ഫൈസറിന്‍റെ നാലാമത് ഡോസ് വാക്സീന്‍ കോവിഡില്‍ നിന്നുള്ള സംരക്ഷണം വര്‍ധിപ്പിക്കും

Mail This Article
ഫൈസറിന്‍റെ നാലാമത് ഡോസ് വാക്സീന്‍ കോവിഡ് അണുബാധയില്‍ നിന്നും തീവ്രമായ രോഗത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്നതായി ഇസ്രായേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അറുപതോ അതിന് മുകളിലോ പ്രായമുള്ള 12 ലക്ഷം പേരിലാണ് ഗവേഷണം നടത്തിയത്.
ഇതില്‍ പകുതി പേര്‍ ഫൈസറിന്‍റെ നാലാമത് ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചവരാണ്. ശേഷിക്കുന്നവര്‍ക്ക് മൂന്ന് ഡോസ് വാക്സീന്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. നാലാമത് ഡോസ് എടുത്തവരിലെ തീവ്രരോഗബാധയുടെ നിരക്ക് മൂന്നാമത് ഡോസ് വരെ എടുത്തവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. പഠനകാലയളവായ എട്ട് ആഴ്ചയില്‍ ഇവരിലെ സംരക്ഷണത്തിന്‍റെ തോതിലും കുറവുണ്ടായിട്ടില്ലെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു.
അതേ സമയം മൂന്ന് ഡോസ് വാക്സീന്‍ എടുത്തവരില്‍ നാല് ഡോസ് എടുത്തവരെ അപേക്ഷിച്ച് അണുബാധയുടെ എണ്ണം ഏതാണ്ട് ഇരട്ടിയോളമായിരുന്നു. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനുവരിയിലാണ് ഇസ്രായേല്‍ നാലാമത് ഡോസ് കോവിഡ് വാക്സീന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങിയത്. പ്രായമായവര്‍ക്കും ഉയര്‍ന്ന റിസ്ക് ഉള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ നല്‍കിയ ബൂസ്റ്റര്‍ ഡോസ് പിന്നീട് വ്യാപകമായി എല്ലാവര്‍ക്കും നല്‍കാന്‍ ആരംഭിച്ചു.
നാളിതു വരെ 39 ലക്ഷം പേര്‍ക്കാണ് ഇസ്രായേലിൽ കോവിഡ് ബാധിച്ചത്. 90 ലക്ഷം പേരുള്ള രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത് 10,500 ലധികം പേരാണ്.
Content Summary : COVID19 Pfizer vaccine