലും മലയാളി സമാജം നാടകോത്സവത്തിൽ നടൻ എന്നീ പുരസ്കാരങ്ങൾ ഷാജഹാന് ലഭിച്ചു. 

English Summary:

Kannur native balances work and passion: O T shahjahan makes time for drama despite busy schedule

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com