അബുദാബിയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ ഈ മാസം മുതൽ; പറക്കും ടാക്സിയിൽ അതിവേഗ യാത്ര

Mail This Article
അബുദാബി ∙ ഈ വർഷാവസാനത്തോടെ എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തും.
അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. എയർ ടാക്സികൾ പറത്തുന്നതിന് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിലും ടാക്സി നടത്തിപ്പിലും ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി സഹകരിക്കും. സർവീസിന്റെ തുടക്ക കാലത്ത് പൈലറ്റുമാരെയും സാങ്കേതിക പ്രവർത്തകരെയും എൻജിനീയർമാരെയും ആർച്ചർ കമ്പനി നൽകും.
എയർ ടാക്സി ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും അടക്കമാണ് നൽകുന്നത്. സർവീസ് പൂർണതോതിലെത്തും വരെ ഈ സഹായം തുടരും. രാജ്യത്ത് ഫ്ലൈയിങ് ടാക്സി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആർച്ചർ.
കമ്പനിയുടെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ 4 യാത്രക്കാർക്ക് സഞ്ചരിക്കാം. കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്താൻ കഴിയുന്ന രീതിയിലാണ് ഒരുക്കം നടത്തുന്നത്. കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന യാത്രകൾക്ക് പറക്കും ടാക്സിയിൽ 10 മുതൽ 30 മിനിറ്റുവരെ മതി. എമിറേറ്റുകളെ തമ്മിലാണ് പറക്കും ടാക്സി ബന്ധിപ്പിക്കുന്നത്. എമിറേറ്റുകൾക്കുള്ളിലും സർവീസ് നടത്തും.
ദുബായ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 800 മുതൽ 1500 ദിർഹം വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദുബായ്ക്കുള്ളിൽ വിവിധ സ്ഥലങ്ങളിലേക്കു സഞ്ചരിക്കുന്നതിനു പ്രതീക്ഷിക്കുന്ന ചെലവ് 350 ദിർഹമാണ്. അബുദാബിയുമായുള്ള കരാർ പ്രകാരം മിഡ്നൈറ്റ് എയർ ക്രാഫ്റ്റുകൾ യുഎഇയിൽ തന്നെ നിർമിക്കുകയാണ് ലക്ഷ്യം.
മേഖലയിലെ മറ്റു രാജ്യങ്ങൾക്കു നൽകാനുള്ള ഉൽപാദനവും ഈ ഫാക്ടറിയിൽ നിന്നു ലക്ഷ്യമിടുന്നു. ജോബിയാണ് രാജ്യത്ത് എയർ ടാക്സി സേവനം നൽകാൻ ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനി. ടാക്സികൾ പറന്നുയരാനും ഇറക്കാനുമായി നിർമിക്കുന്ന വെർട്ടിപോർട്ടുകളിൽ ആദ്യത്തേതിന് ദുബായ് ഇന്റർനാഷനൽ വെർട്ടിപോർട് എന്നാണ് പേര്.