പൊലീസ് സേനയെ ശക്തിപ്പെടുത്താൻ തയാറെടുത്ത് ഷാർജ

Mail This Article
ഷാർജ ∙ പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഷാർജ. കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ് അക്കാദമി ബോർഡ് ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്ന പൊലീസ് അക്കാദമി ബോർഡിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അക്കാദമിയുടെ നിരന്തരമായ വികസനത്തിന്റെ ആവശ്യകത ഷെയ്ഖ് സുൽത്താൻ മുന്നോട്ടുവച്ചു. അക്കാദമിയിലെ വിദ്യാഭ്യാസ നിലവാരവും പരിശീലന ഘടനയും മെച്ചപ്പെടുത്താൻ വേണ്ടുന്ന കാര്യങ്ങളും ചർച്ച ചെയ്‌തു. പരിശീലന പരിപാടികളും അധ്യാപന വിഭാഗവും കൂടുതൽ ഫലപ്രദമാക്കാൻ പുതിയ പദ്ധതികളും നിർദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു. വിവിധ പരിശീലന പരിപാടികളും യോഗത്തിൽ അവലോകനം ചെയ്‌തു.
അറിവ് കൈമാറ്റവും പൊലീസുകാരുടെ ശേഷിയുടെയും പരിജ്ഞാനത്തിന്റെയും വർധനവുമാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. ബിരുദ, പിജി പ്രവേശന പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനെ കുറിച്ചും ബോർഡ് ചർച്ച ചെയ്തു. ടെക്‌നോളജിയിൽ നടക്കുന്ന പുരോഗതികൾക്ക് അനുസൃതമായി പ്രവേശന സംവിധാനങ്ങൾ പുതുക്കാൻ സാധ്യതകൾ വിലയിരുത്തി. പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും പൊലീസിനെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പങ്ക് വഹിക്കുന്നവരാക്കുന്നതിനുമുള്ള പദ്ധതികളും മുന്നോട്ടുവച്ചു.
ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫും ബോർഡ് വൈസ് ചെയർമാനുമായ മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമർ, ബ്രി. ജനറൽ അബ്ദുല്ല ഇബ്രാഹിം ബിൻ നാസർ, ബ്രി. ജനറൽ ഗാനിം ഖമീസ് അൽ ഹൂലി, സാലിം ഒബൈദ് അൽ ഹസ്സൻ അൽ ഷംസി, സുൽത്താൻ അലി ബിൻ ബത്തി അൽ മെഹൈരി, സുൽത്താൻ മുഹമ്മദ് ഒബൈദ് അൽ ഹജ്രി, അക്കാദമി ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഡോ. മുഹമ്മദ് ഖമീസ് അൽ ഉസ് മാനി, ബോർഡ് സെക്രട്ടറി കേണൽ മുഹമ്മദ് ഹമദ് അൽ സുവൈദി എന്നിവരും യോഗത്തിൽ പങ്കെടുത്തു.