ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വീണ്ടും നാടുകടത്തി അമേരിക്ക

Mail This Article
വാഷിങ്‌ടൻ ഡിസി∙ അനധികൃത കുടിയേറ്റക്കാരെ നേരിടാനുള്ള കർശന നടപടികളുടെ ഭാഗമായി, 120 ഇന്ത്യക്കാരെ ഇന്ന് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തുന്നത് ഇത് രണ്ടാം തവണയാണ്. വിമാനം രാത്രി 10 മണിയോടെ അമൃത്‌സറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിനു പിന്നാലെയാണ് പുതിയ സംഘത്തിന്റെ മടക്കം.
രണ്ടാം ഘട്ടത്തില്‍ 120 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് യു എസ് സൈനിക വിമാനം സി–17ല്‍ മടങ്ങിയെത്തുക. ഇവരില്‍ 60ലധികം പേർ പഞ്ചാബിൽ നിന്നുള്ളവരും 30ലധികം പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്. ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. ഫെബ്രുവരി 16ന് (ഞായറാഴ്ച) 157 ഇന്ത്യൻ കുടിയേറ്റക്കാരെ കയറ്റിയ മൂന്നാമത്തെ വിമാനം അമൃത്‌സറിലെത്തുമെന്നാണ് വിവരം. ഇവരിൽ മിക്കവരും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്വദേശികളാണ്.
∙ അനധികൃത വഴികളിലൂടെ അമേരിക്കയിലേക്ക്
ഫെബ്രുവരി 5ന് 104 ഇന്ത്യൻ കുടിയേറ്റക്കാരെ കയറ്റിയ ആദ്യ വിമാനം അമൃത്‌സറിലെത്തിയിരുന്നു. അതിൽ 33 പേർ ഹരിയാന, 33 പേർ ഗുജറാത്ത്, 30 പേർ പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഭാവി ജീവിതം മെച്ചപ്പെടുത്താൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃതമായി അമേരിക്കയിലെത്തിയവരാണ് ഇവരിലേറെയും. ‘ഡോങ്കി റൂട്ടുകൾ’ എന്നറിയപ്പെടുന്ന അപകടകരമായ വഴികളിലൂടെയോ മറ്റു അനധികൃത മാർഗങ്ങളിലൂടെയോ അവർ അമേരിക്കയിലേക്കെത്തിയതായാണ് റിപ്പോർട്ടുകൾ.

∙ ചങ്ങലയിട്ട വിഡിയോ വിവാദം
അമേരിക്കയില്‍ നിന്ന് നാടുകടത്തിയവരെ അമേരിക്കൻ സൈനികർ ചങ്ങലയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിവാദം ഉയർന്നിരുന്നു. അനധികൃത കുടിയേറ്റക്കാരോട് മനുഷ്യത്വമില്ലാതെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ പെരുമാറിയതെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. എന്നാൽ, ഇത് അമേരിക്കയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ ആണെന്നും, ഇന്ത്യ ഇതിനെതിരെ അമേരിക്കൻ ഭരണകൂടവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
∙ വിമാനമിറക്കിയതിനെതിരെ വിവാദം
അമൃത്‌സറിൽ വിമാനങ്ങൾ ഇറക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അമൃത്‌സറിനെയാണ് കേന്ദ്രസർക്കാർ ലാൻഡിങ് കേന്ദ്രമാക്കിയത് എന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിമർശനം ഉയർത്തിയിട്ടുണ്ട്. എന്നാൽ, വിഷയത്തെ അനാവശ്യമായി വലുതാക്കുകയാണെന്ന് ബിജെപി മറുപടി നൽകി.
∙ അനധികൃത കുടിയേറ്റം അംഗീകരിക്കാനാകില്ല: മോദി
അമേരിക്കൻ സന്ദർശന സമയത്ത്, അനധികൃത കുടിയേറ്റത്തെയും മനുഷ്യക്കടത്തിനെയും ഇന്ത്യ എതിർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 'അനധികൃതമായി വിദേശത്ത് താമസിക്കുന്നവർക്ക് അവിടെ നിയമാനുസൃത അവകാശം ഇല്ല. ഇന്ത്യയിലേക്കു തിരിച്ചെത്താൻ തയാറാണെങ്കിൽ, ഇന്ത്യ അതിന് എതിരില്ല' എന്നാണ് ട്രംപുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞത്
