കുടുംബഭദ്രത സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറ: ഹുസൈന്‍ കക്കാട്

Mail This Article
ദുബായ് ∙ ആദര്‍ശഭദ്രതയും കെട്ടുറപ്പും ഐക്യവുമുള്ള കുടുംബഘടനയാണ് സാമൂഹിക സുരക്ഷിതത്വത്തിന്റെ അടിത്തറയെന്നും മഹത്തായ രാഷ്ട്രഘടനയുടെ നിര്‍ഭയമായ നിലനില്‍പ്പിന് സുസജ്ജമായ കുടുംബവ്യവസ്ഥ അനിവാര്യമാണെന്നും ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റും ഷാര്‍ജ അല്‍ഗുവൈര്‍ പള്ളി ഖത്തീബുമായ ഹുസൈന്‍ കക്കാട് പറഞ്ഞു.
ദുബായില്‍ മലയാളികള്‍ക്കായി മതകാര്യവകുപ്പ് അനുവദിച്ച രണ്ടാമത്തെ ഈദ്ഗാഹിന് ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നേതൃത്വം നല്‍കി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തങ്ങളും കടമകളും മതം വ്യക്തികള്‍ക്കുമേല്‍ അടിസ്ഥാനപരമായി ഏല്‍പിച്ച ചുമതലകളാണ്. വ്രതാനുഷ്ഠാനം കുടുംബങ്ങളുടെ ഐക്യത്തിന്റെ പ്രതീകം കൂടിയാണ്.
വ്രതപരിസമാപ്തി കുറിക്കുന്ന ആഘോഷങ്ങളിലും പ്രഥമ പരിഗണന അവരവരുടെ കുടുംബങ്ങള്‍ക്ക് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം ഇന്ന് നേരിടുന്ന വലിയ വിപത്തായ ലഹരിയുടെ വ്യാപനം സമൂഹത്തിന് സര്‍വനാശമാണ് നല്‍കുക. യുദ്ധമോ പ്രകൃതിക്ഷോഭമോ ഉണ്ടാക്കുന്ന വിപത്തിനേക്കാള്‍ ഭയാനകമാണ് ലഹരിക്ക് അടിപ്പെട്ട തലമുറ സമൂഹത്തിലുണ്ടാക്കുന്നത്.

നന്മയുടെ മാതൃകകളാവുക: അബ്ദുസ്സലാം മോങ്ങം
കുടുംബത്തിനും സമൂഹത്തിനും അവരര്‍ഹിക്കുന്ന നന്മകള്‍ ചെയ്തുകൊടുത്ത് മാതൃകയാവാന്‍ വ്രതാനുഷ്ഠാനത്തിലെ പരിശീലനം നമ്മെ പ്രാപ്തരാക്കണമെന്ന് പണ്ഡിതൻ അബ്ദുസ്സലാം മോങ്ങം പറഞ്ഞു. യുഎഇ സർക്കാർ ഈ വര്‍ഷത്തെ കമ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചതുതന്നെ നന്മകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത വിളിച്ചോതുന്നു.
ഭദ്രതയും സുരക്ഷിതവും പുരോഗതിയും നിറഞ്ഞ കുടുംബ - സാമൂഹിക – രാഷ്ട്ര ഘടനയുടെ നിലനില്‍പ്പിന്റെ അടിത്തറയായി ഇതിനെ ഭരണകൂടം നോക്കിക്കാണുന്നു . ദുബായ് മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററില് നടന്ന പെരുന്നാൾ(ഈദുല്‍ ഫിത്ര്‍) ഈദ്ഗാഹിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അല്‍മനാര്‍ ഇസ്‌ലാമിക് സെന്റർ ഗ്രൗണ്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.