വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ

Mail This Article
മനാമ ∙ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്‌സ് ഓഫ് ആലപ്പി, കിംസ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 'ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാം' എന്ന തലക്കെട്ടിൽ 'നേർവഴി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ഉമൽഹസ്സത്തെ കിംസ് ഹോസ്പിറ്റൽ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. നൂറിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുകയും ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള അവബോധം നേടുകയും ചെയ്തു.
മൂന്ന് സെഷനുകളായാണ് സെമിനാർ നടന്നത്. കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ മനോരോഗവിദഗ്തൻ ഡോ. അമൽ എബ്രഹാം നയിച്ച ആദ്യസെഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിക്കെതിരെ എങ്ങനെ പ്രതിരോധം തീർക്കാം എന്നതിൽ അവബോധം സൃഷ്ടിക്കുന്നത് ആയിരുന്നു. കുട്ടികൾ ലഹരിക്ക് അടിമപ്പെടാതെ നേർവഴിയിലേക്ക് കടക്കണമെങ്കിൽ രക്ഷിതാക്കളാണ് ആദ്യം മികച്ച മാതൃക കാണിക്കേണ്ടത് എന്ന് രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള രണ്ടാമത്തെ സെഷനിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ കൂട്ടിച്ചേർത്തു.
എല്ലാവിധ ലഹരി ആസക്തികളും ഒഴിവാക്കേണ്ടത് കുടുംബങ്ങളിൽ നിന്ന് ആകണം എന്നും, ഒരു നല്ല കുടുംബം ഉണ്ടാകുമ്പോൾ നല്ല കുട്ടികൾ രൂപപ്പെടുമെന്നും, അതിലൂടെ നല്ല പൗരന്മാരും, ഒരു നല്ല സമൂഹവും, നല്ല രാജ്യവും സൃഷ്ടിക്കപ്പെടുമെന്നും അനുഭവങ്ങൾ നിരത്തിക്കൊണ്ട് അദ്ദേഹം അവബോധം സൃഷ്ടിച്ചു. സെമിനാറിലെ മൂന്നാമത്തെ സെഷനിൽ മാധ്യമപ്രവർത്തകനും, പ്രശസ്‌ത കൗൺസിലറുമായ പ്രദീപ് പുറവങ്കര, ലഹരിയുടെ വ്യാപ്തി എത്രത്തോളം എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണക്ക്, പഠനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കൃത്യമായ വിവരണം നൽകി.

ബഹ്‌റൈനിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ മയക്ക് മരുന്നിന്റെ കണക്കുകൾ അദ്ദേഹം നിരത്തിയത് തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന രക്ഷിതാക്കളുടെ മിഥ്യാധാരണ തിരുത്തുന്നതായിരുന്നു.തുടർന്ന് സെമിനാർ നയിച്ചവർക്ക് ഉപഹാരം നൽകി.
ഡോ. അമൽ എബ്രഹാമിന് വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റിയും, അഡ്വ. ബിനു മണ്ണിലിന് വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ് എക്സിക്യൂട്ടീവ് കമ്മറ്റിയും, പ്രദീപ് പുറവങ്കരയ്ക്ക് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും ഉപഹാരം കൈമാറി. സെമിനാറിന് ശേഷം കുട്ടികളും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളത്തിലുള്ള പ്രതിജ്ഞ അഹന പ്രസന്നനും ഇംഗ്ലിഷിലുള്ള പ്രതിജ്ഞ അദ്വൈത് അജിത്തും ചൊല്ലിക്കൊടുത്തു.

വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ. പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, അനിൽ യു കെ, കിംസ് ഹെൽത്ത് മാർക്കറ്റിങ് ഹെഡ് പ്യാരിലാൽ ഉൾപ്പെടെ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സെമിനാറിൽ സന്നിഹിതരായിരുന്നു.