ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലോകമെമ്പാടുമുള്ള മാനസിക ആരോഗ്യ വിദഗ്ധർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രതിഭാസമാണ് 'ബ്ലൂ മണ്‍ഡേ'. ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച, വർഷത്തിലെ ഏറ്റവും വിഷാദകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ആവേശം കെട്ടടങ്ങിയ ശേഷം, പുതുവർഷ പ്രതിജ്ഞകൾ തകർന്നു തുടങ്ങുമ്പോൾ, സാമ്പത്തിക ബാധ്യതകൾ കൂടി വരുമ്പോൾ, പലരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെയും വിഷാദത്തെയും കുറിച്ചുള്ള ഒരു സാമൂഹിക സംവാദമാണ് 'ബ്ലൂ മണ്‍ഡേ' നമ്മുടെ മുന്നിൽ തുറന്നിടുന്നത്. 2004-ൽ ഒരു മാർക്കറ്റിംഗ് തന്ത്രത്തിലൂടെ ആരംഭിച്ച ഈ സങ്കൽപ്പം, ഇന്ന് ആഗോള തലത്തിൽ വിഷാദരോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദ അവസ്ഥയിലൂടെ (Depressive mood) കടന്നുപോകാത്തവരായി ആരുമുണ്ടാകാനിടയില്ല. ജീവിത സാഹചര്യങ്ങളിലെ ഉയർച്ച താഴ്ചകളും, ദുഃഖങ്ങളും നിരാശകളും വിഷാദമുണ്ടാക്കിയേക്കാം.  അവയിൽനിന്നെല്ലാം വേഗത്തിൽ പുറത്തുകടക്കാൻ ചിലർക്കെങ്കിലും കഴിയാറുണ്ട്. എന്നാൽ എല്ലാവർക്കും അത് കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ പരിചയത്തിലുള്ള ആരെങ്കിലും നിരന്തര ദുഃഖമനുഭവിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അവരെ സഹായിക്കേണ്ടതുണ്ട്.

സാധാരണ വിഷമാവസ്ഥ പോലും തുടർച്ചയായി നിന്നാൽ വിഷാദ രോഗത്തിലേക്ക് പോകാനുള്ള സാധ്യതകൾ വളരെക്കൂടുതലാണ്. അതുകൊണ്ട് വ്യക്തമായ അവബോധമുണ്ടാവണം. ഡിപ്രഷൻ ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്. കുടുംബത്തെയും സമൂഹത്തെയും ബാധിക്കുമെന്നതിനാൽ ചുറ്റുപാടുള്ളവരുടെ മാനസിക ആരോഗ്യത്തെ ശ്രദ്ധിക്കുകയും, അവർക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്യേണ്ടതുണ്ട്.

depressed-woman-at-home-work-triloks-istock-photo-com
Representative image. Photo Credit:triloks/istockphoto.com

ഡിപ്രഷൻ നേരിടുകയും അതിനെ കുറിച്ച് തുറന്നുപറയുകയും ചെയ്ത ബോളിവുഡ് താരങ്ങളിലൊരാളാണ് ദീപിക പദുക്കോൺ. 2015-ൽ അവർ തന്റെ ഡിപ്രഷൻ അനുഭവം തുറന്നുപറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനുശേഷം, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ അവർ "ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ" സ്ഥാപിച്ചു, അത് ഡിപ്രഷൻ അടക്കമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നു. അതുപോലെതന്നെ തന്റെ മകൾ അനുഭവിച്ച മാനസിക  വെല്ലുവിളികളെ മനസ്സിലാക്കി, അവയെ അഭിമുഖീകരിക്കാൻ പിന്തുണ നൽകാൻ ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റിന്റെ സഹായം തേടിയതായി ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ അടുത്തിടെ വെളിപ്പെത്തിയതും ചർച്ചയായിരുന്നു.

നമ്മുടെ ജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഡിപ്രഷൻ അഥവാ വിഷാദരോഗം. ഇത് പലപ്പോഴും മറ്റ് മാനസിക രോഗങ്ങളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. എന്നാൽ പലരും പ്രാധാന്യം നൽകാതെ അവഗണിക്കാറുമുണ്ട്. എന്നാൽ ഗൗരവമേറിയ മാനസികാരോഗ്യ പ്രശ്നമായാണ് വിഷാദ രോഗത്തെ കാണേണ്ടത്. നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

ഡിപ്രഷൻ മനുഷ്യരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കും. മനസ്സിൽ നിരന്തരമായ ദുഃഖവും നിരാശയും അനുഭവപ്പെടും. മുമ്പ് ആനന്ദം നൽകിയിരുന്ന കാര്യങ്ങളിൽ പോലും യാതൊരു താൽപര്യവും തോന്നാതെ വരും. സ്വയം കുറ്റപ്പെടുത്തലും മൂല്യമില്ലായ്മ തോന്നലും സാധാരണയാണ്. വിഷാദത്തിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് ചിലർക്ക് ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടാകാറുണ്ട്. ഈ മാനസിക പ്രശ്നങ്ങൾ ശരീരത്തെയും ബാധിക്കും. ഉറക്കമില്ലായ്മയോ അമിത ഉറക്കമോ ഉണ്ടാകാം. ഭക്ഷണത്തോടുള്ള താൽപര്യം നഷ്ടപ്പെടുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യാം. നിരന്തരമായ ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടും. തലവേദന, വയറുവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും സാധാരണമാണ്.

Representative Image. Image Credit: fizkes/shutterstock.com
Representative Image. Image Credit: fizkes/shutterstock.com

വിഷാദ രോഗത്തിലുള്ള ആളുകളിൽ പെട്ടെന്നുള്ള സ്വഭാവ മാറ്റങ്ങൾ കാണാം. അവർ സാമൂഹിക ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസപ്പെടും. മുമ്പ് താൽപര്യമുണ്ടായിരുന്ന വിനോദങ്ങളിൽ നിന്നും പിൻമാറും. സ്വന്തം ആരോഗ്യത്തിലും വ്യക്തി ശുചിത്വത്തിലും ശ്രദ്ധ കുറയും. ചിലർ മദ്യത്തിലോ മറ്റ് ലഹരി വസ്തുക്കളിലോ ആശ്രയം തേടാറുമുണ്ട്.  

മസ്തിഷ്കത്തിൽ ഹാപ്പി ഹോർമോണുകളുടെ തോത് ഗണ്യമായി കുറയുമ്പോൾ വിഷാദം അനുഭവപ്പെടാം എന്നാൽ വിഷാദത്തിൻറെ ഇത്തരം കടുത്ത ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുമ്പോഴാണ് അത് രോഗാവസ്ഥയിലായി എന്ന് മനസ്സിലാക്കേണ്ടത്. വിഷാദത്തിന്റെ ചെറിയ സൂചനകൾ ലഭിച്ചാൽത്തന്നെ വൈദ്യസഹായം തേടുന്നത് ഏറെ ഗുണം ചെയ്യും.  സ്ത്രീകളിൽ ഹോർമോൺ ഏറ്റകുറച്ചിലുകളുടെ ഭാഗമായും വിഷാദവും മൂഡ്സ്വിങ്ങും അനുഭവപ്പെടാറുണ്ട്. എന്നാൽ പ്രീമെൻസ്ട്രുവൽ സിൻഡ്രം (PMS) , പ്രീമെൻസ്ട്രുവൽ ഡിസ്‌ഫോറിക്‌ ഡിസോർഡർ (PMDD) പോലുള്ള അവസ്ഥകളിൽ ഉള്ളവർക്ക് കടുത്ത വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാം. എന്നാൽ ഈ ലക്ഷണങ്ങൾ ഒന്നും തന്നെ അധികനാൾ നീണ്ടു നില്‍ക്കുന്നവയല്ല. 

ശരീരവും മനസ്സും തുല്യ പ്രാധാന്യമുള്ളവയാണെങ്കിലും, മനസ്സിന്റെ ആരോഗ്യത്തിന് നാം വളരേ കുറഞ്ഞ പരിഗണനയാണ് നൽകി വരുന്നത്.  മാനസികാരോഗ്യ പ്രൊഫഷണലുകളുടെ സഹായം തേടുന്നത് ശാരീരിക അസുഖത്തിന് ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായിരിക്കണം. മനസ്സിന് താളപ്പിഴകളുണ്ടാക്കുന്ന ഏതു അവസ്ഥ വരുകയാണെങ്കിലും വളരെ വേഗം അത് തിരിച്ചറിഞ്ഞ് ഒരു കൗൺസിലറുടെയോ സൈക്കോളജിസ്റ്റിന്റെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടേണ്ടതുണ്ട്. 

ഒരാൾക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം 
 ദീർഘകാലം ദു:ഖം, നിരാശ, നിരുത്സാഹം എന്നിവയിലൂടെയാണ്  വിഷാദം പ്രകടമാകുന്നത് . ഇത് സാധാരണ ദു:ഖത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒരു ദു:ഖകരമായ അനുഭവം കഴിഞ്ഞ് നാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ടെങ്കിൽ, ഡിപ്രഷനിൽ  ദീർഘകാലത്തേക്കും കൂടുതൽ ഗൗരവത്തോടെയും അത് തുടരാം.
ഡിപ്രഷൻ വ്യക്തിയുടെ മനസ്സും ശരീരവും കൂടാതെ ജീവിതത്തിന്റെ വിവിധ ഭാഗങ്ങൾ (പഠനം, ജോലി, കുടുംബബന്ധങ്ങൾ) എന്നിവയെ വളരെയധികം ബാധിക്കുന്നു. മാനസികമായി മാത്രമല്ല, ശാരീരിക ക്ഷമതയെയും മറ്റു പ്രവർത്തനങ്ങളെയും  വലിയ തോതിൽ ബാധിക്കും.

വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ
1. ദീർഘകാല ദു:ഖവും നിരാശയും:
കുറച്ച് ദിവസങ്ങൾ മാത്രമല്ല, ആഴ്ചകളോ മാസങ്ങളോ നീളുന്ന ദു:ഖവും അസഹ്യമായ തോന്നലും അനുഭവപ്പെടും.
2. ഉത്സാഹവും താൽപര്യവും കുറയുക: മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപര്യം കുറയുക.
3. ദൈനംദിന ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ട്: ജോലി ചെയ്യാനും, പഠിക്കാനും, പ്രതിദിന ചിട്ടകൾ പാലിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.
4. ശാരീരിക പ്രശ്നങ്ങൾ: ഉറക്കസമസ്യകൾ, ശാരീരിക ക്ഷീണം, തലവേദന, ആഹാരത്തിന് താൽപര്യം കുറയുക അല്ലെങ്കിൽ അധികരിക്കുക.
5. ആത്മഹത്യ ചിന്തകൾ: ജീവിക്കാൻ ആഗ്രഹമില്ലായ്മ അനുഭവപ്പെടുന്ന രീതിയിലേക്ക് ചിലർ എത്തിച്ചേരാം.

Representative Image. Photo Credit : Satoshi-K / iStockPhoto.com
Representative Image. Photo Credit : Satoshi-K / iStockPhoto.com

ഡിപ്രഷനിലേക്ക് പോകുന്നത് തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ
ഒരാളുടെ ജീവിതത്തിലെ പെരുമാറ്റങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അത് ഡിപ്രഷന്റെ സൂചനയായിരിക്കാം.
• മനോഭാവത്തിലെ മാറ്റങ്ങൾ, സഹജീവികളോട് വളരെ തണുത്ത സമീപനം കാണിക്കുക.
•   കുടുംബം, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് അകന്ന് ജീവിക്കാൻ ശ്രമിക്കുക.
• സ്ഥിരം ക്ഷീണം, ശീലങ്ങളിൽ മാറ്റം, ശരീരഭാഷയിൽ ദു:ഖവും നിരാശയും പ്രകടമായിരിക്കുക.
• ആത്മഹത്യാ ചിന്തകളുടെ സൂചനകൾ  "ഇനി ഞാൻ  ജീവിച്ചിട്ടു എന്തെങ്കിലും കാര്യമുണ്ടോ? എന്നെക്കൊണ്ടൊന്നിനും കഴിയില്ല, ഞാൻ ഒന്നിനും കൊള്ളാത്തവനാണ്, പോലുള്ളവ  നിരന്തരം പറയുക.

ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ഒരു സങ്കട ഭാവമാണ് വിഷാദം, മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന പലകാര്യങ്ങളിലും പൂർണ്ണമായും താല്പര്യമില്ലാതിരിക്കുക, കിടന്നാലും ഉറക്കമില്ലാത്ത അവസ്ഥ, വിശപ്പില്ലായ്മ അകാരണമായ ക്ഷീണം അനുഭവപ്പെടുക, വ്യക്തിശുചിത്വത്തിൽ മടിതോന്നുക,  ഏകാഗ്രത കുറവ് നന്നായി അനുഭവപ്പെടുക, സൈക്കോ മോട്ടോർ പ്രവർത്തികൾ വളരെ പതുക്കെയാവുക അല്ലെങ്കിൽ ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതക്കുറവ് അനുഭവപ്പെടുക, തീരെ ശുഭാപ്തിവിശ്വാസമില്ലാതാവുക, ഒറ്റപെട്ടുപോയി എന്ന ചിന്ത ഉണ്ടാകുക, അതേക്കുറിച്ചു സംസാരിക്കുക, തുടർന്ന് ആത്മഹത്യ പ്രവണത കാണിക്കുക അത്തരത്തിലുള്ള സ്വയം ഇല്ലാതാക്കാനുള്ള ചിന്തകളുണ്ടാവുക എന്നിവയാണത്.   

മേൽ പറഞ്ഞവയില്‍ പകുതിയിലധികം ലക്ഷണങ്ങൾ തുടർച്ചയായി രണ്ടാഴ്ചയോ അതിലധികമോ അനുഭവിക്കുകയാണെങ്കിൽ നിര്‍ബന്ധമായും വൈദ്യസഹായം തേടണം.
വിഷാദ ചിന്തകളുള്ള ഒരാൾക്ക്  ആത്മവിശ്വാസം നഷ്ടപ്പെടാം, അവരെ പിന്തുണയ്ക്കുകയും വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവരോട് സംസാരിക്കുകയും, വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നത് ആശ്വാസമാകും. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി, പകരം പ്രൊഫഷണൽ സഹായം തേടാൻ അവരെ പ്രോത്സാഹിപ്പിക്കണം. സ്നേഹവും പിന്തുണയും അവർ രോഗാവസ്ഥയിലേക്ക് പോകുന്നത് തടയാൻ സഹായകമാകും.

Representative image. Photo Credit: yacobchuk-istockphoto.com
Representative image. Photo Credit: yacobchuk-istockphoto.com

ഡിപ്രഷൻ ദൗർബല്യമല്ല, രോഗമാണ്.
ഏതൊരു രോഗത്തെയും പോലെ ഇതിനെയും ചികിത്സിച്ചു മാറ്റാൻ കഴിയും. സഹായം തേടുന്നത് ഒരിക്കലും ദൗർബല്യമായി കാണരുത്. അത് സ്വന്തം ആരോഗ്യത്തോടുള്ള ഉത്തരവാദിത്തത്തിന്റെയും ശക്തിയുടെയും അടയാളമാണ്. ഡിപ്രഷൻ ബാധിച്ചവരോട് സഹാനുഭൂതിയോടെ പെരുമാറണം. അവരെ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യരുത്. പകരം സഹായവും പ്രോത്സാഹനവും നൽകണം. വൈകാതെയുള്ള ഇടപെടലും ചികിത്സയും വഴി ഡിപ്രഷനെ നിയന്ത്രിക്കാനും മറ്റ് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. 

വിഷാദ ചിന്തകൾ  അലട്ടുന്നതായി അനുഭവപെട്ടാൽ 
നമ്മുടെ തലച്ചോറിൽ സെറാട്ടോണിന്റെ അളവ് കുറയുന്നത് വിഷാദ ചിന്തകളുണ്ടാക്കാം. സ്വാഭാവികമായ വിഷാദത്തിൽനിന്നു പുറത്തുകടക്കാനായി  സെറാട്ടോണിൻ കൂടുതൽ ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക നല്ലൊരു ഉപാധിയാണ്.
സെറാട്ടോണിൻ കുറയുന്നതിന് വിവിധ കാരണങ്ങളുണ്ട്. പ്രധാനമായും ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ കുറവ്, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, മദ്യപാനം, പുകവലി, ഉറക്കമില്ലായ്മ. എന്നാൽ ഇതിനെ നേരിടാൻ മുട്ട, പനീർ, സീഡ്‌സ്  തുടങ്ങിയ ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക, വ്യായാമം ചെയ്യുക, ധ്യാനം പരിശീലിക്കുക, സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ചെയ്യുക എന്നിവയിലൂടെ ഹാപ്പി ഹോർമോണുകളുടെ അളവ് വർധിപ്പിക്കാൻ സാധിക്കും, ഇത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും വിഷാദ ചിന്തകളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.

നമ്മുടെ മോശമായ വാക്കോ പ്രവർത്തിയോ മറ്റുള്ളവരിലുണ്ടാക്കുന്ന മാനസിക ആഘാതങ്ങൾ വളരെ വലുതായിരിക്കാം. ഒരാളെ വിഷാദം പോലുള്ള മാനസിക രോഗത്തിലേക്ക് തള്ളിവിടാൻ കാരണമായേക്കാം. അതുകൊണ്ടുതന്നെ മറ്റുള്ളവരെ മാനസിക സമ്മർദ്ദത്തിലാകുന്ന വാക്കുകളും പ്രവർത്തികളും പരമാവധി ഒഴിവാക്കുന്നത് അവരുടെയും നമ്മുടെയും സമാധാനത്തിനും മാനസികാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
ഗൗരവമായ വിഷാദ ചിന്തകളുണ്ടെങ്കിൽ അത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കണം. സ്വയം ചികില്സിക്കുകയോ ഒരിക്കലും തനിയെ മാറുമെന്ന് കരുതിയിരിക്കുകയോ ചെയ്യരുത്. ഇതിനായി നിർബന്ധമായും മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടണം. കൗൺസിലിംഗും മരുന്നുകളും ഒരുമിച്ചുള്ള ചികിത്സയാണ് പൊതുവേ നൽകുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും വളരെ പ്രധാനമാണ്. നല്ല ജീവിതശൈലി പിന്തുടരുന്നതും, ക്രമമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം എന്നിവ നില മെച്ചപ്പെടാൻ സഹായിക്കും. മദ്യം, പുകവലി തുടങ്ങിയവ പാടെ  ഒഴിവാക്കണം. മെഡിറ്റേഷൻ, യോഗ തുടങ്ങിയവയും ശീലിക്കാം.
(ലേഖകൻ ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ, പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ് )

English Summary:

Depression Symptoms, Causes & Treatment: A Complete Guide by Mental Health Expert.Depression: Understanding the Illness, Recognizing the Signs, and Finding Help.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com