ADVERTISEMENT

ഇന്ന് പുകവലി വിരുദ്ധ ദിനം!(No smoking day) എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനവും പിന്തുണയും ഉറപ്പാക്കുന്നതിനാണ് 'നോ സ്മോക്കിങ് ഡേ' ആചരിക്കുന്നത്. അത്തരത്തിൽ പ്രചോദനമേകുന്ന അനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. 

പുകച്ചു തള്ളിയത് പ്രതിദിനം 80 സിഗരറ്റുകൾ

ചെയ്ൻ സ്മോക്കറായിരുന്ന പി.സി ജോർജ് വർഷങ്ങൾ പഴക്കമുള്ള ശീലം ഉപേക്ഷിച്ചതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. അത് അദ്ദേഹംതന്നെ പറയും. "ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലം മുതലുള്ള സിഗരറ്റ് വലിയായിരുന്നു. നീണ്ടകാലം സിഗരറ്റ് വലിച്ചു. അന്ന് അൽപം മദ്യപാനവും ഉണ്ടായിരുന്നു. ഉള്ളതു പറയാലോ... കള്ളം പറയാൻ പാടില്ലല്ലോ! കുറച്ചു കഴിഞ്ഞപ്പോൾ മദ്യപാനം പരിപൂർണമായി നിറുത്തി. അതോടെ സിഗരറ്റ് വലി കൂടുതലായി. ഒരു ദിവസം 80 എണ്ണം വരെ വലിക്കുമായിരുന്നു. അതു നിറുത്താൻ നിമിത്തമായത് എന്റെ മരുമകളും സ്വകാര്യ ചാനലുമാണ്." 

'ആ സ്നേഹത്തിനു മുന്നിൽ വീണു പോയി'

"ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. പരിപാടിക്കിടെ അവതാരകൻ എന്നോടു സിഗരറ്റ് വലിക്കുമോ എന്നു ചോദിച്ചു. ഞാൻ വലിക്കും എന്നു മറുപടി പറഞ്ഞു. പബ്ലിക് ആയി വലിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞു. 'അതു നിറുത്തിക്കൂടെ' എന്നായി അവതാരകന്റെ അടുത്ത ചോദ്യം. 'നിറുത്താൻ പറ്റില്ല' എന്ന് ഞാൻ തീർത്ത് പറഞ്ഞു. അപ്പോഴാണ് എന്റെ മകന്റെ ഭാര്യ പാർവതിയുടെ ഒരു വിഡിയോ ക്ലിപ് സ്റ്റുഡിയോയിലെ സ്ക്രീനിൽ കാണിച്ചത്. അതിൽ പാർവതി പറഞ്ഞു, "ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം പപ്പയാണ്. ഏറ്റവും സ്നേഹമാണ്. പപ്പയ്ക്കും ഞങ്ങളെ വലിയ സ്നേഹമാണ്. പക്ഷേ, പപ്പയുടെ സിഗരറ്റ് വലി ഞങ്ങൾക്ക് എല്ലാവർക്കും വലിയ ദുഃഖമാണ്". ഇതു കേട്ടതും, സത്യത്തിൽ ഞാനതിൽ വീണു പോയി. സ്റ്റുഡിയോയിൽ പരിപാടി കാണാൻ പ്രേക്ഷകരും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുൻപിൽ വച്ച് പുകവലി ഇപ്പോൾ നിറുത്തണമെന്ന് അവതാരകൻ കട്ടായം പറഞ്ഞു. ഒടുവിൽ രക്ഷയില്ലാതെ ഞാൻ ആ പരിപാടിയിൽ പുകവലി നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അഞ്ചാറ് വർഷമായി. അതിനുശേഷം ഞാൻ വലിച്ചിട്ടില്ല." 

'ഉപേക്ഷിച്ചാൽ പിന്നെ തൊടരുത്'

"പിറ്റേദിവസം രാവിലെ ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. സാധാരണ രാവിലെ എണീക്കുമ്പോൾ ആദ്യം ഒരു സിഗരറ്റ് എടുത്തു വലിക്കലാണ് പതിവ്. എന്തോ, അന്നേ ദിവസം എനിക്ക് അങ്ങനെ തോന്നിയില്ല. പിന്നീട് എനിക്ക് വലിക്കാനേ തോന്നിയിട്ടില്ല. കുഞ്ഞുങ്ങളുടെ പ്രാർത്ഥനയുടെ ഫലമാകാം! അതൊരു ഉറച്ച തീരുമാനമായിരുന്നു. ഈയടുത്ത് കുറച്ചു സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ അവരെല്ലാം വലിക്കുകയായിരുന്നു. എന്നോട് ഒരു പുക എടുക്കുന്നുണ്ടോ എന്നു ചോദിച്ചു. പക്ഷേ, ഞാൻ വേണ്ടെന്നു പറഞ്ഞു. അന്ന് ഞാൻ ഒരു പുക എടുത്തിരുന്നെങ്കിൽ വീണ്ടും പുകവലി തുടങ്ങുമായിരുന്നു. അതുകൊണ്ട് പുകവലിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ– വലി ഉപേക്ഷിക്കുക, ഉപേക്ഷിച്ചാൽ പിന്നെ അത് തൊടാനേ പാടില്ല." 

'ഇപ്പോൾ ആ മണം പറ്റില്ല'

അതിനു മുൻപ് പലരും എന്റെ പുകവലി നിറുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പന്തയം വയ്ക്കുമായിരുന്നു. ആ സമയത്ത് ഞാൻ ആളുകളുടെ മുൻപിൽ വലിക്കില്ല. പക്ഷേ, കുളിമുറിയിൽ കയറി വലിക്കും. പക്ഷേ, അതെല്ലാം ഇവർ കണ്ടു പിടിക്കും. അങ്ങനെ എനിക്ക് കുറെ കാശ് പോയിട്ടുണ്ട്. അന്നൊന്നും നിറുത്താൻ സാധിച്ചിരുന്നില്ല. പക്ഷേ, എന്റെ മരുമകളും ആ ചാനലും അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരും ഒരുമിച്ച് നിർബന്ധിച്ചപ്പോൾ ഞാൻ ആ ശീലം നിറുത്തി. ഇപ്പോൾ പുക വലിക്കുന്നവർ എന്റെ അടുത്തു വരുമ്പോൾ ഒരു വൈരാഗ്യ മനസ്ഥിതി പോലെയാണ്. അവരോടു പിണക്കം ഉണ്ടായിട്ടല്ല. പക്ഷേ, ആ മണം സഹിക്കാൻ പറ്റുന്നില്ല. പിന്നെ, മറ്റൊരു കാര്യം കൂടി സംഭവിച്ചു. പണ്ടൊക്കെ എനിക്ക് ആകെ സിഗരിറ്റിന്റെ മണം മാത്രമേ കിട്ടുന്നുണ്ടായിരുന്നുള്ളൂ. ഇപ്പോൾ നല്ല മണങ്ങൾ ആസ്വദിക്കാൻ പറ്റുന്നു. ഭക്ഷണത്തിനും നല്ല രുചി തോന്നുന്നു. 

'ബോധവൽക്കരണം വേണം'

ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് സിഗരറ്റ് വലിക്കുക എന്നത് വലിയ ഗമയായിട്ടാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ വളരെ മോശം ശീലമായാണ് പുകവലിയെ സമൂഹം കാണുന്നത്. മാന്യർക്ക് പറ്റുന്നതല്ല ഈ സിഗരറ്റ് വലി. ശരീരത്തിന് ഹാനികരമാണ് എന്നതിനെക്കാൾ ഇതു നല്ലതല്ല എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ട്. ഈ മാറ്റം നല്ലതാണ്. പക്ഷേ, നമ്മുടെ ചെറുപ്പക്കാർ സിഗരറ്റ് വലിക്കു പകരം മറ്റു മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് ഏറെ ദുഃഖരമായ കാര്യമാണ്. അതിനെതിരായ പ്രചരണം ശക്തമായി തുടങ്ങണം. അതിനായി മാധ്യമങ്ങളും സർക്കാരും രാഷ്ട്രീയപാർട്ടികളും ഒരുമിച്ച് ശ്രമിക്കണം.  

English Summary: National no smoking day, P.C George says how he stop smoking habit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com