വീട്ടിലെ ഭക്ഷണം, ഫ്രഷ് ജ്യൂസ്; ആയുർവേദം ഇഷ്ടപ്പെടുന്ന കത്രീന കെയ്ഫിന്റെ ഒരു ദിവസത്തെ ഭക്ഷണരീതി

Mail This Article
ചിട്ടയായ ജീവിതം നയിക്കുന്ന ബോളിവുഡ് താരമാണ് കത്രീന കെയ്ഫ്. 41–ാം വയസ്സിലും തന്റെ യുവത്വം കാത്തുസൂക്ഷിക്കുന്നതിൽ കത്രീനയുടെ ആഹാരരീതിയ്ക്ക് വലിയ പങ്കുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് ആയ ശ്വേത ഷാ പറയുന്നു. വളരെ ലളിതമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്ന വ്യക്തിയാണ് കത്രീന. ആയുർവേദം ഇഷ്ടപ്പെടുന്ന നടി, അതിലെ തത്ത്വങ്ങൾ തന്റെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും പിന്തുടരാൻ ആഗ്രഹിക്കുന്നു. വീട്ടിലുണ്ടാക്കിയ പോഷകഗുണങ്ങളും രുചിയും ഏറിയ ഭക്ഷണമാണ് പ്രിയം.
ദിവസം രണ്ടു നേരം മാത്രമാണ് കത്രീന ഭക്ഷണം കഴിക്കുന്നത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്ന അവർ അത് എവിടെപ്പോയാലും കയ്യിൽ കരുതുകയും ചെയ്യുന്നു. ഒരേതരം ഭക്ഷണം ഇഷ്ടപ്പെടുന്ന കത്രീനയ്ക്ക്, വളരെ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്ന ശീലമാണുള്ളത്. ആയുർവേദമനുസരിച്ച് പിത്ത ഗുണമുള്ള ശരീരമായതിനാൽ അതനുസരിച്ചുള്ള ഭക്ഷണമാണ് അവർ കഴിക്കുന്നതും. കറുത്ത മുന്തിരി പോലുള്ള ആരോഗ്യകരമായവയാണ് ലഘുഭക്ഷണമായി പോലും ഉൾപ്പെടുത്തിയിരിക്കുന്നത്. ദഹനത്തിനായി പെരുംജീരകം ഉപയോഗിക്കാറുണ്ടെന്നും പറയുന്നു.
ഫ്രഷ് ജ്യൂസ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഒപ്പം ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന കുമ്പളങ്ങ ജ്യൂസ് ദിവസേന കുടിക്കാറുമുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. പുതിന, നെല്ലിക്ക, മല്ലിയില ഇവ ചേർന്ന ജ്യൂസും ഭക്ഷണക്രമത്തിൽ ഉൾക്കൊള്ളിക്കാറുണ്ട്.

ആയുർവേദം ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന കത്രീന, ഓയില്‍ പുള്ളിങ്ങ്, നേസൽ ക്ലീനിങ്ങ് ഇവയും ചെയ്യാറുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും വായയുടെ ആരോഗ്യത്തിനും സഹായിക്കും. നിയന്ത്രിച്ചതും പോഷകഗുണങ്ങളുള്ളതുമായ ആഹാരം കഴിക്കുന്നതുൾപ്പെടെയുള്ള ചിട്ടകൾ പിന്തുടരുന്നതിലൂടെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ താരത്തിനു കഴിയുന്നു എന്ന് കത്രീന കെയ്ഫിനൊപ്പം പ്രവർത്തിച്ച ശ്വേത ഷാ പറയുന്നു.