ADVERTISEMENT

വാക്കിങ് ന്യുമോണിയ ആണ് മാതാപിതാക്കളുടെ നിലവിലെ ആശങ്ക. ഭയപ്പെടാനുണ്ടോ, സാധാരണ രോഗം തന്നെയാണോ, ചികിത്സിച്ചാൽ മാറുമോ തുടങ്ങിയ പല സംശയങ്ങളും ഇവരെ അലട്ടുന്നു. രോഗത്തിന്റെ പേര് കേട്ടയുടൻ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്താണ് ന്യുമോണിയ എന്നാണ് ആദ്യം അറിയേണ്ടത്.   

അണുജീവികൾ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ന്യുമോണിയ. സാധാരണ ന്യുമോണിയ ഉണ്ടാക്കുന്ന ന്യൂമോകോക്കൈ പോലെയുള്ള അണുജീവികൾ ശ്വാസകോശത്തിന്റെ ഒരു പാളിയെയോ ഒന്നിലധികം പാളികളെയോ പൂർണമായിട്ടോ ബാധിച്ച് നീർക്കെട്ട് ഉണ്ടാക്കുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ വാക്കിങ് ന്യൂമോണിയ ഉണ്ടാക്കുന്നത് മറ്റു ചില അണുജീവികളാണ്. മറ്റു ന്യൂമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങൾ പൊതുവേ കുറവായിരിക്കും. അതുകൊണ്ട് ആളുകൾക്ക് നടക്കാനും അവരുടേതായ ജോലികൾ ചെയ്യാനും കഴിയും. അതുകൊണ്ടാണ് ഇതിനെ വാക്കിങ് ന്യുമോണിയ എന്നു വിളിക്കുന്നത്. ശാസ്ത്രമേഖലയിൽ ഈ വാക്ക് ഇപ്പോൾ അധികമായി ഉപയോഗിക്കാറില്ല.

സാധാരണ ഇത് കുട്ടികളിലാണ് കൂടുതൽ കാണപ്പെടുന്നത്. മൈക്കോപ്ലാസ്മ എന്ന അണുജീവിയാണ് സാധാരണഗതിയിൽ പ്രധാന കാരണമാകുന്നത്. ക്ലമഡിയ, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ്,അഡിനോ വൈറസ് എന്നിവ കാരണവും വാക്കിങ് ന്യുമോണിയ ഉണ്ടാകാം. രോഗലക്ഷണങ്ങൾ പുറത്തു കാണിക്കാൻ വൈകും. വലിയ തീവ്രമായ രോഗലക്ഷണങ്ങൾ ആയിരിക്കില്ല എന്നതാണ് സാധാരണ ന്യുമോണിയയിൽ നിന്നും വാക്കിങ് ന്യുമോണിയയെ വ്യത്യസ്തമാക്കുന്നത്. പനി, ശരീരക്ഷീണം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടാം. ഇതു പൊതുവെ വലിയ കുഴപ്പമുണ്ടാക്കാറില്ല. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ പ്രായക്കാർ ഒരുമിച്ചു താമസിക്കുന്ന ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഇത്തരം ന്യുമോണിയകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. 

1168351927
Representative image. Photo Credit:ajijchan/istockphoto.com

ഏതെങ്കിലും ഒരു ശ്വാസകോശ പാളിയെ മാത്രമായിട്ട് ഈ രോഗം ബാധിക്കാറില്ല. വായു അറകളെയും ചെറു ശ്വാസ നാളികളെയും പൊട്ട് പോലെ ചെറിയ സ്ഥലത്ത് ബാധിക്കുന്ന ബ്രോങ്കോന്യുമോണിയയുടെ രൂപത്തിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. നെഞ്ചിന്റെ എക്സ്റേ നോക്കുകയാണെങ്കിൽ അവിടെയുമിവിടെയും കൊച്ചു കൊച്ചു പൊട്ടുകളായിട്ടായിരിക്കും ഇത് കാണപ്പെടുന്നത്. ചെറുപ്രായക്കാരിൽ വലിയ ബുദ്ധിമുട്ടുകളൊന്നും കണ്ടു വരാറില്ലെങ്കിലും പ്രായമായവരിൽ ഇത്തരം ന്യുമോണിയ പ്രശ്നക്കാരാകാം. പൊതുവേ ഇതിന് സങ്കീർണതകൾ കുറവാണെങ്കിലും ചില സാഹചര്യങ്ങളിൽ ഹൃദയത്തെയും നാഡീ ഞരമ്പുകളെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന നീർക്കെട്ടുകള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം.

സാധാരണ ഗതിയിൽ രണ്ടോ മൂന്നോ ദിവസം റെസ്റ്റ് എടുക്കുക, കഠിനമായ ജോലികളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഈ അസുഖം മാറുന്നതാണ്. മൈക്കോപ്ലാസ്മ മൂലമുള്ള വാക്കിങ് ന്യുമോണിയ ആണെങ്കിൽ അതിന് ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ടി വരും. 

രോഗം ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിലെ ജലാംശം ക്രമീകരിച്ചു നിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക തുടങ്ങിയവയാണ് ഇതിന്റെ ചികിത്സ. ഒരാളിൽ നിന്ന് വേറൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലായതിനാൽ കൂട്ടം കൂടി താമസിക്കുന്ന ആൾക്കാരുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഒരാളിൽ നിന്ന് വേറൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശ സംബന്ധ രോഗമാണെങ്കിലും ശ്വാസകോശ ലക്ഷണമല്ലാതെ മറ്റു ലക്ഷണങ്ങളും ഇതിന് കൂടുതൽ കണ്ടുവരാറുണ്ട്. കാൽവേദന, കാലുകളിൽ ചെറിയ പാടുകൾ, ശരീരക്ഷീണം അങ്ങനെയുള്ള ലക്ഷണങ്ങൾ ഇത്തരം ന്യുമോണിയകളിൽ കൂടുതലായിട്ട് കണ്ടു വരാറുണ്ട്. 

ലക്ഷണങ്ങൾ
ചെറിയ രീതിയിലുള്ള ശ്വാസംമുട്ടൽ, നെഞ്ചുവേദന, ചുമ, വരണ്ട ചുമ, ശരീരക്ഷീണം, തൊണ്ടവേദന, തൊണ്ടയിൽ എന്തോ ഇരിക്കുന്നതു പോലെയുള്ള തോന്നൽ, വിശപ്പില്ലായ്മ, ചെറിയ രീതിയിലുള്ള പനി, തീരെ ചെറിയ കുട്ടികൾക്ക് പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, വെറുതെ തോന്നുന്ന അസ്വസ്ഥത, വയറിളക്കം, തലവേദന തുടങ്ങിയ ശ്വാസകോശത്തിനു പുറത്തുള്ള ലക്ഷണങ്ങൾ ഇത്തരം ന്യുമോണിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 

പൊതുവേ ഇത്തരം ന്യുമോണിയ കുഴപ്പമുണ്ടാക്കാറില്ല. അപൂർവമായി മാത്രം തീവ്രപരിചരണം ആവശ്യമായി വരുന്ന ഒരസുഖമാണ്. ആന്റിബയോട്ടിക്കുകൾ കഴിച്ചില്ലെങ്കിൽ പോലും താനേ മാറുന്നതായിട്ടാണ് കണ്ടു വരുന്നത്. എന്നിരുന്നാലും മൈക്കോ പ്ലാസ്മ, ക്ലമഡിയ പോലുള്ള അണുജീവികൾ മൂലമുണ്ടാകുന്ന ന്യുമോണിയകളിൽ ചിലയിനം ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ടി വരാറുണ്ട്. പൊതുവേ ഇത്തരം ന്യുമോണിയകൾക്കുള്ള വാക്സിനുകൾ ലഭ്യമല്ല. അടുത്ത കാലത്തായി റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസിനെതിരായുള്ള വാക്സിന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ പൊതുവേ വാക്കിംഗ് ന്യുമോണിയയ്ക്കെതിരെ വാക്സിനുകൾ ലഭ്യമല്ല.

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ഷാജഹാൻ, പ്രൊഫസർ, പൾമണറി മെഡിസിൻ, ഗവ ടി.ഡി. മെഡിക്കൽ കോളജ്)

English Summary:

Walking Pneumonia Treatment: Antibiotics, Home Remedies & Prevention.Is Walking Pneumonia Contagious? Symptoms, Treatment, & Prevention Tips.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com