മൂത്രമൊഴിക്കുമ്പോഴുള്ള വേദന; ഈ രോഗങ്ങളുടെ ലക്ഷണമാകാം
Mail This Article
നാം സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രക്രിയയാണ് മൂത്രമൊഴിക്കുക എന്നത്. എന്നാൽ ഈ മൂത്രത്തിലെ മാറ്റം പല രോഗങ്ങളുടെയും സൂചന കൂടിയാണ്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാണ്. മൂത്രസഞ്ചിയിൽ കല്ല്, മുഴകൾ, മൂത്രനാളിയിലെ തടസ്സം എന്നിവ ഉണ്ടാകുമ്പോഴും വേദന അനുഭവപ്പെടാം. പുരുഷൻമാരിൽ മൂത്രാശയ അണുബാധ വളരെ അപൂർവമായതിനാൽ വേദന അനുഭവപ്പെടുകയാണെങ്കിൽ കൃത്യമായ കാരണം കണ്ടെത്തണം.
മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ സാധാരണയായി മൂത്രമൊഴിക്കുന്നതിന്റെ ശക്തിയും കുറയുന്നു. ഇത് മൂത്രക്കുഴൽ ഇടുങ്ങിയതു മൂലമോ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം മൂലമോ കല്ലുകൾ മൂലമോ സംഭവിക്കാം. തടസ്സം രൂക്ഷമല്ലെങ്കിൽ, ഒഴുക്കു കുറഞ്ഞുവെന്ന് മിക്ക ആളുകളും തിരിച്ചറിയില്ല. ചില ന്യൂറോളജിക്കൽ അവസ്ഥ, ദീർഘകാലം പ്രമേഹം എന്നിവ കാരണം മൂത്രം പുറന്തള്ളാനുള്ള മൂത്രാശയത്തിന്റെ ശക്തി കുറയുമ്പോഴും മൂത്രമൊഴിക്കുന്നതിന്റെ ശക്തി കുറയാം.
മൂത്രം അനിയന്ത്രിതമായി പോകുന്നത് അസാധാരണമാണ്. പ്രായം, രോഗദൈർഘ്യം, രോഗിയുടെ ലിംഗഭേദം, ശസ്ത്രക്രിയാ ചരിത്രം എന്നിവയെ ആശ്രയിച്ചാണ് രോഗനിർണയം. വളരെ ചെറിയ പെൺകുഞ്ഞിൽ, വൃക്കയിൽ നിന്ന് യോനിയിലേക്ക് മൂത്രനാളി അസാധാരണമായി തുറക്കുന്നതു മൂലം അനിയന്ത്രിതമായി മൂത്രം പോകാം. നാഡീസംബന്ധമായ പ്രശ്നവും ഈ അവസ്ഥ ഉണ്ടാക്കാം. അടിവയറിലെ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളിൽ മൂത്രസഞ്ചിയും യോനിയുമായുള്ള ബന്ധത്തിലെ തകരാർ മൂലം മൂത്രാശയത്തിലേക്കു വരുന്ന മൂത്രം യോനിയിലേക്ക് ഒഴുകാം. തുടർന്ന് മൂത്രം അനിയന്ത്രിതമായി പോകാം.
പ്രായമായ സ്ത്രീകളിൽ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ മൂത്രം പോകുന്നതു വളരെ സാധാരണമാണ്. ഇത് മൂത്രസഞ്ചിയിലെ പേശികൾ ദുർബലമാകുന്നതു കാരണമാണ്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പുരുഷന്മാരിലും ഇതു സംഭവിക്കാം. ഈ അവസ്ഥയിൽ പേശികളെ ശക്തിപ്പെടുത്താൻ ചില വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. മരുന്നുകളും പരീക്ഷിക്കാം. ഇവ പ്രവർത്തിക്കുന്നില്ലെങ്കിൽ, ശസ്ത്രക്രിയ ചെയ്യാം.
ചെറിയ കുട്ടികള്‍ രാത്രിയിൽ കിടക്ക നനയ്ക്കുന്നതു സാധാരണമാണ്. എന്നാൽ രാത്രിയും പകലും കുട്ടിക്ക് അനിയന്ത്രിതമായി മൂത്രം പോകുന്നുവെങ്കിൽ ഡോക്ടറെ കണ്ടു പരിശോധ നടത്തേണ്ടതാണ്.
Content Summary : Urinating pain and disease symptoms