സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മെനിഞ്ചൈറ്റിസ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി
Mail This Article
മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് രോഗത്തിന്‍റെ അഞ്ച് മുഖ്യ കാരണങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന മെന്‍ഫൈവ് കോണ്‍ജുഗേറ്റ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്സീന്‍ രാജ്യാന്തര ഗുണനിലവാര, സുരക്ഷ, കാര്യക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി. പുണെയിലുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പാത്ത് എന്ന ആഗോള എന്‍ജിഒയും ചേര്‍ന്നുള്ള 13 വര്‍ഷത്തെ സഹകരണത്തിനൊടുവിലാണ് വാക്സീന്‍ നിര്‍മിച്ചത്. യുകെ ഗവണ്‍മെന്‍റില്‍ നിന്ന് ഇതിന് ധനസഹായവും ലഭിച്ചു.
തലച്ചോറിനെയും നട്ടെല്ലിനെയും ചുറ്റിയുള്ള ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. നൈസെരിയ മെനിഞ്ചിറ്റൈഡിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന മെനിഞ്ചൈറ്റിസിനാണ് മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. ഇത് ബാധിക്കുന്നവരുടെ മരണസാധ്യത വളരെ ഉയര്‍ന്നതാണ്. ആഫ്രിക്കയിലെ മെനിഞ്ചൈറ്റിസ് ബെല്‍റ്റില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന മെനിഞ്ചൈറ്റിസ് രോഗപടര്‍ച്ചയ്ക്ക് ഈ കോണ്‍ജുഗേറ്റ് വാക്സീന്‍ പരിഹാരമാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പറയുന്നു.
ആഫ്രിക്കന്‍ മെനിഞ്ചൈറ്റിസിനെ പ്രതിരോധിക്കാന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന പോളിസാക്കറൈഡ് വാക്സീനുകള്‍ക്ക് നിരവധി പരിമിതകളുണ്ടായിരുന്നു. ഹ്രസ്വകാല സംരക്ഷണം മാത്രമേ ഇവ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ ദീര്‍ഘകാല പ്രതിരോധം രോഗത്തിനെതിരെ തീര്‍ക്കും. നിരവധി ജീവനുകള്‍ രക്ഷിക്കാനും ഈ ദീര്‍ഘകാല വ്യാധിയെ ഇല്ലാതാക്കാനും 2030 ഓടെ മെനിഞ്ചൈറ്റിസിനെ പൂര്‍ണമായും പരാജയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് മെന്‍ഫൈവ് വാക്സീന്‍ കരുത്ത് പകരുമെന്ന് യുകെയിലെ ഇന്‍റര്‍നാഷനല്‍ ഡവലപ്മെന്‍റ് മിനിസ്റ്റര്‍ ആന്‍ഡ്രൂ മിച്ചൽ ചൂണ്ടിക്കാട്ടി.
Content Summary: SII's meningitis vaccine gets WHO nod on quality, safety