ദുബായിൽ തൊഴിലാളികൾക്കായുള്ള ഹെൽത്ത് കാർണിവൽ ഇന്ന്; പതിനായിരങ്ങൾ പങ്കെടുക്കും

Mail This Article
ദുബായ് ∙ ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ആരോഗ്യ കാർണിവൽ ഇന്ന് അൽ ഖൂസ് 4-ൽ നടക്കും.
ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. യുഎഇയുടെ കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ ആരോഗ്യോത്സവത്തിൽ പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.
യുഎഇയുടെ വളർച്ചയ്ക്കും പുരോഗതിക്കും വലിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ അർപ്പണബോധത്തെ ആദരിക്കുക എന്നതാണ് കാർണിവലിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ അവബോധം, സാമൂഹിക ഒത്തുചേരൽ, മാനുഷിക പരിഗണന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ സൗജന്യ ആരോഗ്യ പരിശോധന, പിങ്ക് കാരവനുമായി സഹകരിച്ചുള്ള സ്തനാർബുദ പരിശോധന, സ്മാർട് ലൈഫുമായി സഹകരിച്ചുള്ള നേത്ര പരിശോധന, ബോധവൽക്കരണ ക്ലാസുകൾ, കലാ, കായിക , സാംസ്കാരിക പരിപാടികൾ, മാജിക് ഷോ, നടത്തം എന്നിവയും ഉണ്ടായിരിക്കും. കാർണിവലിൽ പങ്കെടുക്കുന്നവർക്കായി വിമാന ടിക്കറ്റുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും.
’പ്രധാന ആകർഷണമായി 25,000 കൈപ്പത്തികൾ ഉപയോഗിച്ച് യുഎഇയുടെ ദേശീയ പതാക നിർമ്മിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമവും നടക്കും. തൊഴിലാളികൾക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകുന്ന ഈ ഹെൽത്ത് കാർണിവൽ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ലേബർ റിലേഷൻസ് സെക്ടർ കേണൽ ഒമർ അൽ മത്തർ മുസൈന എന്നിവർ പറഞ്ഞു.