റമസാൻ അവസാന വെള്ളിയിൽ ഇമാമുമാർ; കൈവിടരുത് നന്മ

Mail This Article
ദുബായ് ∙ റമസാനിൽ ആർജിച്ചെടുത്ത സുകൃതങ്ങൾ വൃഥാവിലാകരുതെന്ന് അവസാന വെള്ളിയാഴ്ചയിലെ ഖുതുബയിൽ ഇമാമുമാർ ഓർമിപ്പിച്ചു. ഏതു പുണ്യകർമത്തിന്റെയും തുടക്കവും ഒടുക്കവും നന്മയിലാകണമെന്നും ഇമാമുമാർ പറഞ്ഞു.
വ്രതമാസത്തിൽ നേടിയ പുണ്യം കാത്തുസൂക്ഷിക്കുകയും ജീവിതത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യണം. പാതിരാ പ്രാർഥന റമസാൻ കഴിഞ്ഞാലും നിലനിർത്തുന്നത് ഉചിതമാണ്. റമസാനിൽ വ്രതം ശീലിച്ച ഒരാൾ മറ്റു ദിവസങ്ങളിലും നോമ്പെടുക്കാൻ ശ്രദ്ധിക്കണം. ദൈവിക സ്മരണ നിലനിർത്താൻ വിശുദ്ധ ഖുർആനുമായി നിത്യ സമ്പർക്കം അനിവാര്യമാണ്.
അഗതികൾക്കു ഭക്ഷണം നൽകുന്നതും സൽപ്രവൃത്തികൾക്കായി സമ്പത്ത് ചെലവഴിക്കുന്നതും സമ്പാദ്യം വർധിപ്പിക്കുമെന്നും ഇമാമുമാർ ഓർമിപ്പിച്ചു. ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നതിനാൽ അതിനു മുൻപുള്ള ഫിത്ർ സക്കാത്ത് നിർബന്ധമായി നൽകാനായിരുന്നു രണ്ടാം ഖുതുബയിലെ പ്രധാന ഉപദേശം. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും പേരിൽ ഈ ദാനം നിർബന്ധമാണ്.
യുഎഇയിൽ ഒരാൾക്ക് 25 ദിർഹം എന്ന നിലയിലാണ് ഫിത്ർ സക്കാത്ത് നൽകേണ്ടത്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാതിരിക്കാനും വ്രതമെടുത്തവരുടെ ആത്മശുദ്ധിക്കുമാണ് ഫിത്ർ സക്കാത്ത്. റമസാനിലെ അവസാന വെള്ളിയാഴ്ച ആയതിനാൽ വിശ്വാസികൾ നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിൽ മുഴുകി. ജുമുഅ അവസാനിച്ചിട്ടും വിശ്വാസികൾ പള്ളിയിൽ തുടർന്ന് അവശേഷിക്കുന്ന മണിക്കൂറുകളെയും ഭക്തിസാന്ദ്രമാക്കി.