ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചക്ക് പിന്നാലെ ധനസമാഹരണത്തിന് ആഹ്വാനം ചെയ്ത് കമല ഹാരിസ്

Mail This Article
വാഷിങ്ടൻ ഡി.സി∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌നിന്റെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഓവൽ ഓഫിസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയോട് ധനസമാഹരണത്തിന് ആഹ്വാനം ചെയ്തു.
കമല ഹാരിസിനെ പിന്തുണക്കുന്ന രാഷ്ട്രീയ ഫണ്ട് ശേഖരണ വിഭാഗമായ ഹാരിസ് ഫൈറ്റ് ഫണ്ട് മുഖേനയാണ് അഭ്യർഥന. ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർഥികൾക്കായി സംഭാവനകൾ കൈവരിക്കാനാണ് ഹാരിസ് ജനങ്ങളോട് അഭ്യർത്ഥിച്ചത്.
ഫണ്ട് ശേഖരണത്തിനായി അയച്ച ഇമെയിലിൽ, സെനറ്റർ ജെ.ഡി. വാൻസ് ട്രംപിന്റെ കൂടെ നിന്ന് സെലെൻസ്‌കിയെ യുക്രെയ്‌നിനുള്ള യുഎസ് സഹായം സംബന്ധിച്ച് സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നതായി ഗ്രൂപ്പ് കുറ്റപ്പെടുത്തി. അതിനെ അപമാനമെന്നും കമല ഹാരിസ് നൽകിയ മുന്നറിയിപ്പിന്റെ വ്യക്തമായ തെളിവാണെന്നും വിശേഷിപ്പിച്ചു.
സ്വാതന്ത്ര്യത്തിനായി പോരാടാൻ യുക്രെയ്‌നിന് സഹായം നൽകിയ അമേരിക്കൻ ജനതയുടെ ത്യാഗങ്ങൾ എല്ലാം അവഗണിച്ച്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി സൗഹൃദം പുലർത്താൻ വേണ്ടി ട്രംപ് എത്ര വേഗത്തിൽ വഴങ്ങുമെന്നതിന്റെ എന്നത് തെളിവാണിതെന്ന് ഇമെയിലിൽ ആരോപിക്കുന്നു
ഇതിനൊപ്പം ട്രംപിന്റെ നിലപാടിനെ പിന്തുണക്കുന്ന റിപ്പബ്ലിക്കൻ നിയമനിർമാതാക്കളെ വിമർശിക്കുകയും, വിഷയത്തിൽ ഡെമോക്രാറ്റിക് നിയന്ത്രിത കോൺഗ്രസ് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ വിദേശനയത്തിനെതിരെ ശക്തമായ പ്രചരണം നടത്താനാണ് ഡെമോക്രാറ്റുകൾ പദ്ധതിയിടുന്നതെന്ന് ധനസമാഹരണ സന്ദേശം വ്യക്തമാക്കുന്നു.